| Saturday, 6th April 2024, 2:27 pm

സിനിമക്ക് സമൂഹത്തെ സ്വാധീനിക്കാന്‍ 'പറ്റുമായിരുന്നു': ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയില്‍ അതിനും സാധ്യതയില്ല: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകളിലൂടെ ശക്തമായ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. ടിയാന്‍, ലൂസിഫര്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളിലൊക്കെ അതിന് ഉദാഹരണങ്ങളാണ്. രാജ്യം പൊതു തെരഞ്ഞടുപ്പിനെ നേരിടാന്‍ പോകുന്ന സമയത്ത് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയില്‍ ജനാധിപത്യത്തില്‍ മാറ്റമുണ്ടാക്കന്‍ വേണ്ടി സമൂഹത്തെ സ്വാധീനിക്കാന്‍ സിനിമക്ക് കഴിയില്ലെന്ന് താരം പറഞ്ഞു.

ഗവണ്മെന്റിന്റെ അംഗീകാരം കിട്ടിയ ഒരു സിനിമയെ ഭരിക്കുന്ന പാര്‍ട്ടിയുമായി ബന്ധമുള്ള സംഘടനകള്‍ ആക്രമിക്കുകയും ആ സിനിമയുമായി ബന്ധമുള്ളവരെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണതയാണ് ഇപ്പോള്‍ കാണുന്നതെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘സിനിമക്ക് സമൂഹത്തെ സ്വാധീനിക്കാന്‍ പറ്റുമായിരുന്നു. ഗവണ്‍മെന്റുകള്‍ സിനിമയെ വിട്ടിരുന്നെങ്കില്‍ അങ്ങനെ നടന്നേനെ. പണ്ടും അത് നടന്നിട്ടില്ല, ഇപ്പോഴും അത് നടന്നിട്ടില്ല. ഒരുപാട് രീതിയില്‍ സിനിമയെ കര്‍വ് ചെയ്യുന്നുണ്ട്. നേരത്തെ തുടങ്ങിയതാണിത്. ഇപ്പോള്‍ അതിന് ഒരു ഫാള്‍ ഔട്ട് കൂടിയുണ്ട്.

സെന്‍സര്‍ ബോര്‍ഡ് ഒരു സിനിമക്ക് അംഗീകാരം നല്‍കി പുറത്തിറങ്ങിയാലും സ്പ്ലിന്റര്‍ ഗ്രൂപ്പുകളെ ഉപയോഗിച്ച് അതിനെ ആക്രമിക്കാറുണ്ട്. അത്തരം ഗ്രൂപ്പുകളെ ഉപയോഗിച്ച് സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറുക, ടാര്‍ ഒഴിക്കുക, അതിലെ പ്രധാന നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക അങ്ങനെ ഏതെല്ലാം വിധത്തില്‍ കണ്ട്രോള്‍ ചെയ്യാന്‍ പറ്റുമോ അത്രയും കണ്ട്രോള്‍ ചെയ്യാന്‍ നോക്കുന്നുണ്ട്.

ഗവണ്മെന്റ് മേല്‍നോട്ടം നല്‍കുന്ന ഒരു ഫില്‍ട്ടറിലൂടെയാണ് ഇപ്പോള്‍ സിനിമകള്‍ പുറത്തിറങ്ങുന്നത്. ആ ഫില്‍ട്ടറിനെ ഫണ്ട് ചെയ്യുന്നത് ഭരിക്കുന്ന പാര്‍ട്ടിയും. അങ്ങനെയുള്ളപ്പോള്‍ ആ സിനിമക്ക് എന്ത് പറയാന്‍ പറ്റും? പൊളിറ്റിക്കലായി സംസാരിക്കുന്ന സിനിമകളെ പണ്ടും കണ്ട്രോള്‍ ചെയ്തിട്ടുണ്ട്. ദരം ഹവാ, കിസാ കുര്‍സീ കാ എന്നീ സിനിമകള്‍ അതിനുദാഹരണമാണ്.

പ്രൊപ്പഗണ്ടാ സിനിമകളെ ഗവണ്മെന്റ് കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് പണ്ടും ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ടാകാറുണ്ട്. അനുകൂലമായി സംസാരിക്കുന്ന സിനിമകളെ സഹായിക്കുക, ടാക്‌സ് കുറച്ചുകൊടുക്കുകയൊക്കെ ചെയ്യാറുണ്ട്. അതേസമയം ക്രിട്ടിക്കലായിട്ടുള്ള സിനിമകളെ ഉപദ്രവിക്കാവുന്നതിന്റെ മാക്‌സിമം ഉപദ്രവിക്കാനും നോക്കാറുണ്ട്,’ മുരളി ഗോപി പറഞ്ഞു.

Content Highlight: Murali Gopi saying that cinema can not bring change in society in current political scenario of India

We use cookies to give you the best possible experience. Learn more