| Thursday, 15th October 2015, 11:31 am

മുന്നാറില്‍ 'പെണ്‍കള്‍ ഒട്രുമൈ' സമരം താത്കാലികമായി അവസാനിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി:  മുന്നാറിലെ തോട്ടം മേഖലയില്‍ “പെണ്‍കള്‍ ഒട്രുമൈ” നടത്തി വരുന്ന സമരം താത്കാലികമായി അവസാനിപ്പിച്ചതായി സമര സമിതി നേതാക്കള്‍. പ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഇന്ന് ജോലിക്ക കയറി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് സമരം അവസാനിപ്പിക്കുന്നതെന്നും ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിനിറങ്ങുമെന്നും തൊഴിലാളികള്‍ പറഞ്ഞു. പി.എല്‍.സി യോഗ തീരുമാനത്തില്‍ തൃപ്തിയില്ലെന്നും സമരസമിതി നേതാവ് ഗോമതി പറഞ്ഞു.

ഇന്നലെ ചേര്‍ന്ന പി.എല്‍.സി യോഗത്തില്‍ മിനിമം കൂലി 232 രൂപയില്‍ നിന്നും 301 രൂപയാക്കാന്‍ തീരുമാനമായിരുന്നു. മറ്റാനുകൂല്യങ്ങളടക്കം 436 രൂപയാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. അതേ സമയം റബര്‍ തൊഴിലാളികളുടെ മിനിമം കൂലി 317ല്‍ നിന്നും 381 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ആനുകൂല്യങ്ങളടക്കം ഇവര്‍ക്ക് ലഭിക്കുക 552 രൂപയാണ്.

ഏലത്തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം 267ല്‍ നിന്നും 63 രൂപ വര്‍ദ്ധിപ്പിച്ച് 330 ആക്കിയിട്ടുണ്ട്.

തേയിലയില്‍ നുള്ളുന്നവര്‍ക്ക് മിനിമം കൊളുന്തിന്റെ അളവ് 21 കിലോയില്‍ നിന്നും 25 കിലോ ആയി ഉയര്‍ത്താനും ധാരണയായിട്ടുണ്ട്. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഏകാംഗ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തി വന്നിരുന്ന സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more