| Wednesday, 6th October 2021, 2:47 pm

കേരളത്തില്‍ സഞ്ചരിക്കുമ്പോള്‍ ഭക്ഷണം കഴിക്കാനിഷ്ടം കുടുംബശ്രീ ഹോട്ടലുകളില്‍ നിന്ന്; കെ.എഫ്.സിക്കുമുള്ളത് പോലെ കുടുംബശ്രീ ഹോട്ടലുകള്‍ കണ്ടുപിടിക്കാനും ആപ്പ് വേണം; മുരളി തുമ്മാരുകുടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലെ ഇരുപത് രൂപ ഊണിന് നിലവാരമില്ലെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന് വന്നിരുന്നു. സര്‍ക്കാര്‍ പറഞ്ഞ കറികളൊന്നും ഇല്ലാതെ ചോറ് മാത്രമായാണ് നല്‍കുന്നതെന്നായിരുന്നു വാര്‍ത്ത വന്നത്.

എന്നാലിപ്പോള്‍ കേരളത്തിലെ കുടുംബശ്രീ ഹോട്ടലുകളിലെ ഭക്ഷണത്തെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരിക്കുകയാണ് യു.എന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഭക്ഷണത്തെക്കുറിച്ചുള്ള തന്റെ ഓര്‍മകളും കാഴ്ചപ്പാടുകളും പങ്കുവെച്ചത്. ജനകീയമായ ഊണ് എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.

കേരളത്തില്‍ സഞ്ചരിക്കുമ്പോള്‍ കുടുംബശ്രീ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനാണ് തനിക്കിഷ്ടമെന്നാണ് അദ്ദേഹം പറയുന്നത്.

”കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കുമ്പോള്‍ ഞാന്‍ ഭക്ഷണം കഴിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് കുടുംബശ്രീ പോലുള്ള സംവിധാനം നടത്തുന്ന ഹോട്ടലുകളില്‍ നിന്നാണ്. ഇന്നലത്തെ ഭക്ഷണം അല്ല എന്നുറപ്പുള്ളത് തന്നെ കാര്യം. പല റൂട്ടിലും ആ ഹോട്ടലുകള്‍ എവിടെയാണ് എന്നറിയാം. അവിടെ നിര്‍ത്തും,” പോസ്റ്റില്‍ പറഞ്ഞു.

പരിചയമില്ലാത്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇത് സാധിക്കാറില്ലെന്ന് പറഞ്ഞ തുമ്മാരുകുടി ഇതിന് പരിഹാരമായി ഒരു നിര്‍ദേശവും പോസ്റ്റില്‍ പറയുന്നുണ്ട്.

കുടുംബശ്രീ ഹോട്ടലുകള്‍ ഹോട്ടലുകള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ആപ്പ് വേണമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ഭക്ഷണമനുസരിച്ച് ആളുകള്‍ക്ക് ഹോട്ടലിനെ റേറ്റ് ചെയ്യാന്‍ ഉപകരിക്കുമെന്നും പോസ്റ്റില്‍ പറയുന്നു.

”കേരളത്തിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളും ജനകീയ ഹോട്ടലുകളും ഇന്ത്യന്‍ കോഫി ഹൗസും ഒക്കെ എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പറ്റുന്ന ഒരു ആപ്പ് ഉണ്ടാക്കണം എന്ന് ഞാന്‍ പലരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മക്‌ഡൊണാള്‍ഡിനും കെ.എഫ്.സിക്കും ഒക്കെ ഉള്ളത് പോലെ.

അതില്‍ ഏതെങ്കിലും ഒന്നില്‍ ഭക്ഷണം നന്നല്ലെങ്കില്‍, വൃത്തി കുറവാണെങ്കില്‍ സര്‍വ്വീസ് മോശമാണെങ്കില്‍ ആളുകള്‍ക്ക് റേറ്റിങ് കൊടുക്കുകയും ചെയ്യാമല്ലോ,” മുരളി തുമ്മാരുകുടി പറഞ്ഞു.

