ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും 'നെടുമ്പള്ളി കൃഷ്ണന്' സുപ്രധാന ഭൂമികയുണ്ടായിരുന്നു; നമ്മള്‍ എഴുതുന്നു, പ്രപഞ്ചം മായ്ക്കുന്നു; അനുസ്മരിച്ച് മുരളി ഗോപി
Movie Day
ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും 'നെടുമ്പള്ളി കൃഷ്ണന്' സുപ്രധാന ഭൂമികയുണ്ടായിരുന്നു; നമ്മള്‍ എഴുതുന്നു, പ്രപഞ്ചം മായ്ക്കുന്നു; അനുസ്മരിച്ച് മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd April 2022, 11:38 pm

നടന്‍ കൈനകരി തങ്കരാജന്റെ മരണത്തില്‍ അനുശോചന കുറിപ്പുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും തങ്കരാജേട്ടന്റെ നെടുമ്പള്ളി കൃഷ്ണന് ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു എന്ന് മുരളി ഗോപി ഫേസ്ബുക്കില്‍ എഴുതി.

‘ലൂസിഫറി’ന്റെ രണ്ടാം ഭാഗത്തിലും മനസില്‍ ഒരു സുപ്രധാന ഭൂമികയുണ്ടായിരുന്നു തങ്കരാജേട്ടന്റെ നെടുമ്പള്ളി കൃഷ്ണന്. നമ്മള്‍ എഴുതുന്നു. പ്രപഞ്ചം മായ്ക്കുന്നു. ആദരാഞ്ജലികള്‍,’ എന്നാണ് മുരളി ഗോപി പറഞ്ഞത്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത അണ്ണന്‍ തമ്പി എന്ന ചിത്രത്തിലൂടെയായിരുന്നു നാടകത്തിലൂടെ സിനിമ രംഗത്തെത്തിയ കൈനകരി തങ്കരാജന്‍ സിനിമയിലേക്ക് രണ്ടാം വരവ് എത്തുന്നത്.

ലിജോ ജോസ് സംവിധാനം ചെയ്ത ആമേന്‍ എന്ന ചിത്രത്തിലെ കൈനകരിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലിജോയുടെ തന്നെ ഈമയൗ വിലെ ‘വാവച്ചന്‍ മേസ്തിരി’ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു.

അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്‍, ലൂസിഫര്‍, ഹോം എന്നീ സിനിമകളിലും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

ഞായറാഴ്ച വൈകുന്നേരമാണ് നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചത്. 71 വയസായിരുന്നു. നാടകങ്ങളിലൂടെ അഭിനയജീവിതം തുടങ്ങി പിന്നീട് സിനിമയിലെത്തുകയായിരുന്നു.ആലപ്പുഴ ജില്ലയില്‍ ജനിച്ച കൈനകരി തങ്കരാജ് പ്രശസ്ത നാടകപ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട്.

10,000ലധികം വേദികളില്‍ പ്രധാന നടനായി തിളങ്ങിയിട്ടുണ്ട്. കെ.പി.എ.സിയുടെ ഭാഗമായും അഭിനയിച്ചിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സിയും കയര്‍ബോര്‍ഡിലും ജോലി ചെയ്തിട്ടുള്ള കൈനകരി തങ്കരാജ് പിന്നീട് ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിലെത്തുന്നത്. പ്രേംനസീര്‍ നായകനായ ആനപ്പാച്ചന്‍ ആയിരുന്നു ആദ്യ സിനിമ.