| Wednesday, 3rd July 2024, 7:49 am

പൊളിറ്റിക്കൽ കറക്റ്റ്നെസിന്റെ വക്താക്കൾ സംസാരിക്കുന്നത് ഏകാധിപതികൾ സംസാരിക്കുന്നത് പോലെയാണ്: മുരളി ഗോപി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ തിരക്കഥകളിലൂടെ ശക്തമായ രാഷ്ട്രീയം പറയുന്ന തിരക്കഥാകൃത്താണ് മുരളി ഗോപി. രസികൻ എന്ന ചിത്രത്തിലൂടെ സിനിമ കരിയർ ആരംഭിച്ച മുരളി ഇന്ന് മലയാളത്തിലെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തുമാണ്. ലൂസിഫർ, കമ്മാര സംഭവം, ടിയാൻ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം മുരളിയുടെ തിരക്കഥയിലാണ് പിറന്നത്.

പൊളിറ്റിക്കൽ കറക്റ്റ്നെസിനെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. ചിലർ പൊളിറ്റിക്കൽ കറക്റ്റ്നെസിനെ മറ്റൊരു രീതിയിലാണ് ഉപയോഗിക്കുന്നതെന്നും പലരും ഏകാധിപതികളെ പോലെയാണ് സംസാരിക്കുന്നതെന്നും മുരളി പറയുന്നു.


ഒരാളുടെ ഉള്ളിലെ കാര്യങ്ങളെ തടഞ്ഞു നിർത്താൻ കഴിയില്ലെന്നും അത് ഇല്ലാതാക്കുന്നത് ഒരാളുടെ ഒർജിനാലിറ്റിയാണെന്നും മുരളി ഗോപി പറയുന്നു. ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം കനക രാജ്യത്തിന്റെ ഭാഗമായി മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു താരം.

‘പൊളിറ്റിക്കൽ കറക്റ്റ്നെസ്’ എന്നത് ഭയപ്പെടുത്തുന്ന രീതിയിലാണ് ചിലർ ഇപ്പോൾ ഉപയോഗിക്കുന്നത്. അത് വളരെ മോശമായിട്ടുള്ള ഒരു കാര്യമാണ്. ഇതൊന്നും എക്കാലത്തേക്കുമുള്ളതല്ല, ഈ കാലം മാറും. കാരണം പൊളിറ്റിക്കൽ കറക്റ്റ്നെസിന്റെ വക്താക്കൾ സംസാരിക്കുന്നത് കണ്ടാൽ ഏകാധിപതികൾ സംസാരിക്കുന്നത് പോലെയാണ്.

അത് പറയാൻ പറ്റില്ല ഇത് പറയാൻ പറ്റില്ല എന്നുപറഞ്ഞു മനുഷ്യനെ തടയാനാവില്ല. മനുഷ്യന്റെ നേച്ചറിലുള്ള കാര്യങ്ങൾ വലിയൊരു പാറക്കെട്ട് വെച്ച് തടഞ്ഞു നിർത്തിയാൽ അതൊരു വെള്ളപൊക്കമായി വരും. കാരണം ആളുകളുടെ ഒർജിനാലിറ്റിയെയാണ് അത് ഇല്ലാതാക്കുന്നത്,’മുരളി പറഞ്ഞു.

ഇന്ദ്രൻസിനെ കുറിച്ചും മുരളി ഗോപി സംസാരിച്ചു. ഇന്ദ്രൻസിന്റെ ശരീരത്തിന് ഒരേതരത്തിലുള്ള വേഷങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കൂവെന്ന ചിന്തയാണ് ബോഡി ഷെയ്മിങ്ങെന്നും എന്നാൽ ഇന്ദ്രൻസ് അതിനെ ബ്രേക്ക്‌ ചെയ്‌തെന്നും മുരളി ഗോപി കൂട്ടിച്ചേർത്തു.

‘ഇപ്പോൾ ഇന്ദ്രൻസ് ചേട്ടന്റെ ശരീരത്തിന് ഇന്ന കഥാപാത്രമേ പറ്റുവെന്ന് പറയുന്നിടത്താണ് ഈ ബോഡി ഷെയ്മിങ് ശരിക്കും വരുന്നത്. ഒരാളുടെ ശരീരമല്ല ഒരാളുടെ സ്വഭാവം തീരുമാനിക്കുന്നത്. കുടക്കമ്പി പോലെയുള്ള വേഷങ്ങൾ മാത്രമേ ചെയ്യാൻ പറ്റുള്ളുവെന്ന വിചാരമാണ് യഥാർത്ഥത്തിൽ ബോഡി ഷെയ്മിങ്.

അതാണ് അപകടകരമായ കാര്യം. അതിനെ ബ്രേക്ക് ചെയ്‌ത്‌ അദ്ദേഹത്തിന് അതിനപ്പുറത്തുള്ള വേഷങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് കാലം തെളിയിച്ചു. അങ്ങനെ ആളുകൾ ചിന്തിക്കാൻ തുടങ്ങിയപ്പോൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രകടനങ്ങൾ അദ്ദേഹത്തിൽ നിന്ന് വരാൻ തുടങ്ങി,’ മുരളി ഗോപി പറയുന്നു

Content Highlight: Murali Gopi About Negative Impact Of Political Correctness

We use cookies to give you the best possible experience. Learn more