ചെറുപ്പകാലത്ത് താന്‍ ആദ്യമായി ഹോട്ടലില്‍ നിന്നും ഊണ് കഴിച്ചതിന്റെ അനുഭവം പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. പഴയ കാലത്ത് നാട്ടില്‍ അരിക്ക് ക്ഷാമം നേരിട്ടതിന്റെ കാര്യങ്ങളും ഇന്ന് ഭക്ഷണം അധികം കഴിക്കുന്നതിലൂടെ മലയാളികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുമൊക്കെ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

”അന്ന് കേരളത്തില്‍ അരിക്കൊക്കെ ക്ഷാമം ഉള്ള കാലമാണ്. ഇതൊന്നും കണ്ടിട്ടില്ലാത്ത ഒരു തലമുറ ഇപ്പോള്‍ കേരളത്തില്‍ ഉണ്ട്. അത് സ്വാഭാവികമായി ഉണ്ടായതല്ല, ഒരു തലമുറ നാട്ടിലും മറുനാട്ടിലും അധ്വാനിച്ചുണ്ടാക്കിയ ഭക്ഷ്യ സുരക്ഷയാണ്.

ആവശ്യത്തില്‍ കൂടുതല്‍ ചോറ് കഴിക്കുന്നതാണ് മലയാളിയുടെ ആരോഗ്യ പ്രശ്‌നങ്ങളിലെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്ന് എന്ന് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്,” പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കുടുംബശ്രീ ഹോട്ടലുകളിലെ ചോറ് മോശമാണെന്ന് പറഞ്ഞ് വന്ന വാര്‍ത്തകളോട് കുടുംബശ്രീ ഹോട്ടല്‍ നടത്തിപ്പുകാരും പ്രതികരിച്ചിരുന്നു.

ഊണ്‍ ഒന്നിന് ഇരുപത് രൂപയാണ് ആളുകളില്‍ നിന്ന് വാങ്ങുന്നത്. പത്ത് രൂപ സബ്‌സിഡിയായി സര്‍ക്കാരും നല്‍കുന്നുണ്ട്. എന്നാല്‍ മുപ്പത് രൂപ കിട്ടിയിട്ടും സര്‍ക്കാര്‍ പറഞ്ഞതുപോലെ ഊണ് കൊടുക്കാന്‍ പറ്റുന്നില്ലെന്നായിരുന്നു ഹോട്ടല്‍ നടത്തിപ്പുകാര്‍ പറഞ്ഞത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

ജനകീയമായ ഊണ്

ആദ്യമായി ഹോട്ടലില്‍ നിന്നും ഊണ് കഴിച്ചത് തൊള്ളായിരത്തി എഴുപത്തി മൂന്നില്‍ ആണ്. അച്ഛന്‍ തൃശൂരില്‍ ആശുപത്രിയില്‍ ആയിരുന്നു. അമ്മന്‍വറെ കൂടെ അച്ഛനെ കാണാന്‍ പോയി. ഉച്ചക്ക് ഹോട്ടലില്‍ ആണ് കഴിച്ചത്.

അന്ന് കേരളത്തില്‍ അരിക്കൊക്കെ ക്ഷാമം ഉള്ള കാലമാണ്, അത്‌കൊണ്ട് ഹോട്ടലില്‍ രണ്ടു തരം ഊണുണ്ട്. ഒന്ന് സ്റ്റാന്‍ഡേര്‍ഡ് ഊണ്, ഒരു രൂപ ആണെന്നാണ് ഓര്‍മ്മ. അതില്‍ ഒറ്റ പ്രാവശ്യമേ ചോറ് വിളമ്പൂ. ആവശ്യത്തിന് ചോറ് വേണമെങ്കില്‍ ‘സ്‌പെഷ്യല്‍ ഊണ്’ കൂപ്പണ്‍ എടുക്കണം. അതിന് ഒന്നര രൂപ ആണെന്നാണ് ഓര്‍മ്മ.

