| Wednesday, 3rd July 2024, 3:52 pm

ആ പുസ്തകം വായിച്ചില്ലെങ്കിൽ മോശമാണെന്ന് പറയുന്നത് ശരിയല്ല, ബഷീറൊന്നും വായനയിലൂടെയല്ല സാഹിത്യകാരനായത്: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ തിരക്കഥകളിലൂടെ ശക്തമായ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. രസികൻ എന്ന ചിത്രത്തിലൂടെ സിനിമ കരിയർ ആരംഭിച്ച മുരളി ഇന്ന് മലയാളത്തിലെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തുമാണ്. ലൂസിഫർ, കമ്മാര സംഭവം, ടിയാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം മുരളിയുടെ തിരക്കഥയിലാണ് പിറന്നത്.

കയ്യിൽ കിട്ടുന്ന എല്ലാ പുസ്തകവും താൻ വായിക്കാറുണ്ടെന്നും ബാലരമയാണെങ്കിലും മുഴുവൻ വായിക്കുമെന്നും മുരളി ഗോപി പറയുന്നു.


ഒരു എഴുതുക്കാരന്റെ പുസ്തകം വായിച്ചില്ലെങ്കിൽ മോശമാണെന്ന് കുട്ടികളോട് പറയുന്നത് ശരിയല്ലെന്നും വൈക്കം മുഹമ്മദ് ബഷീർ ജീവിതാനുഭവങ്ങളിൽ നിന്ന് എഴുത്തുക്കാരനായ ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് കയ്യിൽ കിട്ടുന്ന എല്ലാ പുസ്തകവും ഞാൻ വായിക്കാറുണ്ട്. ബാലരമ കയ്യിൽ കിട്ടിയാൽ ബാലരമയും വായിച്ച് മുഴുവനാക്കും ഞാൻ. അത് ഏതൊരു എഴുതുക്കാരനും ചെയ്യേണ്ട കാര്യമാണെന്നാണ് എന്റെ അഭിപ്രായം. അല്ലാതെ ഞാൻ ഈ വലിയ പുസ്തകങ്ങളെ വായിക്കുള്ളൂവെന്ന് ഒരിക്കലും പറയാൻ പറ്റില്ല.

എന്തിൽ നിന്നും ഏതിൽ നിന്നും നമുക്ക് ഇൻസ്‌പറേഷൻ വരാം. ചെറുതെന്നോ വലുതെന്നോ ഒരു സംഭവമേയില്ല. പിന്നെ വായിക്കുന്നത് കൊണ്ട് മാത്രമാണ് വലിയ എഴുതുക്കാരുണ്ടാവുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഫിക്ഷന്റെ റെപ്രസെന്റേഷൻ മാത്രം വായിക്കുന്ന ആളാണ്.

എനിക്ക് ഫിക്ഷനെക്കാൾ നോൺ ഫിക്ഷൻ വായിക്കാനാണ് ഇഷ്ടം. ഈ ശില്പ ശാലകളിലൊക്കെ ചെന്നിട്ട് കുട്ടികളോട് ഇന്ന എഴുതുക്കാരന്റെ പുസ്തകം വായിക്കണം, അവരുടേത് വായിച്ചില്ലെങ്കിൽ നിങ്ങൾക്ക് എഴുത്തുക്കാരനാവൻ ആവില്ല എന്നൊക്കെ പറയുന്നത് വലിയ തെറ്റാണ് എന്നാണ് എന്റെ അഭിപ്രായം.

കാരണം വൈക്കം മുഹമ്മദ്‌ ബഷീർ വായിച്ചത് കൊണ്ടാണോ അദ്ദേഹം ഒരു എഴുത്തുക്കാരനായത്. അദ്ദേഹം വായനക്കുപരിയായി ജീവിതം അറിഞ്ഞ, ജീവിതം വായിച്ച, ആത്മാവിനെ വായിച്ച ഒരു എഴുത്തുക്കാരനാണ്,’മുരളി ഗോപി പറയുന്നു.

Content Highlight: Murali Gopi Talk About Vaikom Muhammed Basheer

We use cookies to give you the best possible experience. Learn more