കൊച്ചി: എറണാകുളത്തെ തന്റെ വസ്തുവിൽ അനധികൃതമായി കെ.എസ്ഇ.ബി സ്റ്റേ വലിച്ചുകെട്ടിയെന്നും വഴിയിൽ പോസ്റ്റിട്ടെന്നും ആരോപണവുമായി ഐക്യരാഷ്ട്ര സഭ ദുരന്ത ലഘൂകരണ വിഭാഗം മുൻ മേധാവിയും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി.
വെങ്ങോലയിൽ വരുന്ന പുതിയ കമ്പനിയിലേക്കുള്ള ഹൈ ടെൻഷൻ ലൈൻ വലിക്കാൻ വേണ്ടിയാണ് തന്റെ പറമ്പിൽ ആളില്ലെന്ന് കണ്ട് കുഴിയെടുക്കാൻ കെ.എസ്.ഇ.ബി അധികൃതർ ആദ്യം വന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
എന്നാൽ അന്വേഷിച്ചിട്ട് അങ്ങനെ ഒരു കമ്പനിയെക്കുറിച്ച് വിവരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ റെക്കോർഡ് നോക്കിയാൽ സ്ഥലത്തിന്റെ ഉടമ ആരാണെന്ന് അറിയാമല്ലോ എന്നും സമ്മതമില്ലാതെ പറമ്പിൽ കുഴിയെടുത്തത് ശരിയായില്ലെന്നും പരാതി നൽകുമെന്നും തന്റെ സഹോദരൻ കെ.എസ്.ഇ.ബിയോട് പറഞ്ഞിരുന്നു എന്നും ഇനി എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് തങ്ങൾ അറിയിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എന്നാൽ 24 മണിക്കൂർ കഴിയും മുമ്പ് ഫെബ്രുവരി 16ന് തന്റെ പറമ്പിലേക്ക് രണ്ട് സ്റ്റേ വലിച്ചുകെട്ടിയ കാര്യം സഹോദരൻ വിളിച്ചറിയിച്ചെന്ന് അദ്ദേഹം പറയുന്നു.
മറ്റൊരാളുടെ പറമ്പിൽ കയറി എന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ചോദിക്കേണ്ടേ എന്നും ഇതിന് നിയമങ്ങൾ ഒന്നുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.
‘ഒരാൾ വിദേശത്ത് ഉണ്ട്, അയാളുടെ പറമ്പിൽ ഒരു തരത്തിലുമുള്ള മുന്നറിയിപ്പും ഇല്ലാതെ കടന്നു കയറുന്നു. അക്കാര്യത്തിൽ പരാതി ഉണ്ടെന്ന് പറയുന്നു. പരാതി കൊടുക്കുന്നതിന് മുൻപ് തന്നെ പണിയും തീർത്ത് ലൈനും വലിച്ചു സ്റ്റേയും കെട്ടി പോകുന്നു. അത് അയാൾക്ക് എന്തൊക്കെ നിയന്ത്രണങ്ങളോ നഷ്ടങ്ങളോ ഉണ്ടാക്കുക എന്ന് ഒരു വിവരവും നൽകുന്നില്ല.
ഇതിനൊന്നും ഇവർക്ക് ഒരു നിയമവും ഇല്ലേ? മറ്റൊരാളുടെ പറമ്പിൽ കയറി എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് അവരെ അറിയിക്കേണ്ടേ? അവരുടെ സമ്മതം ആവശ്യമില്ലേ? ഒരു സ്ഥലത്തിന്റെ ഉടമ ആരാണെന്നറിയാൻ പറമ്പിലേക്ക് നോക്കി നിൽക്കുന്നതല്ലാതെ വേറെ മാർഗങ്ങൾ ഒന്നും ഇവരുടെ അടുത്തില്ലേ? ഇതാണോ കെ.എസ്.ഇ.ബിയുടെ എസ്.ഒ.പി?’ അദ്ദേഹം ചോദിച്ചു.
അതേസമയം വിഷയം പരിശോധിക്കാൻ പെരുമ്പാവൂർ ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുരളി തുമ്മാരുകുടിയുടെ പോസ്റ്റിൽ കമെന്റ് ചെയ്തു.
Content Highlight: Muraki Thummarukudy accuses KSEB on illegally entering his property