തിരുവനന്തപുരം: ഏഴ് വര്‍ഷം മുമ്പ് മരിച്ച പ്രശസ്ത നടി ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച സ്വകാര്യ ട്രസ്റ്റിലെ അംഗത്വം മന്ത്രി എം.കെ.മുനീര്‍ രാജിവച്ചു.
രാജിക്കത്ത് ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയായ മുന്‍മന്ത്രി കെ.ബി.ഗണേശ് കുമാറിന് കൈമാറി. വ്യക്തിപരമായ കാരണത്താലാണ് രാജിവയ്ക്കുന്നതെന്ന് മുനീര്‍ പറഞ്ഞു.
[]ഗണേഷിനെയും മുനീറിനെയും കൂടാതെ ഗണേശിന്റെ സഹോദരീ ഭര്‍ത്താവും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ടി. ബാലകൃഷ്ണനുമുള്‍പ്പെടുന്നതാണ് ട്രസ്റ്റ്.
തിരുവനന്തപുരത്ത് ശ്രീവിദ്യയ്ക്കുണ്ടായിരുന്ന എട്ടു സെന്റും വീടും 15 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും 350 ഗ്രാം സ്വര്‍ണ്ണവുമടക്കമുള്ള സ്വത്തുക്കള്‍ ഈ ട്രസ്റ്റിന് കീഴിലാണ്.
ശ്രവിദ്യ തയ്യാറാക്കിയ വില്‍പത്ര പ്രകാരം സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ചുമതല ഗണേശിനെയായിരുന്നു ഏല്‍പ്പിച്ചത്.
എന്നാല്‍ മരിച്ച ഏഴ് വര്‍ഷം കഴിഞ്ഞിട്ടും ശ്രീവിദ്യയുടെ സ്വപ്‌നമായിരുന്ന നിര്‍ധനവിദ്യാര്‍ഥികള്‍ക്കായി സൗജന്യ നൃത്തസംഗീത വിദ്യാലയമെന്നതടക്കം ഒന്നും തന്നെ പ്രാവര്‍ത്തികമാക്കാന്‍ ട്രസ്റ്റിന് കഴിഞ്ഞിരുന്നില്ല.
വില്‍പ്പത്രത്തില്‍ നൃത്തവിദ്യാലയത്തെകുറിച്ച് പ്രത്യേകം പറഞ്ഞിരുന്നു. കൂടാതെ അഗതികള്‍ക്കും രോഗികള്‍ക്കും സഹായം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
ഇതൊന്നും നടപ്പാക്കാത്തതിന്റെ പേരില്‍ ട്രസ്റ്റിനെതിരെ വ്യാപകമായ ആക്ഷേപമുയര്‍ന്നിരുന്നു. ശ്രീവിദ്യയുടെ സഹോദരനാണ് ആദ്യം ട്രസ്റ്റിനെതിരെ തിരിഞ്ഞത്.
നര്‍ത്തകരെ പ്രോത്സാഹിപ്പിക്കാന്‍ “കലാക്ഷേത്ര ട്രസ്റ്റ്” രൂപവത്കരിക്കണമെന്നും സഹോദരന്റെ മക്കള്‍ക്ക് പത്തുലക്ഷം രൂപ നല്‍കണമെന്നും ശ്രീവിദ്യ നിര്‍ദേശിച്ചിരുന്നു.
ഇതു രണ്ടും ഗണേഷ്‌കുമാര്‍ ചെയ്തിട്ടില്ലെന്നായിരുന്നു ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്റെ ആരോപണം. ഇക്കാര്യമുന്നയിച്ച് ഇയാള്‍ മുഖ്യമന്ത്രിക്ക കത്തും നല്‍കിയിരുന്നു.
ട്രസ്റ്റിന് കീഴില്‍ ലക്ഷങ്ങളുടെ സ്വത്ത് ഉണ്ടായിരിക്കെ നടിയുടെ അന്ത്യാഭിലാഷമടക്കം വില്‍പ്പത്രത്തില്‍ നിഷ്‌കര്‍ഷിച്ച പല കാര്യങ്ങളും സ്വപ്നമായി ശേഷിക്കുന്നത് കഴിഞ്ഞ ദിവസം വീണ്ടും മാധ്യമശ്രദ്ധ പിടിച്ചുപറ്റി.
തുടര്‍ന്ന് ട്രസ്റ്റിന്റെ യോഗം വളിച്ചുകൂട്ടി വില്‍പത്രത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് മുനീര്‍ ആവശ്യപ്പെട്ടിരുന്നതായി അറിയുന്നു. പക്ഷേ കൃത്യമായ മറുപടി ലഭിക്കാത്തതിന്റെ പേരിലാണ് രാജിയെന്നാണ് സൂചന.