നടന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് മുരളി ഗോപി. ലാല്‍ ജോസ് ചിത്രം രസികന് തിരക്കഥയൊരുക്കിക്കൊണ്ടാണ് മുരളി ഗോപി സിനിമാമേഖലയിലേക്ക് കടന്നുവന്നത്. 20 വര്‍ഷത്തെ കരിയറില്‍ ഏഴോളം സിനിമകള്‍ക്ക് തിരക്കഥ എഴുതിയ മുരളി ഗോപി 20 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് തീര്‍പ്പ്. പൃഥ്വിരാജ്, ഇന്ദ്രജിത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. താന്‍ എഴുതിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നായിരുന്നു തീര്‍പ്പെന്ന് പറയുകയാണ് മുരളി ഗോപി.
കൊവിഡിന്റെ സമയത്ത് ഒ.ടി.ടിക്ക് വേണ്ടി എഴുതിയ സിനിമയായിരുന്നു അതെന്ന് മുരളി ഗോപി പറഞ്ഞു. ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് വേണ്ടി തയാറാക്കിയ സബ്ജക്ടായിരുന്നു അതെന്നും ആ കഥ ഡിസൈന്‍ ചെയ്തത് അങ്ങനെയായിരുന്നുവെന്നും മുരളി ഗോപി പറഞ്ഞു. എന്നാല്‍ ഷൂട്ട് കുറച്ച് ഡിലേ ആയെന്നും എല്ലാം കഴിഞ്ഞപ്പോള്‍ തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടി വന്നെന്നും താരം പറഞ്ഞു.
ഒ.ടി.ടിക്ക് വേണ്ടി ഒരുക്കിയ ചിത്രം തിയേറ്ററില്‍ ഇറക്കിയതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന് മുരളി ഗോപി കൂട്ടിച്ചേര്‍ത്തു. റേഡിയോ മിര്‍ച്ചിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘കൊവിഡിന്റെ സമയത്താണ് തീര്‍പ്പെന്ന സിനിമയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. അന്ന് തിയേറ്റര്‍ റിലീസ് സാധ്യമല്ലാത്തതുകൊണ്ട് ഒ.ടി.ടിക്ക് വേണ്ടി ചെയ്യാന്‍ നിന്ന സിനിമയായിരുന്നു അത്. കാരണം, ആ സമയത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോം എന്ന സാധ്യത മാത്രമേ ഞങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. ആ സക്രിപ്റ്റിന്റെ രൂപകങ്ങളും ഞാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് വേണ്ടി തയാറാക്കിയതാണ്.
പക്ഷേ സിനിമയുടെ ഷൂട്ട് സ്വല്പം ഡിലേയായി. ആ സമയമായപ്പോഴേക്ക് തിയേറ്റര്‍ റിലീസ് ചെയ്യാന്‍ പറ്റുന്ന അവസ്ഥയായി. ആ സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ നിര്‍ബന്ധിതരായി. ഒ.ടി.ടിക്ക് വേണ്ടി ചെയ്ത സിനിമ തിയേറ്ററില്‍ ഇറക്കുന്നത് വലിയ റിസ്‌കാണ്. അതിന്റെ ഘടന വല്ലാതെ മാറും. അക്കാരണം കൊണ്ട് തീര്‍പ്പ് പരാജയമായി. പക്ഷേ എനിക്ക് ഇഷ്ടമുള്ള സ്‌ക്രിപ്റ്റുകളില്‍ ഒന്നാണ് തീര്‍പ്പ്,’ മുരളി ഗോപി പറഞ്ഞു.
Content Highlight: Murali Gopi about Theerppu movie’s failure