സ്ത്രീ സിനിമയുടെ കാമ്പാണെന്ന് കാണിക്കാന്‍ ശ്രമിച്ചു: മുരളി ഗോപി സംസാരിക്കുന്നു
Dool Talk
സ്ത്രീ സിനിമയുടെ കാമ്പാണെന്ന് കാണിക്കാന്‍ ശ്രമിച്ചു: മുരളി ഗോപി സംസാരിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th February 2012, 11:57 pm

മുരളി ഗോപി/ ജിന്‍സി ബാലകൃഷ്ണന്‍

മോളിവുഡില്‍ അഭിനയത്തിന്റെ അവസാന വാക്കാണ് ഭരത് ഗോപി. ഇന്നും ഭരത് ഗോപിയുടെ നഷ്ടം നികത്താന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല. രസികന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി ഗോപിയുടെ മകന്‍ സിനിമയിലെത്തിയപ്പോള്‍ പലര്‍ക്കും അത് വലിയ പ്രതീക്ഷകളാണ് സമ്മാനിച്ചത്. എന്നാല്‍ രസികനില്‍ പ്രതീക്ഷക്കൊത്തുയരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

എട്ട് വര്‍ഷത്തിനുശേഷം മുരളി ഗോപി വീണ്ടും തിരക്കഥാ രംഗത്തേക്ക് കടന്നുവരുന്നു. പഴയ പിഴവുകളൊക്കെ തിരുത്തി മലയാള സിനിമയില്‍ ഗോപിയുഗം വീണ്ടും സൃഷ്ടിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിക്കാന്‍.

മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന “ഈ അടുത്തകാലത്ത്” തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിലെ അഭിനേതാവുകൂടിയായ മുരളി ഗോപി തന്റെ സിനിമാ വിശേങ്ങള്‍ പങ്കുവയ്ക്കുന്നു.

അടുത്ത കാലത്തിന്റെ തിരക്കഥാകൃത്തായത് എങ്ങനെയാണ്?

അരുണ്‍കുമാര്‍ അരവിന്ദിന്റെ ഒരു സിനിമയില്‍ അഭിനയിക്കുന്നതിനായി അദ്ദേഹം എന്നെ കാണാന്‍ വന്നിരുന്നു. പുതിയ തീം എന്തെങ്കിലുമുണ്ടോയെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. എന്റെടുത്ത് ര്ണ്ട് മൂന്ന് കഥകളുണ്ടായിരുന്നു. അതില്‍ ഈ  കഥയുടെ വണ്‍ലൈന്‍ ഞാന്‍ അദ്ദേഹത്തെ കാണിച്ചു. അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഈ ചിത്രത്തിലെത്തുന്നത്.

ഈ അടുത്ത കാലത്ത്  റിലീസായി. പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തില്‍ തൃപ്തനാണോ?

അതെ, നല്ല സിനിമയാണെന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്. അത് കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. എല്ലാമേഖലയിലും മികവ് പുലര്‍ത്താനായി
എന്നാണ് വിശ്വാസം.

സൂപ്പര്‍താരങ്ങളോ പേരെടുത്ത യുവതാരങ്ങളുടെയോ പിന്തുണയില്ലാതെയാണ് ഈ അടുത്ത കാലത്ത് പുറത്തിറങ്ങിയത്. താരനിരയില്‍ കാണിച്ച ഈ വ്യത്യാസം
എന്തെങ്കിലും ഉദ്ദേശത്തോടെയുള്ളതായിരുന്നോ?

ഞാനും ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദും ഒരുമിച്ചാണ് താരങ്ങളെ തീരുമാനിച്ചത്. ഞങ്ങള്‍ക്കുവേണമെങ്കില്‍ സൂപ്പര്‍താരങ്ങളെ
നായകരാക്കി സിനിമയെടുക്കാമായിരുന്നു. എന്നാല്‍ ഓരോ കഥാപാത്രത്തിനും പറ്റിയ താരങ്ങളെ സെലക്ട് ചെയ്താല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
ഒരാളുടെ കാര്യത്തില്‍പോലും തെറ്റുപറ്റിയെന്ന് തോന്നിയിട്ടില്ല.

