സിനിമ ഇറങ്ങുന്നതിന് മുമ്പ് അതിനെപ്പറ്റി സംസാരിക്കുന്നത് തന്നെ മണ്ടത്തരമാണ്: മുരളി ഗോപി
Entertainment
സിനിമ ഇറങ്ങുന്നതിന് മുമ്പ് അതിനെപ്പറ്റി സംസാരിക്കുന്നത് തന്നെ മണ്ടത്തരമാണ്: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 4th July 2024, 10:45 pm

അഭിനേതാവ്, തിരക്കഥാകൃത്ത്, എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ച താരമാണ് മുരളി ഗോപി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, കമ്മാര സംഭവം, ലൂസിഫര്‍ തുടങ്ങി വ്യത്യസ്തമായ തിരക്കഥകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചയാളാണ് മുരളി ഗോപി. ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനാണ് മുരളിയുടെ പുതിയ തിരക്കഥ. സിനിമകള്‍ ഇറങ്ങുന്നതിന് മുമ്പ് അതിനെപ്പറ്റി സംസാരിക്കുന്നത് മണ്ടത്തരമാണെന്ന് പറയുകയാണ് മുരളി ഗോപി. ഇതുവരെ കാണാത്ത ത്രില്ലര്‍ സിനിമയാണ് എന്നൊക്കെ അണിയറപ്രവര്‍ത്തകര്‍ പറയുമ്പോള്‍ പ്രേക്ഷകന് വലിയൊരു ടാസ്‌ക് കൊടുക്കുകയാണ് ചെയ്യുന്നതെന്നും മുരളി ഗോപി പറഞ്ഞു.

സിനിമയെപ്പറ്റി ഒന്നും അധികം മനസിലാക്കാതെ ഒരു ക്ലീന്‍ സ്ലേറ്റ് പോലെയാക്കി പ്രേക്ഷകന്‍ സിനിമ കാണാന്‍ വരുമ്പോഴാണ് അവര്‍ക്ക് സാറ്റിസ്ഫാക്ഷന്‍ കിട്ടുകയെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ കനക രാജ്യത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘സിനിമകള്‍ ഇറങ്ങുന്നതിന് മുമ്പ് അതിനെക്കുറിച്ച് സംസാരിക്കുന്നത് മണ്ടത്തരമാണെന്നാണ് എന്റെ അഭിപ്രായം. ഇതുവരെ കാണാത്ത ത്രില്ലര്‍ സിനിമ എന്നൊക്കെ പറയുന്ന സമയത്ത് പ്രേക്ഷകന് അതൊരു ടാസ്‌കാണ്. അയാള്‍ അതുവരെ കണ്ടിട്ടുള്ള സിനിമകളെപ്പോലെ ഇത് വന്നിട്ടുണ്ടോ എന്നൊക്കെ നോക്കേണ്ടി വരും. ഒരു ക്ലീന്‍ സ്ലേറ്റ് പോലുള്ള മനസുമായി വന്നാണ് സിനിമ കാണേണ്ടത്,’ മുരളി ഗോപി പറഞ്ഞു.

Content Highlight: Murali Gopi saying that praising a film before its release is foolishness