| Tuesday, 15th September 2015, 11:04 pm

മൂന്നാര്‍ സമരത്തിന് പിന്നില്‍ 'ഞമ്മളും' അന്‍വര്‍ ബാലശിങ്കവുമെന്ന് സുപ്രഭാതം വാര്‍ത്ത :P

ഡൂള്‍ന്യൂസ് ഡെസ്‌ക്


മൂന്നാര്‍: മൂന്നാറില്‍ സമരം ചെയ്യാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത് തങ്ങളുടെ അവകാശവാദവുമായി സുപ്രഭാതം പത്രം. സെപ്റ്റംബര്‍ 14നു സുപ്രഭാതം പത്രത്തില്‍ വന്ന വാര്‍ത്തയിലാണ് സമരത്തിനു കാരണമായതെന്നാണ് സുപ്രഭാതം അവകാശപ്പെടുന്നത്.

എന്നാല്‍ തൊട്ടടുത്ത ദിവസം ഇതേ പത്രം റിപ്പോര്‍ട്ടു ചെയ്തത് മൂന്നാര്‍ സമരത്തിനു പിന്നില്‍  കേരള തമിഴ് മക്കള്‍ക്കൂട്ടം എന്ന സംഘടനയാണെന്നാണ്. മാസങ്ങള്‍ക്കു മുമ്പേ തന്നെ സമരത്തിനുള്ള ഒരുക്കങ്ങള്‍ ഈ സംഘടന ആരംഭിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രഭാതം പത്രത്തില്‍ സെപ്റ്റംബര്‍ 14ന് വന്ന റിപ്പോര്‍ട്ട്

ഇന്റലിജന്‍സ് ബ്യൂറോയുടെ കണ്ടെത്തല്‍ എന്ന അവകാശപ്പെട്ടാണ് സെപ്റ്റംബര്‍ 14നുള്ള വാര്‍ത്ത നല്‍കിയിരിക്കുന്നത്. “സമരത്തിനു പിന്നില്‍ സുപ്രഭാതം വാര്‍ത്ത” എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത ഫൈസല്‍ കോങ്ങോട് എന്ന ലേഖകനാണ് തയ്യാറാക്കിയത്. സമരത്തിലേക്കു നയിച്ചെന്നു സുപ്രഭാതം അവകാശപ്പെടുന്ന വാര്‍ത്തയും ഇതേ ലേഖകന്‍ തന്നെയാണ് എഴുതിയത്.

“അനര്‍ഹമായി ആയിക്കണക്കിന് ഏക്കര്‍ഭൂമി കൈവശം വെക്കുകയും തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും നല്‍കാതെ കടത്തിക്കൊണ്ടു പോവുകയാണെന്ന” തങ്ങളുടെ വെളിപ്പെടുത്തലാണ് സമരത്തിലേക്ക് നയിച്ചതെന്ന് ഐ.ബി റിപ്പോര്‍ട്ടില്‍ എടുത്തു പറഞ്ഞിട്ടുണ്ടെന്നാണ് സുപ്രഭാതം ലേഖകനായ ഫൈസല്‍ കോങ്ങാട് സെപ്റ്റംബര്‍ 14ലെ വാര്‍ത്തയില്‍ അവകാശപ്പെടുന്നത്.

സുപ്രഭാതം പത്രത്തില്‍ സെപ്റ്റംബര്‍ 15ന് വന്ന റിപ്പോര്‍ട്ട്

എന്നാല്‍ സെപ്റ്റംബര്‍ 14ലെ അവകാശവാദത്തെ പാടെ തള്ളുന്നതാണ് സെപ്റ്റംബര്‍ 15ന് സുപ്രഭാതം തന്നെ നല്‍കിയ വാര്‍ത്ത. “തേയില വിപ്ലവം പിന്നില്‍ ബാലശിങ്കം” എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍ മൂന്നാര്‍ സമരത്തിനു പിന്നില്‍ കേരള തമിഴ് മക്കള്‍ക്കൂട്ടം എന്ന സംഘടനയും അതിന്റെ നേതാവായ അന്‍വര്‍ ബാലശിങ്കവുമാണെന്നാണ് പറയുന്നത്.

മൂന്ന് മാസത്തെ രഹസ്യനീക്കത്തിലൂടെ തമിഴ് സ്ത്രീകളെ ഒരുമിപ്പിച്ചതും കമ്പനി നടത്തുന്ന ചൂഷണങ്ങളെ കുറിച്ചും മറ്റും ബോധവല്‍കരിച്ചതും അന്‍വര്‍ ബാലശിങ്കത്തിന്റെ നീക്കമാണെന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.



സമരം വിജയം കാണുന്നതിന് മുമ്പ് സമരത്തിനെതിരെയുള്ള വാര്‍ത്തകള്‍ നല്‍കുകയും സമരത്തെ വിമര്‍ശിച്ച് എഡിറ്റോറിയല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് ഈ “സുപ്രഭാതം” . സര്‍ക്കുലേഷനും ജനപ്രീതിക്കും  ശ്രദ്ധയാകര്‍ഷിക്കാനും വേണ്ടി എന്തു നെറികേടിനു മൊരുങ്ങുന്ന പത്രങ്ങളുടെ പാരമ്പര്യമാണ് ഈ ഇളമുറക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നതെന്ന് ഈ വാര്‍ത്തകള്‍ കൊണ്ടു തന്നെ വ്യക്തം.

ഏതെങ്കിലും  ഒരു നിലപാടില്‍ ഉറച്ച് നിന്നുകൊണ്ടാണ് സമരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതെങ്കില്‍ പോട്ടെ. ഒരു നിലപാടുണ്ടല്ലോ എന്നെങ്കിലും കരുതാമായിരുന്നു. എന്നാല്‍ ഇത്… മലയാളത്തിലെ മഞ്ഞ പത്രങ്ങളെന്ന വിളിപ്പേരുള്ളവര്‍ പോലും ചെയ്യാന്‍ മടിക്കുന്ന വല്ല്യ ചെയ്ത്തായിപ്പോയി.

We use cookies to give you the best possible experience. Learn more