കൊച്ചി: കൊവിഡ് വാക്‌സിന്‍ സംസ്ഥാനം പണംകൊടുത്ത് വാങ്ങണമെന്ന കേന്ദ്രനിര്‍ദേശം വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ചുകൊടുക്കുന്ന ഒരു സത്കര്‍മം സമൂഹമാധ്യമത്തില്‍ കണ്ടെന്നും ഈ സാഹചര്യത്തില്‍ നമുക്കോരോരുത്തര്‍ക്കും ചെയ്യാന്‍ കഴിയുന്നതില്‍ ഏറ്റവും ചുരുങ്ങിയ കാര്യമാണ് അതെന്നും യുഎന്‍ ദുരന്ത നിവാരണ വിദഗ്ദന്‍ മുരളി തുമ്മാരുകുടി.
സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന് പറഞ്ഞും കേട്ടും മാത്രമേ നാം ശീലിച്ചിട്ടുള്ളൂവെന്നും കൊറോണക്കാലത്ത് നമ്മള്‍ മുന്നില്‍ കാണുന്നത് നമ്മള്‍ ശീലിച്ചിട്ടില്ലാത്തത്രയും കരുതലും കരുണയും കാര്യക്ഷമതയുമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാണെന്നും അത് മറക്കരുതെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.
ഇന്നലെ ഞാന്‍ എന്റെ സഹോദരങ്ങളോടും അവരുടെ മക്കളോടും മക്കളുടെ മക്കളോടും ഈ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന്‍ ആവശ്യപ്പെട്ടു. നേരം വെളുത്തപ്പോഴേക്കും നല്ലൊരു തുക വാഗ്ദാനം കിട്ടി. ഇന്നിപ്പോള്‍ അത് തുമ്മാരുകുടിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു.
എന്റെ വായനക്കാരോട് ഞാന്‍ വല്ലപ്പോഴും മാത്രം ഒരു നല്ല കാര്യത്തിന് കുറച്ചു പണം കൊടുക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഇന്ന് അത്തരത്തില്‍ ഒരു ദിവസമാണ്. ഇന്നലെ 22 ലക്ഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വാക്‌സിന് വേണ്ടി എത്തിയതെങ്കില്‍ ഇന്നും നാളെയുമായി നമുക്കത് കോടികള്‍ ആക്കണം.
സാധിക്കുന്നവര്‍ സാധിക്കുന്നത്ര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുമല്ലോ. ഇത് ഒരു നന്ദി പ്രകാശനമല്ല. ഈ നാടിന്റെ രീതിയാണ്, നമ്മള്‍ ഒറ്റക്കെട്ടാണ് എന്ന ചിന്തയാണ്, ഒപ്പമുണ്ടെന്ന വാക്കാണ്.
നമ്മുടെ എല്ലാവരുടേയും മാതാപിതാക്കളും മക്കളും സഹോദരങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഒക്കെ കൊറോണക്കാലം കഴിഞ്ഞു കെട്ടിപ്പിടിക്കാന്‍ നമ്മോടൊപ്പം വേണം. പണമില്ലാത്തത് കൊണ്ട് വാക്‌സിന്‍ ഒരു ദിവസം പോലും വൈകരുത്, അദ്ദേഹം ഫേസ്ബുക്കിലെഴുതി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ…?
വ്യക്തിപരമായി ആശ്വാസത്തിന്റെ ഒരു ദിവസമാണിന്ന്. അമ്മയുടെ രണ്ടാമത്തെ വാക്‌സിനും എടുത്തു. അമ്മക്ക് എണ്‍പത് വയസ്സ് കഴിഞ്ഞു. (കഴിഞ്ഞിട്ട് വര്‍ഷങ്ങള്‍ പലതായെങ്കിലും എണ്‍പത് കഴിഞ്ഞപ്പോള്‍ മുതല്‍ അമ്മയുടെ വയസ്സ് എണ്ണുന്നത് ഞങ്ങള്‍ നിറുത്തി. എണ്ണി എണ്ണി എന്തിനാണീ പ്രായം കൂട്ടുന്നത്?).
