| Monday, 1st July 2024, 12:47 pm

എന്റെ ആ കഥാപാത്രങ്ങൾ അച്ഛൻ ചെയ്താൽ നന്നാവുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച നടനായിരുന്നു ഭരത് ഗോപി. നാടകത്തിൽ നിന്ന് കരിയർ തുടങ്ങിയ ഗോപി പിന്നീട് മലയാളത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി മാറി.

അച്ഛനെ കുറിച്ച് സംസാരിക്കുകയാണ് നടൻ മുരളി ഗോപി. തിരക്കഥകൾ എഴുതുമ്പോൾ ചില കഥാപാത്രങ്ങൾ അച്ഛൻ ചെയ്താൽ നന്നാവുമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം മലയാളത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ടിട്ടുള്ള നടനാണെന്നും മുരളിഗോപി പറയുന്നു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഥകൾ എഴുതുമ്പോൾ ചില കഥാപാത്രങ്ങൾ വരുമ്പോൾ അത് അച്ഛൻ ചെയ്തിരുന്നുവെങ്കിൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അച്ഛന്റെ അഭിനയം ഒരുപാട് പേർക്ക് പ്രചോദനമായത് പോലെ ഒരു നടൻ എന്ന നിലയിൽ എനിക്കും ഇൻസ്പയർ ആയിട്ടുണ്ട്.

എഴുതുമ്പോൾ പോലും അഭിനയത്തിൽ അച്ഛൻ തന്നിട്ടുള്ള ചില മൊമെന്റ്സ് ഒരു എനർജി വേവായിട്ട് നമ്മളെ ഇൻസ്പയർ ചെയ്യും. എന്നെ ഏറ്റവും ഇൻസ്‌പയർ ചെയ്തിട്ടുള്ളവരിൽ അഗ്രകണ്യനാണ് അച്ഛൻ.

അച്ഛൻ അർഹിച്ച പരിഗണന കിട്ടിയിട്ടില്ലെന്ന് എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹത്തെ ഒരു നടൻ എന്ന നിലയിൽ മലയാളികൾ നന്നായി ആഘോഷിച്ചിട്ടുണ്ട്.

ഏറ്റവും ആഘോഷിക്കപ്പെട്ടിട്ടുള്ള മലയാളത്തിലെ ഒരു നടനാണ് അദ്ദേഹം. 86ൽ അച്ഛന് അസുഖം വരുന്നതിന് മുമ്പ്, അച്ഛൻ വലിയൊരു ഗ്യാപ്പിലോട്ട് പോവുന്നതിന് മുമ്പ് അച്ഛൻ ഇവിടുത്തെ ടോപ് ആയിരുന്നില്ലേ.

അച്ഛന്റെ പീക്കിലാണ് പരോറ്റിക്ക് സ്ട്രോക്ക് വരുന്നത്. അതിന് ശേഷം അച്ഛന്റെ ഒരു വശം തളർന്നു പോയി. വോയിസ്‌ മോഡുലേഷൻ മാറി അങ്ങനെ എല്ലാം വീക്കായി. അത് കഴിഞ്ഞിട്ടുള്ള കഥാപാത്രങ്ങളിൽ രസതന്ത്രം ഒക്കെ ചെയ്യുമ്പോൾ അച്ഛന്റെ ഒരു 20 ശതമാനമാണ് സ്‌ക്രീനിൽ കാണുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ആ ടാലെന്റ് കാരണം അത് എന്നിട്ടും വർക്ക്‌ ആവുന്നതാണ്,’മുരളി ഗോപി പറയുന്നു.

Content Highlight: Murali Gopi Talk About Bharath Gopi

We use cookies to give you the best possible experience. Learn more