ഇടുക്കി: മൂന്നാര്‍ രാജമലയില്‍ വാഹനത്തില്‍ നിന്ന് വീണ ഒന്നര വയസുപ്രായമുള്ള കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡില്‍ വീണ കുഞ്ഞ് സ്വയം ഇഴഞ്ഞ് വനംവകുപ്പ് ചെക്ക്‌പോസ്റ്റില്‍ എത്തുകയായിരുന്നു.
50 മീറ്റര്‍ ദൂരം പിന്നിട്ട് വീട്ടിലെത്തിയ ശേഷമാണ് കുഞ്ഞ് വാഹനത്തില്‍ ഇല്ലെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
കമ്പിളിക്കണ്ടം സ്വദേശികളായ സതീഷിന്റേയും സത്യഭാമയുടേയും ഒന്നര വയസുള്ള പെണ്‍കുഞ്ഞാണ് അപകടത്തില്‍പ്പെട്ടത്. പളനിയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. തിരികെ വരുന്ന വഴിയില്‍ രാജമല ചെക്ക്‌പോസ്റ്റിന് സമീപം വെച്ച് വളവുതിരിയുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞ് താഴെ വീഴുകയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജീപ്പിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്. ജീപ്പിന്റെ പിറകിലായിരുന്നു കുട്ടിയുടെ അമ്മ ഇരുന്നത്. മാതാവിന്റെ കൈയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. ഉറങ്ങിപ്പോയതുകൊണ്ടോ മറ്റോ കുഞ്ഞ് താഴെ വീണ വിവരം അമ്മയറിഞ്ഞില്ല.
താഴെ വീണ കുട്ടി സമീപത്തെ ചെക്ക് പോസ്റ്റില്‍ വെളിച്ചം കണ്ടതോടെ അവിടെ പതിയെ ഇഴഞ്ഞ് നീങ്ങുകയായിരുന്നു. ഈ സമയം ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ റോഡിലൂടെ എന്തോ ഇഴഞ്ഞ് നീങ്ങുന്നത് സിസി ടിവിയില്‍ കാണുകയും തുടര്‍ന്ന് റോഡിലേക്ക് പോയി നോക്കുകയും ചെയ്തപ്പോഴാണ് ഇഴഞ്ഞുനീങ്ങുന്ന കുഞ്ഞിനെ കണ്ടത്.