കൊറോണക്കാലത്ത് വ്യക്തിപരമായി ഏറ്റവും വലിയ ആശങ്ക അമ്മയുടെ ആരോഗ്യം തന്നെയാണ്. സാധാരണഗതിയില്‍ ഒരു രോഗവുമില്ലാത്ത, പത്താമത്തെ വയസ്സ് മുതല്‍ പാടത്തും പറമ്പിലും അധ്വാനിച്ചു ജീവിക്കുന്ന ആളാണ്. കഴിഞ്ഞ തവണ വീട്ടില്‍ പോയപ്പോള്‍ പറമ്പില്‍ പുളി മരത്തിന്റെ താഴെ നടന്നു പുളി പെറുക്കിക്കൂട്ടുകയാണ്. എന്നെ കണ്ടപ്പോള്‍ ചെറുതായൊന്നു ചമ്മി. വീടിന് പുറത്ത് അധികം പണി ചെയ്യാനൊന്നും ഇറങ്ങരുതെന്ന് പറഞ്ഞിട്ടാണ് അനിയന്‍ ഓഫീസില്‍ പോകുന്നത്.
‘അവനോട് പറയണ്ട കേട്ടോ’ അമ്മ പറഞ്ഞു. അങ്ങനെ ആരോഗ്യമായിരിക്കുന്ന അമ്മക്ക് കൊറോണ പിടിപെട്ടാലോ എന്ന പേടി എപ്പോഴും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മാസങ്ങളോളം നാട്ടില്‍ ഉണ്ടായിട്ടും രണ്ടോ മൂന്നോ തവണ മാത്രമാണ് കണ്ടത്. ഒന്ന് കെട്ടിപ്പിടിച്ചു കൂടിയില്ല.
ഇന്നിപ്പോള്‍ അമ്മക്ക് രണ്ടാമത്തെ വാക്‌സിനും കിട്ടിയപ്പോള്‍ വലിയ ആശ്വാസം.
രണ്ടു വാക്‌സിനും എടുത്തവര്‍ക്കും രോഗമുണ്ടാകാമെങ്കിലും സാധ്യത തീര്‍ച്ചയായും കുറവാണ്, ഉണ്ടായാല്‍ത്തന്നെ ഗുരുതരമാകുന്നില്ല. ഇന്ന് ശാസ്ത്രത്തിന് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി അവര്‍ ചെയ്തിരിക്കുന്നു.
ആദ്യത്തെ നന്ദി ശാസ്ത്രജ്ഞരോട് തന്നെയാണ്. ലോക ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വേഗത്തിലാണ് അവര്‍ കൊറോണക്ക് വാക്‌സിന്‍ കണ്ടുപിടിച്ചത്. ലോകത്തെ അനവധി ലാബുകളില്‍, പകലും രാത്രിയും ജോലി ചെയ്ത്, വ്യക്തിപരമായി രോഗം ഉണ്ടാകാനുള്ള സാധ്യതകളെ അവഗണിച്ച് അവര്‍ സമൂഹത്തെ ഈ മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള രക്ഷാമാര്‍ഗം കണ്ടെത്തി.
ലാബില്‍ ഒന്നോ പത്തോ തരം വാക്‌സിന്‍ ഉണ്ടാക്കിയാലും അത് കോടിക്കണക്കിന് ആളുകളിലേക്ക് എത്തിക്കുക എന്നതും വെല്ലുവിളിയാണ്, അതും വൈകുന്ന ഓരോ ദിവസവും ആയിരങ്ങളുടെ മരണം കൂടുതല്‍ സംഭവിക്കുന്ന സാഹചര്യത്തില്‍. അതുകൊണ്ട് തന്നെ വാക്‌സിന്‍ ഫാക്ടറികളോട്, അവിടുത്തെ ഉഗ്യോഗസ്ഥര്‍ മുതല്‍ സെക്യൂരിറ്റി വരെയുള്ളവരോട് നന്ദി പറഞ്ഞേ പറ്റൂ.
ഫാക്ടറിയില്‍ നിന്നും വെങ്ങോലയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ വാക്‌സിന്‍ എത്തുന്നത് വരെ സങ്കീര്‍ണ്ണമായ ഒരു സപ്ലൈ ചെയിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ശീതികരിച്ച കണ്ടെയ്നറുകള്‍, വിമാനം, ട്രെയിന്‍, ട്രക്ക്, എന്നിങ്ങനെ എവിടെയൊക്കെ കയറിയിറങ്ങിയാണ് വാക്‌സിന്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്!
ആര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കേണ്ടത് എന്ന് തീരുമാനിക്കുന്ന ഡോക്ടര്‍മാര്‍, അത് നടപ്പിലാക്കുന്ന സോഫ്ട്‌വെയര്‍ ഡിസൈനര്‍ തുടങ്ങി വാക്്‌സിന്‍ ശൃംഖലയുടെ പിന്നില്‍ ശ്രദ്ധിക്കപ്പെടാത്ത അനേകം ആളുകള്‍ ഇനിയുമുണ്ട്.
