ഇന്ത്യയില്‍ കഴിയുന്നവരുടെ കണക്കെടുത്ത് പാക്കിസ്ഥാനിലേക്ക് അയക്കാന്‍ രാധാകൃഷ്ണനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല: തുഗ്ലക്കുമായി മോദിയെ താരതമ്യം ചെയ്യുന്നത് പോലും തെറ്റെന്നും കെ. മുരളീധരന്‍
Daily News
ഇന്ത്യയില്‍ കഴിയുന്നവരുടെ കണക്കെടുത്ത് പാക്കിസ്ഥാനിലേക്ക് അയക്കാന്‍ രാധാകൃഷ്ണനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല: തുഗ്ലക്കുമായി മോദിയെ താരതമ്യം ചെയ്യുന്നത് പോലും തെറ്റെന്നും കെ. മുരളീധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th January 2017, 9:37 am

k-muraleedharan

പാലക്കാട്: സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ ഭീഷണിയില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ്  കെ.മുരളീധരന്‍.

ഇന്ത്യയില്‍ ജീവിക്കുന്നവരുടെ കണക്കെടുത്ത് പാക്കിസ്ഥനിലേക്ക് അയക്കാന്‍ എ.എന്‍ രാധാകൃഷ്ണനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കെ മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. പാലക്കാട് ഐക്യജനാധിപത്യ മുന്നണി സഹകാരികളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍.

ഇന്ത്യയില്‍ കഴിയുന്നവരെ പാക്കിസ്ഥാനിലേക്ക് അയക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരായാണ് യു.എ.പി.എ ചുമത്തേണ്ടത്. അതാണ് രാജ്യദ്രോഹമെന്നും  മുരളീധരന്‍ പറഞ്ഞു.

  സംവിധായകന്‍ കമല്‍ ഉന്നയിച്ച ആശയങ്ങളോട് വിയോജിപ്പുണ്ടാകാം. എന്നാല്‍ കമലിന് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് അഭിപ്രായ വ്യത്യാസമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

രാജ്യത്ത് അഭിപ്രായം പറയാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. മറുപടി പറയുന്നവരെ നാടു കടത്തണമെന്ന് ആവശ്യപ്പെടുന്നതിനെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും മുരളീധരന്‍ പറയുന്നു.


നേരത്തെ കമലിനെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന ബി.ജെ.പി വാദത്തെ എതിര്‍ത്ത് മുരളീധരന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ഇന്ത്യ എന്നുമുതലാണ് സംഘികളുടെ തറവാട് സ്വത്ത് ആയതെന്ന് ഫേസ്ബുക്കില്‍ മുരളീധരന്‍ ചോദിച്ചിരുന്നു.

കേരളത്തെ സാമ്പത്തികമായി തകര്‍ത്ത് നിലയുറപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും മുരളീധരന്‍ പറഞ്ഞു.

നോട്ടു നിരോധനത്തിന്റെ ഭാഗമായി സഹകരണ മേഖലയില്‍ സാമ്പത്തിക ഉപരോധമാണു കൊണ്ടുവന്നത്. ശക്തമായ സഹകരണ മേഖലയെ തകര്‍ത്തു കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി. സഹകരണ മേഖല തകര്‍ന്നാല്‍ കേരളം കേന്ദ്രത്തെ ആശ്രയിക്കേണ്ടിവരും.

മേഖലയുടെ നിലനില്‍പ്പിനായി യു.ഡി.എഫ്, എല്‍.ഡി.എഫ് ഐക്യം വേണം. നോട്ടുനിരോധനത്തിലൂടെ കോര്‍പറേറ്റുകളെ സഹായിക്കുകയാണു ചെയ്യുന്നത്.

രാജ്യസഭയില്‍ ഭൂരിപക്ഷം നേടുകയാണു ഇനി ബി.ജെ.പിയുടെ ശ്രമം. തുടര്‍ന്നു ഏക വ്യക്തിനിയമവും പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തിരഞ്ഞെടുപ്പു കൊണ്ടുവരാനും ലക്ഷ്യമിടുന്നു.

മോദിയെ തുഗ്ലക്കുമായി താരതമ്യം ചെയ്യുന്നതു ശരിയല്ല. തെറ്റു മനസ്സിലായി തിരുത്തിയ ഭരണാധികാരിയാണ് തുഗ്ലക്ക്. തെറ്റു തിരുത്താത്ത ഭരണാധികാരിയാണ് മോദി. ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പെന്ന വാദമാണു മോദി തുടരുന്നത്.

നോട്ടു നിരോധനത്തെ പറ്റി എം.ടി. വാസുദേവന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു.