തിരുവനന്തപുരം: ഇസ്രത്ത് ജഹാന്റെയും കൂട്ടരുടെയും മരണത്തിന്റെ പേരില്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ അപവാദപ്രചാരണം നടത്തിയ കോണ്‍ഗ്രസ്, സി.പി.ഐ.എം നേതൃത്വങ്ങള്‍ രാജ്യത്തോടു മാപ്പു പറയണമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍. ഗുജറാത്തില്‍ ഭീകരാക്രമണം നടത്താനെത്തി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇസ്രത്ത് ജഹാനെയും കൂട്ടരെയും ഇവര്‍ മഹത്വവത്കരിച്ചെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
ഇസ്രത്ത് ജഹാന്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ ചാവേറായിരുന്നുവെന്നാണ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് ഹെഡ്‌ലി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നരേന്ദ്രമോദിയെ വധിക്കാനെത്തിയ ഇസ്രത് ജഹാനും മലയാളിയായ ജാവേദ് ഷെയ്ഖി എന്ന പ്രാണേഷ്‌കുമാറും പാക്കിസ്ഥാന്‍കാരും അടങ്ങിയ ലഷ്‌കര്‍ ഇ തൊയ്ബ സംഘം അഹമ്മദാബാദില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ 2004 ജൂണിലാണ് കൊല്ലപ്പെട്ടത്. അത് നരേന്ദ്രമോദി സൃഷ്ടിച്ച വ്യാജ ഏറ്റുമുട്ടലാണെന്നും നിരപരാധികളെയാണ് വെടിവച്ചു കൊന്നതെന്നുമാണ് സി.പി.ഐ.എമ്മും കോണ്‍ഗ്രസും പ്രചരിപ്പിച്ചത്.
കേരളത്തിലടക്കം കോളേജ് ക്യാമ്പസ്സുകളിലുള്‍പ്പടെ തീവ്രവാദികള്‍ക്കായി ഇവര്‍ രംഗത്തിറങ്ങി. എന്നാല്‍ കൊടും തീവ്രവാദികളായിരുന്നു ഇവരെന്നാണ് ഡേവിഡ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തലുകളിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തീവ്രവാദികള്‍ക്കനുകൂലമായി പ്രചാരണം നടത്തുക വഴി കോണ്‍ഗ്രസ്, സി.പി.ഐ.എം നേതൃത്വങ്ങള്‍ രാജ്യദ്രോഹകുറ്റമാണ് ചെയ്തിരിക്കുന്നത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളെ രാജ്യസ്‌നേഹികളെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം നടന്നത്. കേരളത്തില്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ വലിയതോതിലുള്ള പ്രചരണങ്ങളാണ് ഇതിന്റെ പേരില്‍ അരങ്ങേറിയത്. നരേന്ദ്രമോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ഇവരെ വധിച്ചുവെന്നായിരുന്നു പ്രചാരണം.
എന്നാല്‍ കൊല്ലപ്പെട്ടവര്‍ തീവ്രവാദികളാണെന്നും ലഷകര്‍ ഇ തൊയ്ബയുടെ സജീവപ്രവര്‍ത്തകരാണെന്നും അന്നു തന്നെ ഗുജറാത്ത് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് പോലീസിന്റെ നിഗമനങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. തീവ്രവാദികള്‍ക്കായി പ്രചാരണം നടത്തിയവര്‍ തങ്ങളുടെ തെറ്റ് മനസ്സിലാക്കി അതേറ്റുപറയണമെന്ന് വി. മുരളീധരന്‍ ആവശ്യപ്പെട്ടു.