Entertainment
സിനിമ സെന്‍സര്‍ ചെയ്യരുതെന്ന് വിശ്വസിക്കുന്നു; അങ്ങനെ ചെയ്യുമ്പോള്‍ ജനാധിപത്യം ഉണ്ടെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 28, 05:11 am
Friday, 28th February 2025, 10:41 am

രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ ഇപ്പോഴത്തെ ഇന്ത്യയില്‍ നിര്‍മിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്ന് മുരളി ഗോപി പറയുന്നു. ഒരാള്‍ മര്യാദയില്ലാത്ത കാര്യം പറഞ്ഞാല്‍ പോലും അതിന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെല്ലാം ഏകാധിപത്യപരമായ നടപടിയായിട്ടാണ് തോന്നിയിട്ടുള്ളതെന്ന് മുരളി ഗോപി പറഞ്ഞു.

ഇപ്പോഴത്തെ ഇന്ത്യയില്‍ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ എടുക്കുന്നത് വളരെ പ്രയാസമുള്ളൊരു കാര്യമാണ് –  മുരളി ഗോപി

ഒരാളുടെ അഭിപ്രായത്തിലോ ചേഷ്ടകളിലോ ഇഷ്ടക്കേടുകളും എതിരഭിപ്രായങ്ങളും ഉണ്ടാകാമെന്നും ആ എതിരഭിപ്രായങ്ങള്‍ വളരെ ശക്തമായ രീതിയില്‍ തന്നെ പ്രകടിപ്പിക്കാമെങ്കിലും അത് അയാളുടെ കരിയറിനെ നശിപ്പിക്കുന്നതോ ഒരു വ്യക്തി എന്ന നിലയില്‍ അയാളുടെ എല്ലാ വാതിലുകളും അടക്കുന്ന രീതിയിലോ അല്ല പ്രകടിപ്പിക്കേണ്ടതെന്നും പറഞ്ഞ അദ്ദേഹം ജനാധിപത്യ രാജ്യത്ത് അങ്ങനെ ചെയ്യരുതെന്നും കൂട്ടിച്ചേര്‍ത്തു.

താന്‍ അടിസ്ഥാനമായി സിനിമയിലെ സെന്‍സര്‍ഷിപ്പിന് വരെ എതിരായിട്ടുള്ള ആളാണെന്നും സിനിമകള്‍ സെന്‍സര്‍ ചെയ്യപ്പെടുമ്പോള്‍ ഡെമോക്രസി ഉണ്ടെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും മുരളി ഗോപി വ്യക്തമാക്കി. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുരളി ഗോപി.

‘ഇപ്പോഴത്തെ ഇന്ത്യയില്‍ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ എടുക്കുന്നത് വളരെ പ്രയാസമുള്ളൊരു കാര്യമാണ്. ഒരാള്‍ ഒരു കാര്യം പറഞ്ഞു, അത് വളരെ മോശമായതും മര്യാദ ഇല്ലാത്തതുമാണെങ്കില്‍ പോലും അതിന്റെ പേരില്‍ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെല്ലാം ഏകാധിപത്യപരമായ നടപടിയായിട്ടാണ് തോന്നിയിട്ടുള്ളത്.

ജനാധിപത്യത്തില്‍ അതിന് സ്ഥാനമില്ല എന്നുള്ളതാണ്. നമുക്ക് ഒരാളുടെ അഭിപ്രായത്തിലോ ചേഷ്ടകളിലോ ഇഷ്ടക്കേടുകളും എതിരഭിപ്രായങ്ങളും ഉണ്ടാകാം. ആ എതിരഭിപ്രായങ്ങള്‍ വളരെ ശക്തമായ രീതിയില്‍ തന്നെ പ്രകടിപ്പിക്കാം.

എന്നാല്‍ അത് അയാളുടെ കരിയറിനെ നശിപ്പിക്കുന്നതോ ഒരു വ്യക്തി എന്ന നിലയില്‍ അയാളുടെ എല്ലാ വാതിലുകളും അടക്കുന്ന രീതിയില്‍ അല്ല അത് പ്രകടപ്പിക്കേണ്ടത്. പ്രത്യേകിച്ചും ഒരു ജനാധിപത്യ രാജ്യത്ത് അത് ചെയ്യാനേ പാടില്ല.

ഞാന്‍ ബേസിക്കലി സെന്‍സര്‍ഷിപ്പിന് വരെ എതിരായിട്ടുള്ള ആളാണ്.

സെര്‍ട്ടിഫിക്കേഷന്‍ ഒരു സിനിമക്ക് കൊടുക്കുമ്പോള്‍ അതിലെ ഭാഗങ്ങള്‍ ഒന്നും സെന്‍സര്‍ ചെയ്യരുതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ഡെമോക്രസി ഉണ്ടെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല,’ മുരളി ഗോപി പറയുന്നു.

Content highlight: Murali Gopi says he is against censorship of films