| Thursday, 9th April 2020, 4:37 pm

മൂന്നാറില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആരംഭിച്ചു; അനാവശ്യമായി പുറത്തിറങ്ങിയാല്‍ ഇനി കര്‍ശന നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: മൂന്നാറില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തന്നെ മൂന്നാറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചു. മെഡിക്കല്‍ സ്റ്റോര്‍, ബാങ്കുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ മാത്രമായിരിക്കും ഏപ്രില്‍ 16 വരെ ഇനി തുറന്ന് പ്രവര്‍ത്തിക്കുക.

നിരോധനാജ്ഞ ലംഘിക്കുന്നത് പതിവായതോടെയാണ് മൂന്നാറില്‍ കര്‍ശനമായ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നത്. മൂന്നാര്‍ ഗ്രാമപഞ്ചായത്തിലാണ് ഇത് പ്രധാനമായും ബാധകമാവുക. എസ്റ്റേറ്റ് മേഖലയില്‍ നിന്നടക്കം ആളുകള്‍ നിരന്തരമായി മൂന്നാര്‍ ടൗണിലേക്ക് എത്തുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ദേവികുളം സബ്കളക്ടര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. എസ്റ്റേറ്റ് ബസാറുകളില്‍ അവശ്യസാധനങ്ങള്‍ എത്തിച്ച് നല്‍കാന്‍ അതത് കമ്പനികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ന് ഉച്ചവരെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ ആളുകളുടെ നീണ്ട നിരയായിരുന്നു. തിരക്ക് നിമിത്തം പലയിടത്തും സാമൂഹിക അകലം പാലിക്കണം എന്ന നിര്‍ദ്ദേശം ലംഘിക്കപ്പെട്ടു.

ഉള്‍പ്രദേശങ്ങളിലെ കടകളിലേക്ക് മൂന്നാര്‍ മാര്‍ക്കറ്റില്‍ നിന്ന് പച്ചക്കറിയും പലവ്യജ്ഞനവും അടക്കമുള്ള സാധനങ്ങള്‍ കൊണ്ടുപോയി. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കടകളില്‍ അവശ്യസാധനങ്ങള്‍ ഉറപ്പ് വരുത്തുമെന്നും ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.

സമ്പൂര്‍ണ്ണ അടച്ചിടല്‍ നിലവില്‍ വന്നതോടെ പുറത്തിറങ്ങുന്നവര്‍ക്ക് ഇനി ഇളവുകളുണ്ടാവില്ല. പ്രായപൂര്‍ത്തിയാകാത്തവരും മുതിര്‍ന്ന പൗരന്മാരും പുറത്തിറങ്ങിയാല്‍ വീട്ടുകാര്‍ക്ക് എതിരെ കേസെടുക്കും.

പൊലീസ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഓരോ വഴികളിലും മണിക്കൂറില്‍ ശരാശരി 150 പേര്‍ വരെ പുറത്തിറങ്ങുന്നുവെന്ന് കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കാട്ടുവഴികളിലൂടെയും ആളുകള്‍ കേരളത്തിലെത്തുന്നതായും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവിധ വകുപ്പുകളുമായി ആലോചിച്ച് ജില്ലാഭരണകൂടം സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more