| Friday, 10th May 2013, 1:57 pm

പാര്‍ട്ടിയിലേക്ക് തിരിച്ച് വരാമെന്ന് പിണറായി: തിരികെയില്ലെന്ന് മുരളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാര്‍ട്ടിയില്‍ നിന്ന്  പോയവര്‍ക്ക്  തിരികെ വരാമെന്ന്  സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

എന്നാല്‍ സി.പി.ഐ.എമ്മുമായി യോജിപ്പ് മാത്രമാണ് ഉള്ളതെന്നും തിരിച്ചു പോക്കില്ലെന്നും ജനകീയ വികസന സമിതി നേതാവ്  എം.ആര്‍ മുരളി.[]

രാഷ്ട്രീയമായി സി.പി.ഐ.എമ്മിനോട് യോജിപ്പുണ്ട്. എന്നാല്‍ സംഘടനാപരമായി സി.പി.ഐ.എമ്മിനോട് ഇപ്പോഴും വിയോജിപ്പുണ്ടെന്നും, സി.പി.ഐ.എമ്മുമായി സഹകരിക്കേണ്ടിടത്ത് സഹകരിക്കുമെന്നും മുരളി പറഞ്ഞു.

ടിപി വധത്തില്‍ സാക്ഷികളുടെ കൂറുമാറ്റം കേസ് അട്ടിമറിക്കാനാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആരെങ്കിലും പാര്‍ട്ടിയിലേക്ക് തിരിച്ചുവരണമെന്ന് പറഞ്ഞാല്‍ വരേണ്ടെന്ന് പറയില്ലെന്ന് പിണറായി വിജയന്‍.

വേണ്ടെന്ന് പറയുന്ന സമീപനം പാര്‍ട്ടിക്കില്ലെന്നും പിണറായി പറഞ്ഞു. എം.ആര്‍ മുരളിയുടെ തിരിച്ചുവരവ് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.  നേരത്തെ വിഎസ് അച്യുതാനന്ദനും പാലക്കാട് ജില്ലാ നേതൃത്വവും മുരളിയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തിരുന്നു.

എം.ആര്‍ മുരളി സി.പി.ഐ.എമ്മിലേക്ക്  തിരിച്ചു വരികയാണെങ്കില്‍ സ്വാഗതം എന്നായിരുന്നു വിഎസിന്റെ പ്രതികരണം.

മുരളി പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നാല്‍ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഷൊര്‍ണൂരില്‍ അധികാരം പങ്കിട്ടതുമായി ബന്ധപ്പെട്ട് ധാരണ തെറ്റിച്ചെന്നാരോപിച്ച് മുരളി കോണ്‍ഗ്രസ് ബന്ധത്തില്‍ ഉലച്ചില്‍ തട്ടുന്നത്.

ധാരണപ്രകാരം ഷൊറണൂര്‍ നഗരസഭയില്‍ അധികാരക്കൈമാറ്റം ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങളായ വൈസ് ചെയര്‍പേഴ്‌സണും മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരും രാജിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more