തന്റെ തിരക്കഥകളിലൂടെ ശക്തമായ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. ലൂസിഫർ, കമ്മാര സംഭവം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ രചിച്ച മുരളി ഗോപി ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം ലാൽജോസ് സംവിധാനം ചെയ്ത രസികൻ ആയിരുന്നു.
പൊളിറ്റിക്കൽ കറക്ട്നെസിനെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. ചിലർ പൊളിറ്റിക്കൽ കറക്ട്നെസിനെ മറ്റൊരു രീതിയിലാണ് ഉപയോഗിക്കുന്നതെന്നും പലരും ഏകാധിപതികളെ പോലെയാണ് സംസാരിക്കുന്നതെന്നും മുരളി പറയുന്നു.
ഒരാളുടെ ഉള്ളിലെ കാര്യങ്ങളെ തടഞ്ഞു നിർത്താൻ കഴിയില്ലെന്നും അത് ഇല്ലാതാക്കുന്നത് ഒരാളുടെ ഒർജിനാലിറ്റിയാണെന്നും മുരളി ഗോപി പറയുന്നു. ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം കനക രാജ്യത്തിന്റെ ഭാഗമായി മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു താരം. ഇന്ദ്രൻസ് എന്ന നടന്റെ കഥാപാത്ര തെരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്നത് ഭയപ്പെടുത്തുന്ന രീതിയിലാണ് ചിലർ ഇപ്പോൾ ഉപയോഗിക്കുന്നത്. അത് വളരെ മോശമായിട്ടുള്ള ഒരു കാര്യമാണ്. ഇതൊന്നും എക്കാലത്തേക്കുമുള്ളതല്ല, ഈ കാലം മാറും. കാരണം പൊളിറ്റിക്കൽ കറക്ട്നെസ്സിന്റെ വക്താക്കൾ സംസാരിക്കുന്നത് കണ്ടാൽ ഏകാധിപതികൾ സംസാരിക്കുന്നത് പോലെയാണ്.
അത് പറയാൻ പറ്റില്ല ഇത് പറയാൻ പറ്റില്ല എന്നുപറഞ്ഞു മനുഷ്യനെ തടയാനാവില്ല. മനുഷ്യന്റെ നേച്ചറിലുള്ള കാര്യങ്ങൾ വലിയൊരു പാറക്കെട്ട് വെച്ച് തടഞ്ഞു നിർത്തിയാൽ അതൊരു വെള്ളപൊക്കമായി വരും. കാരണം ആളുകളുടെ ഒർജിനാലിറ്റിയെയാണ് അത് ഇല്ലാതാക്കുന്നത്.
ഇപ്പോൾ ഇന്ദ്രൻസ് ചേട്ടന്റെ ശരീരത്തിന് ഇന്ന കഥാപാത്രമേ പറ്റുവെന്ന് പറയുന്നിടത്താണ് ഈ ബോഡി ഷെയ്മിങ് ശരിക്കും വരുന്നത്. ഒരാളുടെ ശരീരമല്ല ഒരാളുടെ സ്വഭാവം തീരുമാനിക്കുന്നത്. കുടക്കമ്പി പോലെയുള്ള വേഷങ്ങൾ മാത്രമേ ചെയ്യാൻ പറ്റുള്ളുവെന്ന വിചാരമാണ് യഥാർത്ഥത്തിൽ ബോഡി ഷെയ്മിങ്.
അതാണ് അപകടകരമായ കാര്യം. അതിനെ ബ്രേക്ക് ചെയ്‌ത് അദ്ദേഹത്തിന് അതിനപ്പുറത്തുള്ള വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് കാലം തെളിയിച്ചു. അങ്ങനെ ആളുകൾ ചിന്തിക്കാൻ തുടങ്ങിയപ്പോൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രകടനങ്ങൾ അദ്ദേഹത്തിൽ നിന്ന് വരാൻ തുടങ്ങി,’ മുരളി ഗോപി പറയുന്നു .
Content highlight: Murali Gopi Talk About Political Correctness In Cinema