'നാല് വര്‍ഷം മുമ്പ് തീരുമാനിച്ചത് പോലെ ഹാര്‍ബറില്‍ കാമറ വെച്ചിരുന്നെങ്കില്‍ ഇന്ന് ആ ബോട്ടിന് പുറകേ പോകേണ്ടി വരില്ലായിരുന്നു': മുനമ്പത്ത് നടന്നത് സുരക്ഷാ വീഴ്ച്ച
governance
'നാല് വര്‍ഷം മുമ്പ് തീരുമാനിച്ചത് പോലെ ഹാര്‍ബറില്‍ കാമറ വെച്ചിരുന്നെങ്കില്‍ ഇന്ന് ആ ബോട്ടിന് പുറകേ പോകേണ്ടി വരില്ലായിരുന്നു': മുനമ്പത്ത് നടന്നത് സുരക്ഷാ വീഴ്ച്ച
സൗമ്യ ആര്‍. കൃഷ്ണ
Wednesday, 16th January 2019, 1:59 pm

കൊച്ചി:”ഇന്ത്യയിലെ ഹാര്‍ബറുകളില്‍ മോഡല്‍ ഹാര്‍ബറായി പ്രവര്‍ത്തിക്കുന്ന ഒന്നാണ് മുനമ്പത്തേത്. ഇവിടെ മീന്‍ പരിശോധനയല്ലാതെ മറ്റു കാര്യങ്ങളിലൊന്നും ഉദ്ദ്യോഗസ്ഥര്‍ കാര്യമായ ശ്രദ്ധിക്കുന്നില്ല. സി.സി.ടി.വി ഘടിപ്പിക്കാന്‍ കലക്ടര്‍ ഉത്തരവിറക്കിയിട്ട് വര്‍ഷങ്ങളായി, ഇത് വരെ ഒന്നു പോലും സ്ഥാപിച്ചിട്ടില്ല. കടവില്‍ നിന്ന് ബോട്ട് വരുന്നതും പോകുന്നതും കാണുവാന്‍ ക്യാമറ സ്ഥാപിക്കണമെന്നും അന്ന് തീരുമാനിച്ചിരുന്നു. അത് നിലവില്‍ വന്നിരുന്നെങ്കില്‍ ഇപ്പോള്‍ ആ ബോട്ട് എങ്ങോട്ട് പോയി എങ്ങിനെ പോയി എന്നൊക്കെ അറിയാമായിരുന്നു” മുനമ്പത്തെ ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ ഗിരീഷിന്റെ വാക്കുകളാണിത്.

43 അംഗ സംഘം കേരളത്തില്‍ നിന്ന് കടല്‍മാര്‍ഗ്ഗം കടന്നുവെന്ന വാര്‍ത്ത പുറത്തു വന്നതോടെ കേരളത്തിന്റെ കടവുകളില്‍ എത്രത്തോളം ജാഗ്രതാ പുലര്‍ത്തുന്നുണ്ടെന്ന ചോദ്യമുയര്‍ന്നു വരികയാണ്.

ജനുവരി 12ന് കൊച്ചി മാല്യങ്കരയിലെ ബോട്ട് കടവിലെത്തിയ പരിസരവാസികളായ കുറച്ച് ചെറുപ്പക്കാര്‍ എട്ട് ബാഗുകള്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. ബാഗുകള്‍ പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളും മരുന്നുകളും മൂന്ന് വിമാനടിക്കറ്റുകളും കണ്ടെത്തിയതോടെ സംശയം തോന്നി പൊലീസിനെ അറിയിച്ചു. ഇതേക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചപ്പോഴാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഓസ്േ്രടലിയ ന്യസിലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

Also Read: കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗം; ഉന്നതശ്രേണികളിലെ പിന്നാക്ക വിഭാഗത്തിന്റെ പ്രാതിനിധ്യം അപകടകരമാം വിധം കുറവെന്ന് വിവരാവകാശ രേഖകള്‍

പൊലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെറായി കേന്ദ്രീകരിച്ച് ഒരു സംഘം താമസിച്ചിരുന്നതായി വിവരം ലഭിച്ചു. ഇവരുടേതെന്ന് കരുതുന്ന ബാഗുകളും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 12000ലിറ്റര്‍ ഡീസലും അഞ്ച് ടാങ്ക് കുടിവെള്ളവും നിറച്ച് ഒരു മാസത്തെ യാത്രക്കാവശ്യമായ സൗകര്യങ്ങളൊരുക്കിയാണ് സംഘം പുറപ്പെട്ടത് എന്ന് കൂടി വ്യക്തമായപ്പോള്‍ പൊലീസിന്റെ സംശയങ്ങള്‍ കുറച്ചു കൂടി ശക്തമായി.

