Film News
കേരളത്തില്‍ സ്പര്‍ധയുടെ ചരിത്രമില്ലാത്തതുകൊണ്ടാണ് ബി.ജെ.പി. കേരളത്തില്‍ അധികാരത്തില്‍ വരാത്തത്: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 06, 11:04 am
Saturday, 6th April 2024, 4:34 pm

സിനിമകളിലൂടെ ശക്തമായ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. ടിയാന്‍, ലൂസിഫര്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ സിനിമകളിലൊക്കെ അതിന് ഉദാഹരണങ്ങളാണ്. രാജ്യം പൊതു തെരഞ്ഞടുപ്പിനെ നേരിടാന്‍ പോകുന്ന സമയത്ത് കേരളത്തില്‍ എന്തുകൊണ്ട് ബി.ജെ.പി അധികാരത്തില്‍ വരുന്നില്ല എന്ന ചോദ്യത്തിന് മറുപടി നല്‍കി മുരളി ഗോപി. കേരളത്തില്‍ എല്ലായ്‌പ്പോഴും രണ്ട് പാര്‍ട്ടികള്‍ മാത്രമേ അധികാരത്തില്‍ വന്നിട്ടുള്ളൂവെന്നും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ഈ നാട്ടില്‍ ന്യൂനപക്ഷമായത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.

കേരളത്തില്‍ സ്പര്‍ധയുടെ ചരിത്രമില്ലാത്തതുകൊണ്ടാണ് ബി.ജെ.പി അധികാരത്തില്‍ വരാത്തതെന്നും മത സംഘര്‍ഷങ്ങള്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലായെന്നും മുരളി ഗോപി പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്.

‘കേരളത്തില്‍ സ്പര്‍ധയുടെ ചരിത്രമുണ്ടായിട്ടില്ല. മത സംഘര്‍ഷങ്ങള്‍ക്ക് അനുകൂലമായ സ്ഥലവുമല്ല ഇത്. അങ്ങനെയുള്ള സ്ഥലത്ത് എത്രത്തോളം ഈ വര്‍ഗീയത വില്‍ക്കാന്‍ നോക്കിയാലും വില്‍ക്കപ്പെടില്ല. ഹിന്ദു- മുസ്‌ലിം വിഭാഗീയത എത്ര കണ്ട് ഉണ്ടാക്കാന്‍ നോക്കിയാലും ഈ മണ്ണില്‍ അത് വിലപ്പോകില്ല.

പക്ഷേ ഇതിനെപ്പറ്റി തുടര്‍ച്ചയായി സംസാരിച്ചുകൊണ്ടിരുന്നാല്‍ അങ്ങനെയൊരു സംഘര്‍ഷം ഇവിടെയുണ്ടാക്കാന്‍ പറ്റും. അതാണ് ഏറ്റവും അപകടകരം. ഇപ്പോഴത്തെ അവസ്ഥയില്‍ ആ സ്പര്‍ധ കൂടുന്നുണ്ട്. അതിനെ തടയാന്‍ ഇവിടെ ലെഫ്റ്റ് വിങ് ഉള്ളതുകൊണ്ടാണ് അതൊന്നും ഉണ്ടാകാതെയിരിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ഇപ്പോഴത്തെ അവസ്ഥയില്‍ എന്റെ അഭിപ്രായത്തില്‍ ഇവിടെയൊരു ലെഫ്റ്റ് വിങ് ഇല്ല. ഇപ്പോഴുള്ള ലെഫ്റ്റ് വിങ് എന്നു പറയുന്നത് സത്യത്തില്‍ റൈറ്റ് വിങ്ങാണ്. മറ്റൊരു യൂണിറ്റിലുള്ള റൈറ്റ് വിങ്ങാണെന്നുള്ള വ്യത്യാസം മാത്രമേ ഉള്ളൂ. റൈറ്റ് വിങ്ങിന്റെ എല്ലാ ടെന്‍ഡന്‍സിയും കാണിക്കുന്ന ലെഫ്റ്റ് വിങ്ങാണ് ഇവിടെയുള്ളത്,’ മുരളി ഗോപി പറഞ്ഞു.

Content Highlight: Murali Gopi explains why BJP cannot rule Kerala