| Thursday, 18th February 2021, 10:13 am

പന്തിയില്‍ പക്ഷപാതവും ഫേക്ക് ന്യൂസില്‍ സംശയവും പാടില്ല; എല്‍.ഡി.എഫ് സാധ്യത പട്ടികയില്‍ 'ഉള്‍പ്പെടുത്തിയ' 24 ന്യൂസിന് താങ്ക് യു പറഞ്ഞ് മുരളി തുമ്മാരുകുടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന 24 ന്യൂസിന്റെ വാര്‍ത്തയില്‍ പ്രതികരണവുമായി ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. 24 ന്യൂസിന്റെ കേരള ബാറ്റില്‍ ഇലക്ഷന്‍ ഗേറ്റ് എന്ന പരിപാടിയിലായിരുന്നു മുരളി തുമ്മാരുകുടി എല്‍.ഡി.എഫിന് വേണ്ടി മത്സരിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ സജീവമായി പ്രചരിക്കുന്നുണ്ടെന്ന കാര്യം പറയുന്നത്.

മുരളി തുമ്മാരുകുടിക്ക് പുറമെ സംവിധായകരായ കമലും രഞ്ജിത്തും എല്‍.ഡി.എഫ് നു വേണ്ടി മത്സരിച്ചേക്കുമെന്നും പരാമര്‍ശം ഉണ്ടായിരുന്നു. കമല്‍ കൊടുങ്ങല്ലൂരും രഞ്ജിത്ത് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലും മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

അതേസമയം, എല്‍.ഡി.എഫ് നു വേണ്ടി മത്സരിക്കുമെന്ന വാര്‍ത്തയോട് വളരെ രസകരമായാണ് മുരളി തുമ്മാരുകുടി പ്രതികരിച്ചിരിക്കുന്നത്.

മണ്ഡലമറിയാത്ത തുമ്മാരുകുടി, സംവിധായകന്‍ കമല്‍, രഞ്ജിത്ത് എന്നീ പ്രമുഖരോടൊപ്പം മറ്റൊരു പ്രമുഖനായ എന്നെയും എല്‍.ഡി.എഫ് സാധ്യത പട്ടികയില്‍ എടുത്തിട്ടുണ്ടെന്ന് കാറ്റു പറഞ്ഞുവെന്ന് ന്യൂസ് 24 ചാനല്‍. താങ്ക് യു എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത്.

കമലിന് കൊടുങ്ങല്ലൂരും രഞ്ജിത്തിന് കോഴിക്കോടും നല്‍കിയപ്പോള്‍ മുരളി തുമ്മാരുകുടിക്ക് മണ്ഡലം എന്തെന്ന് അറിയില്ല പോലും താന്‍ എന്താ തവിട് കൊടുത്തു വാങ്ങിയ പ്രമുഖന്‍ ആണോ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ എഴുതി. പന്തിയില്‍ പക്ഷപാതവും ഫേക്ക് ന്യൂസില്‍ സംശയവും പാടില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം:

മണ്ഡലമറിയാത്ത തുമ്മാരുകുടി
സംവിധായകന്‍ കമല്‍, രഞ്ജിത്ത് എന്നീ പ്രമുഖരോടൊപ്പം മറ്റൊരു പ്രമുഖനായ എന്നെയും എല്‍.ഡി.എഫ് സാധ്യത പട്ടികയില്‍ എടുത്തിട്ടുണ്ടെന്ന് കാറ്റു പറഞ്ഞുവെന്ന് ന്യൂസ് 24 ചാനല്‍. താങ്ക് യു !.
ഈ കാറ്റ് മറ്റു ചാനലുകളിലും വേഗത്തില്‍ അടിക്കുമെന്ന് വിശ്വസിക്കുന്നു.ഏറ്റവും വേഗത്തില്‍ എന്റെ പേര് നിങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തണം. യു.ഡി.എഫ് ആണെങ്കിലും ഓക്കേ.
പക്ഷെ കമലിന് കൊടുങ്ങല്ലൂരും രഞ്ജിത്തിന് കോഴിക്കോടും നല്‍കിയപ്പോള്‍ മുരളി തുമ്മാരുകുടിക്ക് മണ്ഡലംഎന്തെന്ന് അറിയില്ല പോലും. ഞാന്‍ എന്താ തവിട് കൊടുത്തു വാങ്ങിയ പ്രമുഖന്‍ ആണോ ?
ഇതൊന്നും ഒട്ടും ശരിയല്ല, പന്തിയില്‍ പക്ഷപാതവും ഫേക്ക് ന്യൂസില്‍ സംശയവും പാടില്ല.
വാര്‍ത്ത ഒന്നാമത്തെ കമന്റില്‍ ഉണ്ട്. 1 മിനുട്ട് 57 സെക്കന്‍ഡ് മുതല്‍
മുരളി തുമ്മാരുകുടി

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Muralee Thummarukudy about 24 news report

We use cookies to give you the best possible experience. Learn more