കോതമംഗലത്ത് പഠിക്കുന്ന സമയത്ത് ഒരിക്കല്‍ ആളുകള്‍ ഒക്കെ മുനിസിപ്പല്‍ ഓഫീസിലേക്ക് പോകുന്നത് കണ്ട് ഞാനും ആ വഴിക്കു പോയി. അവിടെ ചെന്നപ്പോള്‍ കോതമംഗലത്തെ വിവിധ ഹോട്ടലില്‍ നിന്നും പിടിച്ച പഴകിയ ഭക്ഷണ സാധനങ്ങള്‍ ആയിരുന്നു പ്രദര്ശിപ്പിച്ചിരുന്നത്. കണ്ടാല്‍ അറക്കുകയും ശര്‍ദ്ദിക്കാന്‍ തോന്നുകയും ചെയ്യും.
ഞാന്‍ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന ഹോട്ടലുകള്‍ ആയിരുന്നു പലതും. കുറച്ചു നാളത്തേക്ക് ഹോട്ടലില്‍ പോക്ക് നിറുത്തി.
പിന്നെ ഇതേ കാഴ്ച, ഇതേ വാര്‍ത്തകള്‍ എത്രയോ കണ്ടു. ഒരു മാറ്റവുമില്ല.
ഇത് ഹോട്ടലിലെ ഭക്ഷണത്തിന്റെ കാര്യമാണ്.
ഇനി ഹോട്ടലുകളുടെ അടുക്കളയുടെ കാര്യം എടുക്കാം
കൊവിഡിന് തൊട്ടുമുമ്പുള്ള കാലത്ത് മൈഗ്രെഷനെ പറ്റി മനസിലാക്കുന്നതിന് ഭാഗമായി ഞാന്‍ കേരളത്തിലെ അനവധി ഹോട്ടലുകളുടെ അടുക്കളയില്‍ പോയിട്ടുണ്ട്.
സോസേജിനെയും നിയമത്തേയും പറ്റി ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്. ”If you like laws and sausages, you should never watch either one being made.’ കേരളത്തിലെ ഹോട്ടല്‍ ഭക്ഷണത്തിന്റെ കാര്യവും ഏതാണ്ട് അതുപോലെയാണ് എന്ന് മനസിലായി. ഹോട്ടല്‍ ഭക്ഷണം ഇഷ്ടമാണെങ്കില്‍ അവരുടെ അടുക്കള പോയി നോക്കാതിരിക്കുന്നതാണ് ഭംഗി. ഇത് എല്ലാ ഹോട്ടലുകാരെയും ഒരുമിച്ച് ആക്ഷേപിക്കുന്നതല്ല കേട്ടോ. നന്നായി നടത്തുന്ന ഹോട്ടലുകള്‍ ഒക്കെയുണ്ട്.
പക്ഷെ പൊതുവെ പറഞ്ഞാല്‍ നമ്മുടെ ഹോട്ടലുകളിലെ ആരോഗ്യ സംവിധാനത്തില്‍ പോരായ്മകള്‍ ഉണ്ട്. അത് പരിശോധിച്ച് നിയന്ത്രിക്കേണ്ട സംവിധാനത്തില്‍ അതിലേറെ. അതാണ് രോഗമായി മരണമായി ഇടക്കിടക്ക് നമ്മെ അലട്ടുന്നത്. ഇത് ഇടക്കിടക്ക് കുറച്ചു പരിശോധയും പൂട്ടലുമായി സര്‍ക്കാര്‍ ശരിയാക്കും എന്നൊരു പ്രതീക്ഷ എനിക്കില്ല. എത്ര നാളായി കാണുന്നതാണ്.
ഇക്കാര്യത്തില്‍ കേരളത്തിലെ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ ആണ് മുന്‍കൈ എടുക്കേണ്ടത്.
കൊവിഡിന് ശേഷം കേരളത്തില്‍ ആളുകള്‍ പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നത് ഏറെ കൂടിയിട്ടുണ്ട്. ഇതൊരു നല്ല കാര്യമാണ്.
പണം നല്‍കുന്നവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണം നല്‍കുക എന്നത് നിയമപരമായ ഉത്തരവാദിത്തം മാത്രമല്ല നല്ല ബിസിനസ് കൂടിയാണ്.
തല്‍ക്കാല ലാഭം നോക്കി ചെറിയ ഷോര്‍ട്ട് കട്ട് എടുത്താല്‍ ദീര്‍ഘകാലം ബിസിനസിന് നിലനില്‍ക്കാന്‍ പറ്റില്ല.
പകരം ആരോഗ്യകരമായി ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള പരിശീലനം ഹോട്ടലില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും നല്‍കണം. അങ്ങനെ അല്ലാത്തവരെ ഹോട്ടലില്‍ ജോലിക്ക് വെക്കില്ല എന്ന് എല്ലാവരും കൂടി തീരുമാനിക്കണം. അങ്ങനെ പരിശീലനം നല്‍കാന്‍ സംവിധാനം ഉണ്ടാക്കണം, ഈ സര്‍ട്ടിഫിക്കറ്റ് ഓരോ വര്‍ഷവും പുതുക്കണം. ഇതൊന്നും സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് ആക്കി അഴിമതി കൂട്ടേണ്ട കാര്യമില്ല. ഹോട്ടല്‍ സംഘടനകള്‍ തന്നെ ചെയ്താല്‍ മതി.
