കോഴിക്കോട്: ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ. മുരളീധരന്‍. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നത് പാര്‍ട്ടിക്ക് കരുത്താകുമെന്നും ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും മുരളീധരന്‍ പറഞ്ഞു.
കെ. കരുണാകരനുമായി ചെറിയാന്‍ ഫിലിപ്പിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും അവസാനകാലത്ത് പലരും കൈവിട്ടപ്പോഴും ചെറിയാന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.
” ചെറിയാന്‍ പാര്‍ട്ടിയിലേക്ക് വരുന്നത് സന്തോഷമാണ്. 2011ല്‍ ഞങ്ങള്‍ പരസ്പരം മത്സരിച്ചിരുന്നെങ്കിലും വ്യക്തിബന്ധം നിലനിര്‍ത്തിയിരുന്നു. എല്ലാ ഓണത്തിനും ന്യൂയറിനും അദ്ദേഹമാണ് തനിക്ക് ആദ്യസന്ദേശമയക്കാറ്. ചുരുക്കം ചിലര്‍ക്കെ താന്‍ മറുപടി അയക്കാറുള്ളു. അതില്‍ ഒന്ന് ചെറിയാന്‍ ഫിലിപ്പ് ആണ്. എന്റെ പിതാവുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്. അവസാനകാലത്ത് പലരും കൈവിട്ടപ്പോഴും ചെറിയാന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് തിരികെ വന്നാല്‍ അത് പാര്‍ട്ടിക്ക് കരുത്താകും. എന്നാല്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണ്,” മുരളീധരന്‍ പറഞ്ഞു.
നേരത്തെ, പ്രളയക്കെടുതിയില്‍ പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഇടതു സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.
ഭരണാധികാരികള്‍ ദുരന്തനിവാരണത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാംപില്‍ കണ്ണീര്‍ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജന വഞ്ചനയാണെന്നാണ് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞത്.
ഇതിന് പിന്നാലെ അദ്ദേഹത്തെ ഖാദി ബോര്‍ഡ് വൈസ് പ്രസിഡന്റാക്കാനുള്ള ഉത്തരവ് റദ്ദാക്കിയിരുന്നു. പദവി ഏറ്റെടുക്കാനില്ലെന്ന് നേരത്തെ ചെറിയാന്‍ ഫിലിപ്പ് അറിയിച്ചിരുന്നു.
ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ആയിരുന്ന ശോഭനാ ജോര്‍ജിന്റെ രാജിയെ തുടര്‍ന്നാണ് ഈ സ്ഥാനത്തേക്ക് ചെറിയാന്‍ ഫിലിപ്പിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തത്.
രണ്ടര പതിറ്റാണ്ടായി ഇടത് സഹയാത്രികനാണ് ചെറിയാന്‍ ഫിലിപ്പ്. നേരത്തെ രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ അദ്ദേഹം അതൃപ്തനായിരുന്നു.