| Tuesday, 1st November 2016, 10:21 am

മാതൃഭാഷയെ വെറുത്തുപോകുന്ന അപൂര്‍വ പ്രതിഭാസം; ഏഷ്യാനെറ്റിലെ കബാലി മലയാളം ഡബ്ബിങ്ങിനെതിരെ മുരളീ ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കബാലിയുടെ മലയാളം ഡബ്ബിങ് ടിവിയില്‍ കണ്ടെന്നു. നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു


രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കബാലിയുടെ മലയാളം ഡബ്ബിങ് വേര്‍ഷനെതിരെ വലിയ രീതിയിലുള്ള ട്രോളുകളായിരുന്നു വന്നുകൊണ്ടിരുന്നത്.

രജനിയുടെ കബാലി ഡാ എന്ന ഡയലോഗും മഗിഴ്ചി എന്ന നമ്പരും ആരാധകര്‍ ഏറ്റെടുത്തവയായിരുന്നു. എന്നാല്‍ കബാലി ഏഷ്യാനെറ്റിലൂടെ ടിവി പ്രേക്ഷകരിലെത്തിയപ്പോള്‍ സംഗതി ആകെ തലകീഴായി മറഞ്ഞു. ചിത്രത്തിന്റെ മലയാളം ഡബ്ബിങ്ങിലെ പോരായ്മയ്‌ക്കെതിരെ നടന്‍ മുരളീ ഗോപിയും രംഗത്തെത്തി.

മാതൃഭാഷയെ വെറുത്തുപോകുന്ന അപൂര്‍വ പ്രതിഭാസം എന്നാണ് അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. കബാലിയുടെ മലയാളം ഡബ്ബിങ് ടിവിയില്‍ കണ്ടെന്നു. നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു എന്നും മുരളി ഗോപി ഫേസ്ബുക്കില്‍ കുറിക്കുന്നു.

മുരളീ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

“”മാതൃഭാഷയെ വെറുത്തുപോകുന്ന അപൂര്‍വ പ്രതിഭാസം ഇന്നലെ സംഭവിച്ചു: “കബാലി” യുടെ മലയാളം ഡബ്ബിങ് ടീവിയില്‍!! നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടൂ…? “”

രജനിയുടെ നമ്പരുകളെ മലയാളത്തിലാക്കിയ ആളെയും അതിന് ഡബ്ബ് ചെയ്ത ആളെയും കണ്ടാല്‍ ഒന്ന് തൊഴുതേക്കണം എന്നും പറഞ്ഞ് ഇരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍. കബാലി ഡാ മലയാളത്തില്‍ എത്തിയപ്പോള്‍ കമ്മട്ടിപ്പാടത്തിലെ പോലെ എടാ ഞാനാടാ കബാലിയാടാ ആയിപ്പോയി

നിരവധി അന്യഭാഷ സിനിമകള്‍ മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത്  ടിവി ചാനലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ മലയാളത്തിലേക്കുള്ള ഈ മൊഴിമാറ്റം വലിയ തമാശകളിലും കൊണ്ടുചെന്നെത്തിക്കും.

തമിഴ് ആയാലും തെലുങ്ക് ആയാലും ഹിന്ദി ആയാലും ചില സംഭാഷണങ്ങള്‍ അതാതു ഭാഷയില്‍ കേട്ടാല്‍ മാത്രമാണ് സിനിമയുടെ ആസ്വാദനം പൂര്‍ണമാകൂ. മറ്റുഭാഷകളിലെ ചില വാക്കുകള്‍ക്ക് പകരം യാതൊരു ബന്ധവുമില്ലാത്ത മലയാളം പദങ്ങളാകും ഉപയോഗിക്കുക. അത് തന്നെയാണ് കബാലിക്കും സംഭവിച്ചത്.

മലേഷ്യയില്‍ അധോലോക നായകനായ കബാലീശ്വരന്റെ കഥ പറഞ്ഞ രജനീകാന്ത് ചിത്രം കബാലി മലയാളത്തിലെത്തിയപ്പോള്‍ ആകെ കോമഡിയായി മാറി. തമിഴ്‌നാട്ടില്‍ 100 ദിവസം പിന്നിട്ട സിനിമയുടെ ആദ്യ മിനിസ്‌ക്രീന്‍ പ്രദര്‍ശനമായിരുന്നു ഏഷ്യാനെറ്റിലേത്.

സിനിമയുലെ രജനീകാന്തിന്റെ പഞ്ച് ഡയലോഗായ മഗിഴ്ചി മലയാളത്തിലെത്തിയപ്പോള്‍ മനോഹരം ആയി. മലേഷ്യയിലെ അധോലോക ഗുണ്ടകള്‍ക്ക് ഫോര്‍ട്ട് കൊച്ചി വാമൊഴി നല്‍കിയതും കോമഡിയായി മാറി. നെരുപ്പെടാ എന്ന ഗാനത്തിലും പോലും ഇവര്‍ മലയാളം പരിഭാഷ ഏര്‍പ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more