രസികന്‍ എന്ന ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച് ഇന്ന് മലയാളത്തിലെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തുമായി മാറിയ ആളാണ് മുരളി ഗോപി. തന്റെ തിരക്കഥകളിലൂടെ ശക്തമായ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. ലൂസിഫര്‍, കമ്മാര സംഭവം, ടിയാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം മുരളിയുടെ തിരക്കഥയിലാണ് പിറന്നത്.
ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് അദ്ദേഹം. തന്റെ സിനിമകളില്‍ താന്‍ എഴുതിയ വരികള്‍ മമ്മൂട്ടി പറയണമെന്ന ആഗ്രഹമുണ്ടെന്ന് പറയുന്ന മുരളി ഗോപി മമ്മൂട്ടി ഇന്നത്തെ അഭിനയ ലോകത്തെ കുലപതിയാണെന്നും പറയുന്നു. സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അദ്ദേഹം ഈ കാലത്തെ അഭിനയ ലോകത്തിലെ ഒരു കുലപതിയാണ്. നടനെന്ന നിലയില്‍ എനിക്ക് ഏറ്റവും പ്രചോദനം നല്‍കിയിട്ടുള്ള വ്യക്തിയാണ് മമ്മൂട്ടി സാര്‍. എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം, ഭാഷയെ ഇഷ്ടപെടുന്ന ഏതൊരാള്‍ക്കും മമ്മൂട്ടിയെന്ന നടന്‍ ഒരു പ്രചോദനമാണ് എന്നാണ്.
എന്റെ ആഗ്രഹങ്ങളില്‍ ഒന്നാണ് മമ്മൂട്ടി സാറിന് വേണ്ടി ഒരു തിരക്കഥ എഴുതണമെന്നത്. നമ്മുടെ ഭാഷക്ക് ഒരു കരുത്തും ഭംഗിയുമുണ്ട്. ഒരു ആര്‍ട്ടിസ്റ്റ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ലഭിച്ചിട്ടുള്ള വരികള്‍ അവതരിപ്പിക്കുമ്പോള്‍ ആ ഭംഗി അറിയാതെ പുറത്ത് വരും. ആ തിരക്കഥ എഴുതിയ ആള്‍ക്ക് ഏറെ ഇഷ്ടമാകുന്ന നിമിഷമാകും അത്. എന്റെ സിനിമക്കായി ഞാന്‍ എഴുതിയ എന്റെ വരികള്‍ മമ്മൂട്ടി സാര്‍ പറയണമെന്ന ആഗ്രഹമുണ്ട്.
അദ്ദേഹം ഓരോ വരികളും ഡെലിവര്‍ ചെയ്യുന്ന പ്രത്യേക രീതിയുണ്ട്. സ്‌ക്രീനില്‍ പല സ്റ്റൈലിലുള്ള അഭിനയം കൊണ്ടുവരാന്‍ കഴിയുന്ന നടനാണ് മമ്മൂട്ടി സാര്‍. അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത് ആക്ടിങ്ങ് മെത്തേഡ് തെരഞ്ഞെടുക്കാനുള്ള കഴിവാണ്. ശൈലിയിലും ബിഹേവിയറല്‍ ആക്ടിങ്ങിലും അതിന്റെ കോണ്ടന്റ് അനുസരിച്ച് അദ്ദേഹം ആക്ടിങ്ങ് മെത്തേഡ് തെരഞ്ഞെടുക്കാറാണ്,’ മുരളി ഗോപി പറഞ്ഞു.
Content Highlight: Murali Gopi Says Mammootty Is The Patriarch Of The Acting World