ചിത്രത്തിലെ നായിക തനുശ്രീഘോഷ് ബംഗാളി നാടക നടിയാണ്. അവരുടെ പ്രകടനത്തെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്.

വിളപ്പില്‍ശാല സംഭവം ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ടല്ലോ. എന്നാല്‍ അതിനെ ബാഹ്യമായി സ്പര്‍ശിച്ചുപോകുകമാത്രമേ ചെയ്തിട്ടുള്ളൂ. എന്ത് കൊണ്ടാണ് ആ
പ്രശ്‌നത്തെ കുറച്ചുകൂടി മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കാതിരുന്നത്?

വിളപ്പില്‍ശാല ഇവിടുത്തെ ചര്‍ച്ച ചെയ്യുന്ന വിഷയമേ അല്ല. ഞാന്‍ ഇവിടെ പറയാനുദ്ദേശിച്ചിരിക്കുന്നത് ഇത്തരം സ്ഥലങ്ങളെ സാമൂഹ്യവിരുദ്ധര്‍ ഇങ്ങനെയൊക്കെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ്. രണ്ടുപേരെ കൊന്ന് അവിടെയിടുന്നു. ഒരാള്‍ പോലും ആ സംഭവം അറിയുന്നില്ല. നാറ്റം കാരണം ഒരാളും ആ വഴിക്ക് പോകില്ലെന്നത് സാമൂഹ്യവിരുദ്ധര്‍ക്ക് സൗകര്യമാണ്. സിറ്റിയിലെ ഒരു വെയ്സ്റ്റ് ബിന്‍ എന്ന രീതിയിലേ ഇതില്‍ വിളപ്പില്‍ശാലയെ ഉപയോഗിച്ചിട്ടുള്ളൂ.

ഇന്ദ്രജിത്തിനെ നായകനായി തിരഞ്ഞെടുക്കാന്‍ പ്രത്യേകിച്ചെന്തെങ്കിലും കാരണമുണ്ടോ?

ഇന്ദ്രജിത്തൊരു നാച്വറല്‍ പെര്‍ഫോമറാണ്. പിന്നെ തിരുവനന്തപുരം കാരനുമാണ്. നമ്മള്‍ സിനിമയില്‍ തിരുവനന്തപുരം ഭാഷയെന്ന് പറഞ്ഞ് കാണാറുള്ളത്
യാഥാര്‍ത്ഥത്തില്‍ തിരുവനന്തപുരം ഭാഷയല്ല. ഈ സിനിമയില്‍ തിരുവനന്തപുരത്തുകാരുടെ യഥാര്‍ത്ഥ ഭാഷ കൊണ്ടുവന്നിട്ടുണ്ട്.

ചിത്രത്തില്‍ അവിടെവിടെ ചില ആര്‍.എസ്.എസ് പ്രതിബിംബങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടല്ലോ, എന്തെങ്കിലും ഉദ്ദേശത്തോടെ ചെയ്തതാണോ അത്?

പ്രത്യേകിച്ച് ഒരു ഉദ്ദേശത്തോടെ ചെയ്തല്ല. ഈ കഥയില്‍ ഒരു അഗ്രഹാരത്തിന്റെ ബാക്ക്ഗ്രൗണ്ടുണ്ട്. സാധാരണ ഇത്തരം കേന്ദ്രങ്ങള്‍ക്ക് സമീപവും
നഗരത്തിന്റെ ഉള്‍ഭാഗങ്ങളിലുമൊക്കെ ഇത്തരം ക്യാമ്പുകള്‍ കാണാറുണ്ട്. അവരുടെ എക്‌സസൈസും പരേഡുമൊക്കെ നഗരങ്ങള്‍ക്കുള്ളിലെ കാഴ്ചകളാണ്.
എന്നാല്‍ മിക്ക സിനിമയിലും ഇത് ഉപയോഗിക്കാറില്ല. അതുകൊണ്ട് ഒരു പാസിംഗ് വിഷ്വല്‍ എന്ന രീതിയില്‍ ഉപയോഗിച്ചെന്നേയുള്ളൂ. അല്ലാതെ ഇതില്‍
പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല.

