| Monday, 20th December 2021, 12:24 pm

ഒരു ജ്യേഷ്ഠ സഹോദരന്‍ എന്ന നിലയിലും അഭിമാന നിമിഷം; ഷൈന്‍ ടോം ചാക്കോയെ പുകഴ്ത്തി മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊവിഡ് ലോക്ക്ഡൗണിന് ശേഷം അടഞ്ഞുകിടന്ന തിയറ്ററുകള്‍ക്ക് പുതുജീവന്‍ നല്‍കിയാണ് ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’ റിലീസ് ചെയ്തത്. വന്‍വിജയം നേടിയ ചിത്രം നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തിരുന്നു. സിനിമയില്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ച ഭാസി പിള്ള ഏറെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു. ഷൈന്‍ ടോമിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഷൈന്‍ ടോമിനെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുകയാണ്.

‘വൈകി എന്നറിയാം. പക്ഷെ ഇപ്പോഴാണ് ഭാസിപിള്ളയെ കാണാന്‍ സാധിച്ചത്. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടാന്‍ സാധിക്കുക എന്നതാണ് ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും, അല്ലെങ്കില്‍, ഒരേയൊരു പാവന പുരസ്‌കാരം. ആ നിലയില്‍, ഇതിനു മുന്‍പും ഷൈന്‍ പുരസ്‌കൃതനാണ്. ഇത് ഒരു സ്വര്‍ണപ്പതക്കവും.

‘ഗദ്ദാമ’യില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നവന്‍ എന്ന നിലയിലും, ഒരു ജ്യേഷ്ഠ സഹോദരന്‍ എന്ന നിലയിലും അഭിമാന നിമിഷം. ഇനിയും വലിയ ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥന,’ എന്നാണ് ഷൈന്‍ ടോമിനൊപ്പമുള്ള ചിത്രത്തിനൊപ്പം മുരളി ഗോപി കുറിച്ചത്.

ഷൈന്‍ ടോം ചാക്കോയുടെ അഭിനയത്തെ സംവിധായകന്‍ ഭദ്രനും കഴിഞ്ഞ ദിവസം പ്രശംസിച്ചിരുന്നു. ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി ചെയര്‍മാന്‍ ആയിരിക്കെ കണ്ട സിനിമകളില്‍ പലതിലും ഷൈന്‍ ടോം ചാക്കോയുടെ വേഷങ്ങളില്‍ ഒരു താളവും പ്രസരിപ്പും അനുഭവിച്ചിട്ടുണ്ടെന്നും ഒരു നടന്‍ എന്ന നിലയില്‍ താന്‍ പറയേണ്ട ഡയലോഗുകള്‍ കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന ശരീരഭാഷയിലും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ശബ്ദക്രമീകരണത്തിലും പറയുന്നതില്‍ ഷൈന്‍ സമര്‍ത്ഥനാണെന്നുമാണ് ഭദ്രന്‍ പറഞ്ഞത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി നായകനായ അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വത്തിലും ഷൈന്‍ ശ്രദ്ധേയ വേഷത്തിലെത്തുന്നുണ്ട്.

ചിത്രത്തിലെ ഷൈനിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും നേരത്തെ അമല്‍ നീരദ് പുറത്തുവിട്ടിരുന്നു. ‘ഷൈന്‍ ഓണ്‍ യു ക്രേസി ഡയമണ്ട്’ എന്നായിരുന്നു പീറ്റര്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് അമല്‍ നീരദ് കുറിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: murali gopi appriciate shine tom chacko for his perfomance as bhasi pillai

We use cookies to give you the best possible experience. Learn more