അന്നൊക്കെ ഹോട്ടലില്‍ മാത്രമല്ല വീടുകളില്‍ പോലും ഊണുകഴിഞ്ഞ് ഇല എടുത്ത് കഴിയുമ്പോള്‍ അതില്‍ ബാക്കി വരുന്ന ചോറൊക്കെ എടുക്കാന്‍ ആളുകള്‍ അടിപിടി കൂടുന്നത് സാധാരണമായിരുന്നു. അവര്‍ അതിലുള്ള ചോറ് എടുത്ത് ഉണ്ണും, ബാക്കി വന്നാല്‍ വീണ്ടും ഉണക്കി അരിയാക്കി ഉപയോഗിക്കുകയും.

ഇതൊന്നും കണ്ടിട്ടില്ലാത്ത ഒരു തലമുറ ഇപ്പോള്‍ കേരളത്തില്‍ ഉണ്ട്. അത് സ്വാഭാവികമായി ഉണ്ടായതല്ല, ഒരു തലമുറ നാട്ടിലും മറുനാട്ടിലും അധ്വാനിച്ചുണ്ടാക്കിയ ഭക്ഷ്യ സുരക്ഷയാണ്. നാട്ടില്‍ കൃഷി കുറഞ്ഞിട്ടും ഇപ്പോള്‍ കേരളത്തില്‍ അരിക്ക് ക്ഷാമമില്ല, ഹോട്ടലുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഊണ് ഇല്ല. ചോറ് എത്ര വേണമെങ്കിലും കഴിക്കാം, ആവശ്യത്തില്‍ കൂടുതല്‍ ചോറ് കഴിക്കുന്നതാണ് മലയാളിയുടെ ആരോഗ്യ പ്രശ്‌നങ്ങളിലെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്ന് എന്ന് ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്.

കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കുമ്പോള്‍ ഞാന്‍ ഭക്ഷണം കഴിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് കുടുംബശ്രീ പോലുള്ള സംവിധാനം നടത്തുന്ന ഹോട്ടലുകളില്‍ നിന്നാണ്. ഇന്നലത്തെ ഭക്ഷണം അല്ല എന്നുറപ്പുള്ളത് തന്നെ കാര്യം പല റൂട്ടിലും ആ ഹോട്ടലുകള്‍ എവിടെയാണ് എന്ന് എനിക്കും ബേബി ചേട്ടനും അറിയാം. ഞങ്ങള്‍ അവിടെ നിര്‍ത്തും. പണ്ടൊക്കെ പതിനാറു രൂപ ആയിരുന്നു, ചോറും, മീന്‍ ചാറും മതി കഴിക്കാന്‍. വല്ലപ്പോഴും രണ്ടു മത്തി വറുത്തത് കിട്ടിയാല്‍ കുശാല്‍ ആയി. അപ്പോള്‍ ഇരുപത്തി ആറു രൂപ ആകും !

പക്ഷെ പരിചയമില്ലാത്ത റൂട്ടില്‍ പോകുമ്പോള്‍ അത് നടക്കില്ല, കാരണം എവിടെയാണ് അടുത്ത കുടുംബശ്രീ ഹോട്ടല്‍ അല്ലെങ്കില്‍ ഇന്ത്യന്‍ കോഫി ഹൌസ് എന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ലേ. കേരളത്തിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളും ജനകീയ ഹോട്ടലുകളും ഇന്ത്യന്‍ കോഫി ഹൗസും ഒക്കെ എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ പറ്റുന്ന ഒരു ആപ്പ് ഉണ്ടാക്കണം എന്ന് ഞാന്‍ പലരോടും ആവശ്യപ്പെട്ടിട്ടുണ്ട്. മക്‌ഡൊണാള്‍ഡിനും കെ എഫ് സി ക്കും ഒക്കെ ഉള്ളത് പോലെ. അതില്‍ ഏതെങ്കിലും ഒന്നില്‍ ഭക്ഷണം നന്നല്ലെങ്കില്‍, വൃത്തി കുറവാണെങ്കില്‍ സര്‍വ്വീസ് മോശമാണെങ്കില്‍ ആളുകള്‍ക്ക് റേറ്റിങ് കൊടുക്കുകയും ചെയ്യാമല്ലോ.

മുരളി തുമ്മാരുകുടി

#കട്ടസപ്പോര്‍ട്ട്

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Muralee Thummarukudi talks about Kudumbasree Hotels

We use cookies to give you the best possible experience. Learn more