ടെക്‌നിക്കല്‍ പെര്‍ഫെക്ഷനില്‍ പോരായ്മയുള്ളതായി ചിത്രം കണ്ട ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്രയും മികച്ച കഥയും തിരക്കഥയും ഒരുക്കുമ്പോള്‍ അതിന്റെ ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്റെ കാര്യത്തില്‍ ശ്രദ്ധിക്കാതിരുന്നത് എന്ത് കൊണ്ടാണ്?

ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്റെ കാര്യത്തില്‍ പരാതി വന്നത് കോഴിക്കോട് ഭാഗത്ത് നിന്നാണ്. അത് അവിടുത്തെ തിയ്യേറ്ററിന്റെ പ്രശ്‌നമാണ്. മറ്റു തിയ്യേറ്ററുകളില്‍ നിന്നും സിനിമ കണ്ടവര്‍ക്ക് ഈ പരാതിയില്ല. സൗണ്ട് ഡിസൈനിംഗ് ടെക്‌നോളജിയാണ് ഈ ചിത്രത്തിന്റെ ഡബ്ബിംഗില്‍ ഉപയോഗിച്ചിട്ടുള്ളത്.

മലയാളത്തില്‍ സ്ഥിരം കാണുന്ന നായികകഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തയാണ് ഈ അടുത്ത കാലത്തിലെ മാധുരി. ഈ വ്യത്യസ്ത മനപൂര്‍വ്വം കൊണ്ടുവന്നതാണോ?

മലയാളത്തില്‍ മികച്ച സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ലെന്ന് തന്നെ പറയാം. നായകന്റെ നിഴലായ ഒരാള്‍ എന്ന നിലയില്‍ മാത്രമാണ് സ്്ത്രീ കഥാപാത്രത്തെ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ അടുത്ത കാലത്തിലെ മാധുരി വളരെ ശക്തമായ കഥാപാത്രമാണ്. സ്ത്രീകള്‍ക്ക് പ്രാധാന്യമില്ലാത്ത ഇന്‍ഡസ്ട്രിയില്‍ സ്ത്രീ സിനിമയുടെ കാമ്പാണെന്ന് കാണിച്ചുകൊടുക്കാനുള്ള ശ്രമമെന്ന നിലയിലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

മാധുരി മാത്രമല്ല വിഷ്ണുവിന്റെ ഭാര്യ രമണിക്കും , ജേണലിസ്റ്റ് രൂപയ്ക്കുമെല്ലാം നല്ല പ്രാധാന്യമുണ്ട്.

ഒരു വ്യക്തിയുടെ അല്ലെങ്കില്‍ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമല്ല ഈ അടുത്ത കാലത്ത്. മറിച്ച് ഒരുപാട് പേരുടെ കഥ ഒരു സിനിമയിലൂടെ പറയുകയാണ്.
അപ്പോള്‍ അത് ഏറെ ബുദ്ധിമുട്ടായി തോന്നിയിട്ടില്ലേ?

വളരെ ബുദ്ധിമുട്ട് തന്നെയാണ്. ഒരുപാട് ജീവിതകഥകള്‍ ഉരഞ്ഞുണ്ടായ തീയാണ് സിനിമ. അത് കൊണ്ടുതന്നെയാണ് വിവരണത്തിലും വ്യത്യസ്തത കൊണ്ടുവരാന്‍
നോക്കിയത്. അത് വ്യത്യസ്തത വേണമെന്ന ഉദ്ദേശത്തോടെ ചെയ്തതല്ല. ആത്മാര്‍ത്ഥമായി ചെയ്യുമ്പോള്‍ വ്യത്യസ്തത ഉണ്ടാവുന്നത് സ്വാഭാവികമാണെന്ന് മാത്രം.

അഭിനയത്തോട് താല്‍പര്യമുള്ളതുകൊണ്ടാണ് ഈ രംഗത്തേക്ക് കടന്നുവന്നത്?

