തന്റെ തിരക്കഥകളിലൂടെ ശക്തമായ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. ലൂസിഫർ, കമ്മാര സംഭവം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ രചിച്ച മുരളി ഗോപി ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രം ലാൽജോസ് സംവിധാനം ചെയ്ത രസികൻ ആയിരുന്നു.
ചിത്രത്തിൽ കാള ഭാസ്കരൻ എന്ന ഒരു നെഗറ്റീവ് കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ തന്റെ ഇൻട്രോ സീനിനെ കുറിച്ച് പറയുകയാണ് മുരളി ഗോപി. കതിനകൾക്കിടയിലൂടെ മുരളി ഗോപി നടന്ന് വരുന്ന ഷോട്ടായിരുന്നു ചിത്രത്തിൽ താരത്തിന്റെ ഇൻട്രോ.
എന്നാൽ ഇന്നാണെങ്കിൽ താൻ ആ സീൻ അഭിനയിക്കില്ലെന്നും അത്രയും അപകടം പിടിച്ച ഷോട്ടാണ് അതെന്നും മുരളി ഗോപി പറയുന്നു. ഇന്നാണെങ്കിൽ മറ്റൊരാളോട് ആ ഷോട്ട് ചെയ്യാൻ താൻ പറയില്ലെന്നും മുരളി റെഡ് എഫ്. എമ്മിനോട് പറഞ്ഞു.
‘ആ ഷോട്ട് ഇപ്പോഴാണെങ്കിൽ ഞാൻ ചെയ്യില്ല. എന്നോട് അത് ചെയ്യണമെന്ന് പറഞ്ഞാൽ ഇപ്പോൾ ഞാനത് ചെയ്യില്ല. കാരണം അത് അത്രയും അപകടം പിടിച്ച ഷോട്ട് ആയിരുന്നു.
കതിനയുടെ ഒരു വരി വെച്ചിട്ട് അതിന്റെ ഇടയിലൂടെ നടന്ന് വരുകയാണ്. അന്നത്തെ ഒരു ഇതിൽ ചെയ്തതാണ് ഞാൻ. അതിനൊരു ത്രില്ലുണ്ട്. അങ്ങനെയുള്ള അഡ്രിനാലിൻ റഷ് ഇഷ്ടപ്പെടുന്ന ഒരു സമയമാണല്ലോ അത്.
ആ കഥാപാത്രം എഴുതിയ ആളും ഞാൻ ആണ്. കതിന ചെരിഞ്ഞു പൊട്ടുകയൊക്കെ ചെയ്ത സമയമാണ്. അത് അത്രയും അപകടം പിടിച്ച കാര്യമാണ്. അത് ഇനി ഞാൻ ചെയ്യുമോയെന്ന് ചോദിച്ചാൽ, ഞാൻ ചെയ്യില്ല ഇനി ആരെയെങ്കിലും കൊണ്ട് ചെയ്യിപ്പിക്കുമോയെന്ന് ചോദിച്ചാൽ അതും ഞാൻ ചെയ്യില്ല,’മുരളി ഗോപി പറയുന്നു.
Content Highlight: Murali Gopi Talk About His Intro In Rasikan Movie