മുസ്‌ലിം പള്ളി പൊളിച്ചുനീക്കാന്‍ നഗരസഭ അധികൃതര്‍; ധാരാവിയില്‍ സംഘര്‍ഷം
national news
മുസ്‌ലിം പള്ളി പൊളിച്ചുനീക്കാന്‍ നഗരസഭ അധികൃതര്‍; ധാരാവിയില്‍ സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st September 2024, 7:33 pm

മുംബൈ: മുസ്‌ലിം പള്ളി പൊളിച്ചുനീക്കാന്‍ നഗരസഭ അധികൃതര്‍ എത്തിയതോടെ മഹാരാഷ്ട്രയിലെ ധാരാവിയില്‍ സംഘര്‍ഷം. പള്ളിയുടെ ഒരു ഭാഗം പൊളിക്കുന്നതിനായാണ് അധികൃതര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു.

മുംബൈയിലെ പ്രധാനപ്പെട്ട ചേരികളില്‍ ഒന്നായ ധാരാവിയിലെ മെഹബൂബ്-ഇ-സുബ്ഹാനി മസ്ജിദിനെതിരെയായിരുന്നു നടപടി. പള്ളിയുടെ ഒരു ഭാഗം അനധികൃതമായി നിര്‍മിച്ചതാണെന്നാണ് ബ്രിഹന്‍മുംബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്ന ആരോപണം.

രാവിലെ ഒമ്പത് മണിയോടെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മസ്ജിദിന്റെ അനധികൃത ഭാഗം പൊളിച്ചുമാറ്റണമെന്ന് പള്ളിയുടെ ഭാരവാഹികളോട് പറയുകയായിരുന്നു. ഇതിനുപിന്നാലെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

ധാരാവിയുടെ 90 ഫീറ്റ് റോഡിനോട് ചേര്‍ന്നാണ് പള്ളി സ്ഥിതി ചെയ്യുന്നത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ പള്ളിയുടെ ഭാഗങ്ങള്‍ പൊളിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറി.

നൂറുകണക്കിന് ആളുകളാണ് നഗരസഭക്കെതിരെ ധാരാവിയിലെ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്. സംഘര്‍ഷം കണക്കിലെടുത്ത് പള്ളിയുടെ സമീപത്തായി പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം പള്ളിയുടെ ഭാഗങ്ങള്‍ പൊളിക്കണമെന്ന നിലപാടില്‍ നിന്ന് നഗരസഭാ അധികൃതര്‍ പിന്മാറിയിട്ടില്ല. പ്രതിഷേധത്തെ തുടര്‍ന്ന് പള്ളിയുടെ ഭാരവാഹികളുമായി അധികൃതര്‍ ചര്‍ച്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പിന്നാലെ മസ്ജിദിന്റെ ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ അഞ്ച് ദിവസമെങ്കിലും വേണമെന്ന ഭാരവാഹികളുടെ അഭ്യര്‍ത്ഥന അധികൃതര്‍ അംഗീകരിച്ചു. എന്നാല്‍ പള്ളിയുടെ ഭാഗങ്ങള്‍ തങ്ങള്‍ തന്നെ പൊളിക്കുമെന്ന് ചൂണ്ടിക്കാട്ടി ഭാരവാഹികള്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

Content Highlight: Municipal authorities to demolish the mosque; Conflict in Dharavi