ഓരോ ദിവസവും ഹോട്ടലില്‍ വരുന്ന കസ്റ്റമര്‍മാരില്‍ ആവശ്യപ്പെടുന്നവര്‍ ഉള്‍പ്പടെ ഒരു അഞ്ചു പേരോട് അടുക്കള ഒന്ന് വിസിറ്റ് ചെയ്ത് അവിടുത്തെ സ്ഥിതിയെപ്പറ്റി ഒന്ന് കമന്റ് ചെയ്ത് പബ്ലിക്ക് ആക്കി വക്കണം.
എങ്ങനെയാണ് ആരോഗ്യകരമായി ഹോട്ടല്‍ നടത്തേണ്ടത് എന്നറിയുന്നവര്‍ കേരളത്തില്‍ ഏറെ ഉണ്ട്, പ്രത്യേകിച്ചുംഅതിനുള്ള പ്രത്യേക പരിശീലനം ഒക്കെ ഉള്ളവര്‍. അവരുടെ സഹായം എടുക്കണം.
ഇതൊക്കെ അറിയാമെങ്കിലും യാത്ര ചെയ്യുമ്പോള്‍ പുറമെ നിന്നും ഭക്ഷണം കഴിക്കാതെ മാര്‍ഗ്ഗമില്ല. അപ്പോള്‍ ഞാന്‍ എന്നോട് തന്നെ പറയുന്ന ചില കാര്യങ്ങള്‍ ഉണ്ട്.
ഇപ്പോഴത്തെ ഹോട്ടല്‍ ഇന്‌സ്‌പെക്ഷനും അടക്കലും ഒന്നും കണ്ട് സമാധാനപ്പെടേണ്ട. തൊള്ളായിരത്തി എണ്‍പതിലെ കോതമംഗലം ഇന്‍സ്പെക്ഷന്‍ കഴിഞ്ഞിട്ട് കാലം എത്രയായി. അടുത്ത അപകടം ബോട്ടിലാണെങ്കില്‍ എല്ലാവരും കൂടി ബോട്ട് ഇന്‌സ്‌പെക്ഷന് പൊക്കോളും. മാധ്യമങ്ങളും.
നമ്മള്‍ സൂക്ഷിച്ചാല്‍ നമുക്ക് കൊള്ളാം
ഹോട്ടലുകളുടെ വൃത്തിയും ഭക്ഷണത്തിന്റെ വിലയും തമ്മില്‍ ഒരു ബന്ധവും ഇല്ല.
വൃത്തിയുള്ളതും ഇല്ലാത്തതും എല്ലാ റേഞ്ചിലും ഉണ്ട്. കുടുംബശ്രീ ഹോട്ടലുകള്‍ ഇതുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.
ഹോട്ടലിന്റെ ഉമ്മറത്തെ വൃത്തിയും പിന്നാമ്പുറത്തെ വൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല. കാണാവുന്ന അടുക്കള ഉള്ളത് പൊതുവെ നല്ല ചിഹ്നം ആണ്.
സ്ഥിരമായി പോകുന്ന ഹോട്ടല്‍ ആണെങ്കില്‍ അവരുടെ അടുക്കള ഒന്ന് പോയി നോക്കണം. തനിക്കു താനും പുരക്ക് തൂണും എന്നാണല്ലോ.
ഹോട്ടലില്‍ കുപ്പിവെള്ളം കുടിക്കുന്നതിലും ചൂട് വെള്ളം കുടിക്കുന്നതാണ് ബുദ്ധി (ഇവിടെ തന്നെ തിളപ്പിച്ച് ആറ്റുന്നതിന് പകരം കുറേ തണുത്ത വെള്ളത്തിലേക്ക് കുറച്ചു ചൂട് വെള്ളം ഒഴിച്ച് കുടിക്കാനുള്ള ചൂടുവെള്ളം ഉണ്ടാക്കുന്ന സംവിധാനം ഉണ്ട്, പക്ഷെ അല്പം ചൂടാണ് ഒട്ടും ചൂടില്ലാത്തതിലും നല്ലത്). കട്ടന്‍ ചായ ഒരു പോംവഴിയാണ്.
ഐസ് ഇട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി. സാലഡ് കഴിക്കുന്നത് ഒരിക്കലും ബുദ്ധിയല്ല.
ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ എന്തെങ്കിലും പഴകിയതാണോ മോശമാണോ എന്ന് തോന്നിയാല്‍ ഉടന്‍ കഴിക്കല്‍ നിര്‍ത്തണം. പഴകിയതാണോ എന്ന് ഹോട്ടലുകാരോട് ചോദിക്കുകയൊന്നും വേണ്ട, അങ്ങനെ ഒന്നും അവര്‍ സമ്മതിച്ച ചരിത്രം ഇല്ല. നിങ്ങളുടെ ചിന്ത ശരിയാവാനാണ് സാധ്യത, ഇല്ലെങ്കിലും കാശല്ലേ പോകൂ, ജീവന്‍ ഉണ്ടാകുമല്ലോ. താല്‍ക്കാലത്തെ സ്ഥിതി തുടരും, അതുകൊണ്ട് കേരളത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് ആരോഗ്യ ഇന്‍ഷുറന്‍സും ലൈഫ് ഇന്‍ഷുറന്‍സും ഉണ്ടായിരിക്കുന്നത് നല്ലതാണ്.
Content Highlight: Muralee Thummarukudy’s write up on hotel food in kerala and its inspections