Entertainment
എനിക്കതിന് കഴിയില്ലെന്ന് ചിലർ പറയുമ്പോൾ സത്യം പറഞ്ഞാൽ ചിരിയാണ് വരുന്നത്: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 10, 03:18 pm
Wednesday, 10th July 2024, 8:48 pm

അഭിനേതാവ്, തിരക്കഥാകൃത്ത്, എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച താരമാണ് മുരളി ഗോപി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, കമ്മാര സംഭവം, ലൂസിഫര്‍ തുടങ്ങി വ്യത്യസ്തമായ തിരക്കഥകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചയാളാണ് മുരളി ഗോപി.

ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് മുരളിയുടെ പുതിയ തിരക്കഥ.

താനൊരു മെയിൻ സ്ട്രീം എഴുത്തുക്കാരൻ ആണെന്നും ലൂസിഫർ എന്ന ചിത്രത്തിന് മറ്റൊരു ലെയർ കൂടിയുണ്ടെന്നും മുരളി ഗോപി പറയുന്നു. എന്നാൽ ഒരു എന്റർടൈൻമെന്റ് ഫോർമാറ്റിൽ എഴുതിയ ചിത്രമാണ് ലൂസിഫറെന്നും താൻ കോമേഴ്‌ഷ്യൽ സിനിമകൾ എഴുതാൻ ഇഷ്ടപ്പെടുന്ന ആളാണെന്നും മുരളി ഗോപി പറയുന്നു. ഫിലിമി ബീറ്റിനോട് സംസാരിക്കുകയായിരുന്നു മുരളി ഗോപി.

‘നമ്മൾ എഴുതിയ ഒരു സ്ക്രിപ്റ്റിലെ കഥാപാത്രമാണ് സ്റ്റീഫൻ നെടുമ്പള്ളി. അതിന് ഏറ്റവും കറക്റ്റ് ആയിട്ടുള്ള ആള് ലാലേട്ടൻ ആയിരുന്നു. അതാണ് ആ സിനിമയുടെ പ്രാധാന്യം. അതിനപ്പുറത്തേക്ക് ആ കഥാപാത്രത്തെ ചുറ്റിപറ്റി സിനിമ ചെയ്യുകയല്ല ചെയ്തത്.

സിനിമക്കകത്ത് ആ കഥാപാത്രമാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന് ഏറ്റവും പറ്റിയ വ്യക്തി ലാലേട്ടൻ ആയത് കൊണ്ട് അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹം അത് ചെയ്തു.

ഞാനൊരു മെയിൻ സ്ട്രീം റൈറ്ററാണ് സത്യത്തിൽ. ഞാനതിനെ പരീക്ഷിച്ചിട്ടുണ്ട്. ലൂസിഫറിന് സത്യത്തിൽ മറ്റൊരു ലെയർ കൂടിയുണ്ട്. അതിന്റെ കഥയിൽ അതുണ്ട്. പക്ഷെ ഒരു പക്കാ കോമേഴ്‌ഷ്യൽ എന്റർടൈൻമെന്റിന്റെ ഫോർമാറ്റിൽ എഴുതിയ ഒരു ചിത്രമാണത്.

അത് എനിക്ക് എഴുതാൻ പറ്റില്ല എന്ന് പറയുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് നല്ല ചിരിയാണ് വരാറുള്ളത്. കാരണം ഞാൻ അതിന്റെ വലിയൊരു ഫാനാണ്. എനിക്ക് എഴുതാൻ ഒരുപാട് ഇഷ്ടമുള്ള ഏരിയയാണ് കോമേഴ്‌ഷ്യൽ സിനിമകൾ. അതിൽ പരീക്ഷണങ്ങളുടെ സാധ്യത ഏറ്റവും കുറച്ചിട്ടുള്ള ചിത്രമാണ് ലൂസിഫർ,’മുരളി ഗോപി പറയുന്നു.

 

 

Content Highlight: Murali Gopi Talk About his Scripts