[]മൂന്നാര്‍: പാട്ടക്കരാര്‍ ലംഘനക്കേസില്‍ ടാറ്റയ്ക്ക് അനുകൂലമായ സ്‌പെഷല്‍ ട്രൈബ്യൂണല്‍ വിധി.
മൂന്നാറില്‍ തങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ ടാറ്റ റോസ് ചെടിക്കൃഷി നടത്തിയത് പാട്ടക്കരാര്‍ ലംഘനമാണെന്ന് കാണിച്ച് കളക്ടര്‍ നല്‍കിയ നോട്ടീസിന്മേലാണ് ടാറ്റയെ അനുകൂലിച്ചു കൊണ്ട് മൂന്നാര്‍ സ്‌പെഷല്‍ ട്രൈബ്യൂണലിന്റെ വിധി.
പാട്ടക്കരാര്‍ അനുസരിച്ച് ടാറ്റയ്ക്ക് കൈവശമുള്ള ഭൂമിയില്‍ എന്തു കൃഷിയും നടത്താമെന്നും അതിന് നിയമപരമായി തടസമില്ലെന്നും ട്രൈബ്യൂണല്‍ അറിയിച്ചു.
എന്നാല്‍ ഭൂമി തങ്ങളുടെ ഉടമസ്ഥതയിലാണുള്ളതെന്ന ടാറ്റയുടെ വാദം തെറ്റാണെന്ന് ട്രൈബ്യൂണല്‍ സ്ഥാപിച്ചു.
കേസിലുള്‍പ്പെട്ട 50 ഏക്കര്‍ ഭൂമി ടാറ്റ പാട്ടത്തിനെടുത്ത ഭൂമിയാണെന്നാണ് ട്രൈബ്യൂണല്‍ അറിയിച്ചത്.
കൃഷി സംരക്ഷണത്തിനായി നിര്‍മ്മിച്ച വൈദ്യുത കമ്പിവേലി പൊളിച്ചു മാറ്റേണ്ടതില്ലെന്നും അതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി.
മൂന്നാറില്‍ തേയിലക്കൃഷി നടത്തേണ്ട ഭൂമിയില്‍ ടാറ്റ റോസ് കൃഷി നടത്തിയെന്നായിരുന്നു കേസ്. കൃഷിസ്ഥലത്ത് തടയണകള്‍ നിര്‍മ്മിച്ചുവെന്ന മറ്റൊരു കേസില്‍ അടുത്തയാഴ്ച ട്രൈബ്യൂണല്‍ വിധി അറിയിക്കും.