| Saturday, 8th June 2024, 12:44 pm

വടകരയില്‍ തെറ്റുകാരന്‍ ഞാന്‍; തൃശ്ശൂരിലേക്ക് പോയത് വേണ്ടത്ര ആലോചിക്കാതെ: കെ.മുരളീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വടകരയില്‍ തെറ്റുകാരന്‍ ഞാന്‍ എന്ന് മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍. തനിക്ക് അവിടെ നിന്നും പോയി തൃശ്ശൂരില്‍ മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ഡി.സി.സി യോഗത്തില്‍ ഉണ്ടായ കൂട്ടത്തല്ലില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്.

വടകരയില്‍ നിന്നും കൊണ്ട് പോയി തോല്‍പിച്ചു എന്ന് തോന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോട് പ്രതികരിക്കവെയാണ് തൃശ്ശൂരില്‍ മത്സരിക്കാനുള്ള തീരുമാനം തെറ്റായിരുന്നെന്ന് മുരളീധരന്‍ പറഞ്ഞത്.

‘എന്ത് കാര്യവും ആലോചിച്ചു മാത്രമേ ചെയ്യാന്‍ പാടൂ , ഈ ഇലക്ഷന്‍ എന്നെ പഠിപ്പിച്ചത് ആ വലിയ കാര്യമാണ്. ആലോചിക്കാതെ പ്രവര്‍ത്തിച്ചത് കൊണ്ട് തന്നെയാണ്, ഇപ്പോള്‍ നിങ്ങളുടെ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുന്നത്.

തൃശ്ശൂരില്‍ വോട്ടു മറച്ചതല്ല മറിച്ച് പരമ്പരാഗത വോട്ടുകളില്‍ വന്ന വീഴ്ചയാണ് തോല്‍വിക്ക് കാരണം, തൃശ്ശൂരിലെ പരാജയത്തിന്റെ പേരില്‍ ഡി.സി.സി. ഓഫീസില്‍ ഉണ്ടായ അടി കേവലം വികാര പ്രകടനമാണ്.

സംഘര്‍ഷം ഒന്നിനും ഒരു പരിഹാരമാവില്ല അത് കോണ്‍ഗ്രസിന്റെ മുഖം കൂടുതല്‍ വികൃതമാക്കും. തമ്മിലടി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും ബാധിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി താന്‍ ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും, കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് സുധാകരന്‍ തന്നെ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ തത്കാലം മാറി നില്‍ക്കുകയാണെന്നും, കോണ്‍ഗ്രസിന് ഒരുപാട് നേതാക്കള്‍ ഉണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇനി ഒരു ഇലക്ഷന്‍ നേരിടാനുള്ള മൂഡ് തനിക്കില്ലെന്നും, എല്ലാം പോയെങ്കിലും തന്റെ കൂടെ ഈ ഊരുണ്ടാവുമെന്നും മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Content Highlight: Muraleedharan talk about his election defeat

We use cookies to give you the best possible experience. Learn more