തിയേറ്റർ റിലീസായത് കൊണ്ടാണ് ആ പൃഥ്വിരാജ് ചിത്രം പരാജയപ്പെട്ടത്, അത് ഒ.ടി.ടിക്കുള്ള സിനിമയായിരുന്നു: മുരളി ഗോപി
Entertainment
തിയേറ്റർ റിലീസായത് കൊണ്ടാണ് ആ പൃഥ്വിരാജ് ചിത്രം പരാജയപ്പെട്ടത്, അത് ഒ.ടി.ടിക്കുള്ള സിനിമയായിരുന്നു: മുരളി ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th December 2024, 9:15 pm

അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് മുരളി ഗോപി. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി.

വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുള്ള അദ്ദേഹം രചന നിര്‍വ്വഹിക്കുന്ന സിനിമകളില്ലെല്ലാം തന്നെ ശക്തമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, കമ്മാര സംഭവം തുടങ്ങിയവയെല്ലാം അത്തരത്തിൽ ശ്രദ്ധ നേടിയ സിനിമകളാണ്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത സിനിമയായിരുന്നു തീർപ്പ്. കൊവിഡിന്റെ സമയത്ത് ഒ.ടി.ടിക്ക് വേണ്ടി എഴുതിയ സിനിമയായിരുന്നു അതെന്ന് മുരളി ഗോപി പറയുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് വേണ്ടി തയാറാക്കിയ സബ്ജക്ടായിരുന്നു അതെന്നും ആ കഥ ഡിസൈന്‍ ചെയ്തത് അങ്ങനെയായിരുന്നുവെന്നും മുരളി ഗോപി പറഞ്ഞു. എന്നാല്‍ ഷൂട്ട് കുറച്ച് ഡിലേ ആയെന്നും എല്ലാം കഴിഞ്ഞപ്പോള്‍ തിയേറ്ററില്‍ റിലീസ് ചെയ്യേണ്ടി വന്നെന്നും താരം പറഞ്ഞു.

‘കൊവിഡിന്റെ സമയത്താണ് തീര്‍പ്പെന്ന സിനിമയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. അന്ന് തിയേറ്റര്‍ റിലീസ് സാധ്യമല്ലാത്തതുകൊണ്ട് ഒ.ടി.ടിക്ക് വേണ്ടി ചെയ്യാന്‍ നിന്ന സിനിമയായിരുന്നു അത്. കാരണം, ആ സമയത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോം എന്ന സാധ്യത മാത്രമേ ഞങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. ആ സക്രിപ്റ്റിന്റെ രൂപകങ്ങളും ഞാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് വേണ്ടി തയാറാക്കിയതാണ്.

പക്ഷേ സിനിമയുടെ ഷൂട്ട് സ്വല്പം ഡിലേയായി. ആ സമയമായപ്പോഴേക്ക് തിയേറ്റര്‍ റിലീസ് ചെയ്യാന്‍ പറ്റുന്ന അവസ്ഥയായി. ആ സിനിമ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ നിര്‍ബന്ധിതരായി. ഒ.ടി.ടിക്ക് വേണ്ടി ചെയ്ത സിനിമ തിയേറ്ററില്‍ ഇറക്കുന്നത് വലിയ റിസ്‌കാണ്. അതിന്റെ ഘടന വല്ലാതെ മാറും. അക്കാരണം കൊണ്ട് തീര്‍പ്പ് പരാജയമായി. പക്ഷേ എനിക്ക് ഇഷ്ടമുള്ള സ്‌ക്രിപ്റ്റുകളില്‍ ഒന്നാണ് തീര്‍പ്പ്,’ മുരളി ഗോപി പറഞ്ഞു.

അതേസമയം മലയാളത്തിലെ ഏറ്റവും സിനിമകളിൽ ഒന്നായി ഒരുങ്ങുന്ന എമ്പുരാന്റെയും രചന നിർവഹിച്ചത് മുരളി ഗോപിയാണ്. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാംഭാഗമായ സിനിമ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നത്.

 

Content Highlight: Murali Gopi About Theerpp Movie