എനിക്ക് എഴുത്തുകാരനായി അറിയപ്പെടാനാണ് താല്‍പര്യം. അഭിനയത്തോട് വലിയ താല്‍പര്യമില്ല. അഭിനയിക്കണമെന്നാവശ്യപ്പെട്ട് എന്നെ പലരും വന്ന്
കണ്ടിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ട റോളുകള്‍ ഞാന്‍ ചെയ്തു, അത് അഭിനയിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്തു. അഭിനയത്തിന്റെ
അവസാനവാക്കായ ഒരു അച്ഛന്റെ മകനാണ് ഞാന്‍. അപ്പോള്‍ ഞാനും അഭിനയരംഗത്ത് മാറ്റുരക്കേണ്ട കാര്യമില്ലല്ലോ.

എഴുത്തിനെക്കുറിച്ച്?

എഴുത്ത് ഒരുപാടിഷ്ടമാണ്. എന്റെ പതിനെട്ടാം വയസിലാണ് പുസ്തകം പുറത്തിറക്കിയത്. രസികന്‍ സൊദനൈയെന്ന ചെറുകഥാ സമാഹാരവും പുറത്തിറക്കി.
പിന്നെ ഞാനൊരു ജേണലിസ്റ്റ് കൂടിയാണ്.

ഏത് തരത്തിലുള്ള പുസ്‌കതങ്ങളാണ് കൂടുതലിഷ്ടം?

നോണ്‍ ഫിക്്ഷനോടാണ് എനിക്ക് താല്‍പര്യം. മലയാളത്തിലെ ക്ലാസിക്കുകളെല്ലാം എനിക്കിഷ്ടമാണ്. എസ്.കെ പൊറ്റക്കാടിന്റെ എഴുത്തുകളാണ് ഏറെ ആകര്‍ഷിച്ചത്.
പുതിയ എഴുത്തുകാര്‍ മോശമാണെന്ന അഭിപ്രായമില്ല. പക്ഷെ എനിക്ക് ടെക്‌നോളജി യുഗത്തിന് മുമ്പുള്ള എഴുത്തുകാരുടെ രചനകളാണ് ഇഷ്ടം.

സിനിമയുടെ സൗന്ദര്യസങ്കല്പങ്ങളെ മാറ്റിമറിച്ച ഭരത്‌ഗോപിയുടെ മകനാണ് നിങ്ങള്‍. ആ നിലയ്ക്ക് അച്ഛനെ എങ്ങനെ നോക്കികാണുന്നു?

സൗന്ദര്യ സങ്കല്‍പമല്ല പുരുഷസങ്കല്‍പമാണ് മലയാള സിനിമയിലെ നായകന് വേണ്ടത് എന്ന് പറഞ്ഞയാളാണ് എന്റെ അച്ഛന്‍. അച്ഛന്റെ സിനിമാ ജീവിതത്തിലൂടെ അത്
തെളിയിക്കുകയും ചെയ്തു.

സിനിമയിലെ ഭാവി പരിപാടികള്‍ എന്തൊക്കെയാണ്?

ഞാനും അരുണ്‍ അരവിന്ദും ചേര്‍ന്ന് മറ്റൊരു സിനിമ ചെയ്യുന്നുണ്ട്. പിന്നെ മറ്റ് ചില സംവിധായകര്‍ കൂടി സമീപിച്ചിട്ടുണ്ട്. തിരക്കഥാ രംഗത്താണ് കൂടുതല്‍ താല്‍പര്യം. നല്ല കഥാപാത്രങ്ങളാണെങ്കില്‍ അഭിനയിക്കും. ഫിലിം മേക്കിംഗ് രംഗത്ത് ശോഭിക്കണമെന്നാണ് ആഗ്രഹം.

നവാഗതരെ മലയാള സിനിമയില്‍ നിന്നും നല്ല പ്രതികരണം ലഭിക്കുന്നുണ്ടോ?

കിട്ടുന്നുണ്ടല്ലോ. അതുകൊണ്ടാണ് എന്റെ സിനിമ വിജയിച്ചത്.