ഇടുക്കി: മുന്നാറില്‍ തോട്ടം തൊഴിലാളി സമരം നയിച്ച “പൊമ്പിളൈ ഒരുമൈ” നേതാവ് ഗോമതിയും കൂട്ടരും സി.പി.ഐ.എമ്മില്‍ ചേരുന്നു. എസ്. രാജേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സി.പി.ഐ.എം നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സി.ഐ.ടി.യുവില്‍ ചേരാന്‍ തീരുമാനമായത്.തോട്ടം തൊഴിലാളി സമരം തീര്‍ന്നതിന് ശേഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ദേവികുളം ബ്ലോക്കിലെ നല്ലതണ്ണി വാര്‍ഡില്‍ നിന്നും ഗോമതി സ്വതന്ത്രയായി മത്സരിച്ച് ജയിച്ചിരുന്നു.
സി.ഐ.ടി.യു ഉള്‍പ്പടെയുള്ള ട്രേഡ് യൂണിയനുകളെ അടുപ്പിക്കാതെയായിരുന്നു ഗോമതി, ലിസി സണ്ണി മൂന്നാര്‍ തോട്ടംതൊഴിലാളി സമരം വിജയിപ്പിച്ചിരുന്നത്. എന്നാല്‍ എ.ഐ.ഡി.എം.കെയുമായി ചേര്‍ന്ന് ഗോമതി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നതായി ലിസി സണ്ണിയുടെ നേതൃത്വത്തിലുള്ള എതിര്‍വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു.
ലിസിയെ അറിയിക്കാതെ ഗോമതിയും കൂട്ടരും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതും പകരം ഗോമതിയറിയാതെ ലിസി സണ്ണിയുടെ നേതൃത്വത്തില്‍ യൂനിയന്‍ രൂപവത്കരിക്കാന്‍ ശ്രമിച്ചതുമാണ് ഇരുവര്‍ക്കുമിടയില്‍ പരസ്യ പോരിന് കാരണമായത്.
അതേ സമയം സി.ഐ.ടി.യുവില്‍ ചേരുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് ഗോമതി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ എ.ഐ.ടി.യു.സി അംഗമായിരുന്നു ഗോമതി.