ഏറ്റവും വലിയ ബോട്ടിനും പതിനായിരം ലിറ്റര്‍ ഡീസലാണ് പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുക. അപ്പോള്‍ പന്ത്രണ്ടായിരം ലിറ്റര്‍ കൈയ്യില്‍ കരുതിയതാവാനാണ് സാധ്യത എന്നും കപ്പലിന് താങ്ങാനാവുന്നതിലും കൂടുതല്‍ ഭാരം ഉള്ളതിനാലാവാം ബാഗുകളും മറ്റും പുറത്തേക്ക് കളഞ്ഞതെന്നും മുനമ്പത്തെ ബോട്ടുടമകള്‍ പറയുന്നു.

വിനോദ സഞ്ചാരികള്‍ എന്ന് നടിച്ച് 40 പേര്‍ ട്രെയിനിലും മൂന്ന് പേര്‍ വിമാനത്തിലുമായി കേരളത്തിലെത്തി ബോട്ട് വാങ്ങിയ ശേഷം ഡീസലും വെള്ളവും മറ്റ് അവശ്യസാധനങ്ങളും ശേഖരിച്ച് കേരളത്തിന്റെ തീരത്ത് നിന്നും കടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് തീരദേശ പൊലീസൊ കേരള പൊലീസൊ വിഷയത്തെ കുറിച്ച് അറിയുന്നത്.

Also Read: കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോ; മോദിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

“ഒരു ആഴ്ച്ചകൊണ്ട് ബോട്ട് കച്ചോടമാക്കി അത് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ അത് നേരത്തെ ഗൂഡാലോചന നടത്തിയിട്ടുണ്ടാവണമല്ലോ. കലക്ടര്‍ അധ്യക്ഷനായിട്ടുള്ള ഹാര്‍ബര്‍ മാനേജ്‌മേന്റ് സൊസൈറ്റിയുടെ ഉത്തരവാധിത്വമാണ് ഹാര്‍ബറില്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുക എന്നത്. വീഴ്ച്ച പൊലീസിന്റേത് മാത്രമല്ല എന്ന് തരകന്‍സ് അസോസിയേഷന്‍ സെക്രട്ടറി രാജിവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.”

വിദേശ സഞ്ചാരികള്‍ എന്ന് അവകാശപ്പെടുന്ന സംഘം നാട്ടില്‍ വന്ന് ബോട്ട് വാങ്ങുകയും, ആശുപത്രിളിലും അമ്പലങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടും പൊലീസ് അറിഞ്ഞിരുന്നില്ല. 24മണിക്കൂറും ജാഗ്രത പുലര്‍ത്തേണ്ട തീര സംരക്ഷണ സേനക്ക് സംഭവത്തെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല എന്നതും ആശങ്കാജനകമാണ് എന്ന് പേര് വെളിപ്പെടുത്താവന്‍ ആഗ്രഹിക്കാത്ത പ്രദേശവാസി പറഞ്ഞു.

എന്നാല്‍ ഇക്കാര്യത്തെ കുറിച്ചറിയാന്‍ മുനമ്പം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. ഇതാദ്യമായല്ല കേരളത്തില്‍ നിന്നും മനുഷ്യക്കടത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. മാതൃഭൂമി റിപ്പോര്‍ട്ട് പ്രകാരം 2010, 2011, 2012 വര്‍ഷങ്ങളില്‍ കൊല്ലത്തും സമീപ പ്രദേശങ്ങളിലുമായി മനുഷ്യക്കടത്തിന് ശ്രമിച്ചവരെ പിടികൂടിയിട്ടുണ്ട്.

സൗമ്യ ആര്‍. കൃഷ്ണ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്ന് ബിരുദവും കേരള മീഡിയ അക്കാദമിയില്‍ നിന്ന് ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും പൂര്‍ത്തിയാക്കി. 2018 സെപ്തംബര്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.