ആദ്യ ചിത്രത്തിൽ തന്നെ അങ്ങനെയൊരു കഥാപാത്രം ചെയ്യുകയെന്നത് വെല്ലുവിളിയായിരുന്നു: മുരളി ഗോപി
Entertainment
ആദ്യ ചിത്രത്തിൽ തന്നെ അങ്ങനെയൊരു കഥാപാത്രം ചെയ്യുകയെന്നത് വെല്ലുവിളിയായിരുന്നു: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 11th July 2024, 9:18 am

തന്റെ തിരക്കഥകളിലൂടെ ശക്തമായ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. ലൂസിഫർ, കമ്മാര സംഭവം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ രചിച്ച മുരളി ഗോപി ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം ലാൽജോസ് സംവിധാനം ചെയ്ത രസികൻ ആയിരുന്നു.

ചിത്രത്തിൽ കാള ഭാസ്കരൻ എന്ന ഒരു നെഗറ്റീവ് കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു. മുരളി ഗോപി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് രസികൻ.

ലാൽജോസാണ് ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തന്നോട് പറയുന്നതെന്നും കാള ഭാസ്കരൻ ഒരു അഗ്ലി കഥാപാത്രമായിരുന്നുവെന്നും മുരളി ഗോപി പറയുന്നു. ആദ്യ സിനിമ ചെയ്യുന്ന ഒരാൾ തെരഞ്ഞെടുക്കാൻ മടിക്കുന്ന കഥാപാത്രമായിരുന്നു അതെന്നും മുരളി പറഞ്ഞു.

‘ഞാനന്ന് ആ സിനിമയിൽ അഭിനയിക്കണമെന്ന് വിചാരിച്ചിട്ടേയില്ല. സാധാരണ ഒരു ആദ്യ സിനിമ ചെയ്യുമ്പോൾ ഏതൊരാളും ഒരുപാട് സ്വഭാവഗുണമുള്ള നല്ല കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനാവും എല്ലാവരും ശ്രമിക്കുക.

 

ഈ കഥാപാത്രം വന്നപ്പോൾ ലാൽജോസ് എന്നോട് ചോദിച്ചു, ഈ റോൾ ചെയ്യാമോയെന്ന്. സത്യത്തിൽ എനിക്ക് വലിയ ഇൻട്രെസ്റ്റിങ് ആയിട്ടാണ് തോന്നിയത്. അഗ്ലി ആയിട്ടുള്ള ഒരു കഥാപാത്രമാണ് കാള ഭാസ്കരൻ എന്ന് പറയുന്നത്. ആദ്യചിത്രമായി അത് തെരഞ്ഞെടുക്കുകയെന്നത് ഒരു വെല്ലുവിളിയായിട്ടാണ് എനിക്ക് തോന്നിയത്,’മുരളി ഗോപി പറയുന്നു.

രസികനിലെ ഏറെ ഹിറ്റായ മമ്മൂട്ടി – മോഹൻലാൽ ഫാൻ ഫൈറ്റ് ഗാനത്തെ കുറിച്ചും മുരളി ഗോപി പറഞ്ഞു.

‘നമ്മുടെ ഒരു സാമൂഹ്യ പ്രതിഭാസമാണല്ലോ മമ്മൂട്ടി – മോഹൻലാൽ ഫാൻ ഫൈറ്റ്. എല്ലാകാലത്തും അതുണ്ട്. ഒരു സമയത്ത് സത്യൻ മാസ്റ്റർ – നസീർ സാർ, പിന്നെ നസീർ സാർ – ജയൻ. അങ്ങനെ ഈയൊരു തർക്കം ചരിത്രത്തിന്റെ ഭാഗമാണല്ലോ,’മുരളി ഗോപി പറയുന്നു.

 

Content Highlight: Murali Gopi Talk About Kala baskaran In  Rasikan Movie