സ്ഥലം എം.എല്‍.എ എസ്, രാജേന്ദ്രന്‍, മുന്‍ എം.എല്‍.എ എ.കെ മണി എന്നിവരുടെ പേരുവിവരങ്ങള്‍ തൊഴിലാളികള്‍ പുറത്തുവിട്ട ലിസ്റ്റിലുണ്ട്. കൂടാതെ മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷനിലെ പ്രമുഖ തൊഴിലാളി യൂണിയനുകളായ എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു എന്നിവയിലെ നേതാക്കളുടെ പേരുകളും നോട്ടീസിലുണ്ട്.
മൂന്നാറില്‍ നിന്നും ഷഫീക്ക് എച്ച്
മൂന്നാര്‍: മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷനിലെ ആയിരക്കണക്കിനു തൊഴിലാളികളെ വഞ്ചിച്ചുകൊണ്ട് പ്രമുഖ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ അഴിമതിക്കഥ ഡൂള്‍ ന്യൂസ് പുറത്തുവിടുന്നു. പ്ലാന്റേഷനില്‍ നിന്നും കോഴയായി വീടുകള്‍ ലഭിച്ച തൊഴിലാളി യൂണിയന്‍ നേതാക്കന്മാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് തൊഴിലാളികള്‍ പുറത്തുവിട്ട നോട്ടീസാണ് ഡൂള്‍ ന്യൂസ് പുറത്തുവിടുന്നത്.
കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്നും വീടുകള്‍ ലഭിച്ചിട്ടുള്ള നേതാക്കളുടെ പേരുവിവരങ്ങളാണ് നോട്ടീസിലുള്ളത്. പലരും ഈ വീടുകള്‍ വില്പന നടത്തി ലക്ഷങ്ങളാണ് തട്ടിക്കൊണ്ടിരിക്കുന്നത്.
സ്ഥലം എം.എല്‍.എ എസ്. രാജേന്ദ്രന്‍, മുന്‍ എം.എല്‍.എ എ.കെ മണി എന്നിവരുടെ പേരുവിവരങ്ങള്‍ തൊഴിലാളികള്‍ പുറത്തുവിട്ട ലിസ്റ്റിലുണ്ട്. കൂടാതെ മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷനിലെ പ്രമുഖ തൊഴിലാളി യൂണിയനുകളായ എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു എന്നിവയിലെ നേതാക്കളുടെ പേരുകളും നോട്ടീസിലുണ്ട്.
തൊഴിലാളികള്‍ ചോര്‍ന്നൊലിക്കുന്ന ലയങ്ങളില്‍ ജീവിതം തള്ളിനീക്കുമ്പോഴാണ് കമ്പനിയിലെ തൊഴിലാളികളല്ലാത്ത ഈ നേതാക്കന്മാര്‍ വീടുകള്‍ സമ്പാദിച്ചിരിക്കുന്നത്. ഇതുകൂടാതെ ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉന്നത റിസോര്‍ട്ട് സംവിധാനങ്ങളും കമ്പനി നല്‍കുന്നുണ്ട്. ഇത്തരം സൗകര്യങ്ങള്‍ കൈപ്പറ്റിക്കൊണ്ടാണ് നേതാക്കള്‍ തൊഴിലാളികളെ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്.
പൊതുജനങ്ങള്‍ക്കു നല്‍കുന്ന തുറന്ന കത്ത് എന്ന നിലയിലാണ് തൊഴിലാളികള്‍ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. തങ്ങള്‍ അഴിമതി നടത്തിയിട്ടില്ലെന്ന് ചാനലുകള്‍ തോറും ആവര്‍ത്തിക്കുന്ന തൊഴിലാളി നേതാക്കള്‍ ഇതിന് ഉത്തരം നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത്തരത്തില്‍ അഴിമതി നടത്തുന്ന നേതാക്കളെയും തൊഴിലാളി യൂണിയനുകളെയും തങ്ങള്‍ എന്തിനു വിശ്വസിക്കണമെന്നും തൊഴിലാളികള്‍ ചോദിക്കുന്നു.
തൊഴിലാളികള്‍ പുറത്തുവിട്ട ലിസ്റ്റിന്റെ മലയാള പരിഭാഷ
ദയവുചെയ്തു ചിന്തിക്കൂ:
കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷനില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടില്ല എന്നു പറയുന്ന തൊഴിലാളി യൂണിയന്‍ നേതാക്കന്മാര്‍ താഴെകൊടുത്തിട്ടുള്ള വിവരങ്ങളുടെ അര്‍ത്ഥം എന്താണെന്നു പറയണം.
എസ് രാജേന്ദ്രന്‍ എം.എല്‍.എ: പെരിയവാരയില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
എം.കെ മണി (മുന്‍ എം.എല്‍.എ): നിരവധി കെ.ഡി.എച്ച്.പി വീടുകള്‍ കൈവശം വെയ്ക്കുന്നു.
സുന്ദര മാണിക്യം (മുന്‍ എം.എല്‍.എ) : മാട്ടുപെട്ടി റോഡില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
ജി. മുനിയാണ്ടി (ഐ.എന്‍.ടി.യു.സി): പഴയ മൂന്നാറില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
സി.എ കുര്യന്‍ (എ.ഐ. ടി.യു.സി): മാട്ടുപെട്ടി റോഡില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
എം.വൈ. ഒസേഡ്(എ.ഐ.ടി.യു.സി):മാട്ടുപെട്ടി റോഡില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
സി.കുമാര്‍ (ഐ.എന്‍.ടി.യു.സി): പഴയമൂന്നാറില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
പഴനിവേല്‍ (എ.ഐ.ടി.യു.സി): സെവന്‍ മലയില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
വൈ. നടരാജന്‍ (എ.ഐ.ടി.യു.സി): മൂന്നാര്‍ കുന്നില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
പി.എസ് കണ്ണന്‍ (എ.ഐ.ടി.യു.സി): മാട്ടുപെട്ടി റോഡിലും ദേവികുളത്തും കെ.ഡി.എച്ച്.പി വീടുണ്ട്.
ബാലന്‍ (എ.ഐ.ടി.യു.സി): തേയിലക്കടയില്‍ കെ.ഡി.എച്ച്.പി വീടുണ്ട്.
ഇതുപോലെ 150ല്‍ പരം വീടുകളാണ് നേതാക്കന്മാര്‍ക്ക് കമ്പനിയില്‍ നിന്നും ലഭിച്ചിട്ടുള്ളത്. അതുപോലെ ലക്ഷ്മിപാല്‍ സൊസൈറ്റിക്ക് ധാരാളം വീടുകള്‍ നല്‍കിയിട്ടുണ്ട്. നേതാക്കന്മാരുടെ അധികാരം ഉപയോഗിച്ച് മക്കള്‍ക്ക് ജോലികളും നേടിയെടുക്കുന്നുണ്ട്. ഇന്നലെ ചാനല്‍ ചര്‍ച്ചയില്‍ കൈക്കൂലി വാങ്ങിയിട്ടില്ല എന്ന് പ്രസ്താവിക്കുന്ന നേതാക്കന്മാര്‍ മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്കു മറുപടി നല്‍കേണ്ടതാണ്.
എന്ന്
പെണ്‍തൊഴിലാളികള്‍.