അവസാനത്തെ കണ്ണി വെങ്ങോല പബ്ലിക് ഹെല്‍ത്ത് സെന്ററിലെ ആരോഗ്യ പ്രവര്‍ത്തകരാണ്. തിരക്കില്ലാത്ത സമയം നോക്കി പ്രായമായ അമ്മയെ വിളിച്ചുവരുത്തി സ്‌നേഹപൂര്‍വ്വം വാക്‌സിന്‍ നല്‍കി തിരിച്ചയച്ചു. ഒരു രൂപ പോലും ആരും ചോദിച്ചില്ല, കൊടുത്തുമില്ല.
സര്‍ക്കാര്‍ കാര്യം മുറ പോലെ എന്ന് പറഞ്ഞും കേട്ടും മാത്രമേ നാം ശീലിച്ചിട്ടുള്ളൂ. കൊറോണക്കാലത്ത് നമ്മള്‍ മുന്നില്‍ കാണുന്നത് നമ്മള്‍ ശീലിച്ചിട്ടില്ലാത്തത്രയും കരുതലും കരുണയും കാര്യക്ഷമതയുമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാണ്. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
എല്ലാവരോടും ഏറെ നന്ദിയുണ്ട്.
ഇപ്പോള്‍ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ പണം കൊടുത്തു വാങ്ങണമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നു. വാക്‌സിന്‍ എടുത്തവരും എടുക്കാത്തവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിന് വേണ്ടി പണം കൊടുക്കുന്ന ഒരു സല്‍ക്കര്‍മം സമൂഹ മാധ്യമത്തില്‍ കണ്ടു. ഇന്നലെ മുഖ്യമന്ത്രി അതിനെപ്പറ്റി പത്ര സമ്മേളനത്തില്‍ പറയുകയും ചെയ്തു.
‘നമ്മുടെ നാടിന്റെ രീതിയാണ്’ എന്നാണദ്ദേഹം പറഞ്ഞത്. ശരിയാണ്. ഈ സാഹചര്യത്തില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നതില്‍ ഏറ്റവും ചുരുങ്ങിയ കാര്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുറച്ചു പണം അയക്കുക എന്നത്. സാധാരണ ഗതിയില്‍ വിളിച്ചു പറഞ്ഞു വെടി വഴിപാട് നടത്തുന്ന രീതി ഈ കോലോത്ത് ഇല്ലാത്തതാണ്’
എന്നാല്‍ ഇതൊരു സാധാരണ സമയമല്ല. ഇന്നലെ ഞാന്‍ എന്റെ സഹോദരങ്ങളോടും അവരുടെ മക്കളോടും മക്കളുടെ മക്കളോടും ഈ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന്‍ ആവശ്യപ്പെട്ടു.
നേരം വെളുത്തപ്പോഴേക്കും നല്ലൊരു തുക വാഗ്ദാനം കിട്ടി. ഇന്നിപ്പോള്‍ അത് തുമ്മാരുകുടിയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു.
എന്റെ വായനക്കാരോട് ഞാന്‍ വല്ലപ്പോഴും മാത്രം ഒരു നല്ല കാര്യത്തിന് കുറച്ചു പണം കൊടുക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഇന്ന് അത്തരത്തില്‍ ഒരു ദിവസമാണ്.
ഇന്നലെ 22 ലക്ഷമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വാക്‌സിന് വേണ്ടി എത്തിയതെങ്കില്‍ ഇന്നും നാളെയുമായി നമുക്കത് കോടികള്‍ ആക്കണം.
സാധിക്കുന്നവര്‍ സാധിക്കുന്നത്ര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കുമല്ലോ. ഇത് ഒരു നന്ദി പ്രകാശനമല്ല. ഈ നാടിന്റെ രീതിയാണ്, നമ്മള്‍ ഒറ്റക്കെട്ടാണ് എന്ന ചിന്തയാണ്, ഒപ്പമുണ്ടെന്ന വാക്കാണ്.
നമ്മുടെ എല്ലാവരുടേയും മാതാപിതാക്കളും മക്കളും സഹോദരങ്ങളും സുഹൃത്തുക്കളും നാട്ടുകാരും ഒക്കെ കൊറോണക്കാലം കഴിഞ്ഞു കെട്ടിപ്പിടിക്കാന്‍ നമ്മോടൊപ്പം വേണം. പണമില്ലാത്തത് കൊണ്ട് വാക്‌സിന്‍ ഒരു ദിവസം പോലും വൈകരുത്’
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Muralee Thummarukudy talks about the importance of sending money to CM relief fund