പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ് കമാല്‍ കെ.എം. സംവിധാനം ചെയ്ത പട. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1996ല്‍ ആദിവാസി ഭൂനിയമത്തില്‍ ഭേദഗതി വരുത്തിയ കേരള സര്‍ക്കാറിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലുപേര്‍ കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ‘പട’യില്‍ ചിത്രീകരിച്ചിരുന്നത്.
കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, വിനായകന്‍, ജോജു ജോര്‍ജ് എന്നിവരാണ് അയ്യങ്കാളി പടയിലെ നാല് അംഗങ്ങളായി സിനിമയിലെത്തിയത്.
ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഇന്ദ്രന്‍സ് അവതരിപ്പിച്ച കണ്ണന്‍ മുണ്ടൂര്‍. കളക്ട്രേറ്റിനകത്ത് നാലംഗ സംഘം കളക്ടറെ ബന്ദിയാക്കുമ്പോള്‍ പുറത്ത് നിന്ന് കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു കണ്ണന്‍ മുണ്ടൂര്‍.
പഴയകാല നക്‌സല്‍ നേതാവായിരുന്ന മുണ്ടൂര്‍ രാവുണ്ണിയെയായാണ് ചിത്രത്തില്‍ കണ്ണന്‍ മുണ്ടൂരായി അവതരിപ്പിച്ചത്. അയ്യങ്കാളി പട രൂപികരിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവെന്നതിലുപരി കേരളത്തിലെ നക്‌സല്‍ ചരിത്രത്തിലെ നിര്‍ണായക ഏട് കൂടിയാണ് എം.എന്‍. രാവുണ്ണി എന്ന മുണ്ടൂര്‍ രാവുണ്ണി.
അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാവുണ്ണി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. തമിഴ്നാട്ടില്‍ പാര്‍ട്ടിയെ രൂപീകരിക്കാനും ശക്തിപ്പെടുത്താനും നിയോഗിക്കപ്പെട്ടു. തമിഴിലെ പാര്‍ട്ടി പത്രമായ തീക്കതിരില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.എമ്മിനൊപ്പമാണ് രാവുണ്ണി നിന്നത്.
പിന്നീട് നക്സല്‍ബാരി കലാപത്തിനുശേഷം സി.പി.ഐ.(എം.എല്‍) പ്രവര്‍ത്തകനായി. തലശ്ശേരി പൊലീസ് സ്റ്റേഷനാക്രമണത്തില്‍ രാവുണ്ണിയുടെ പങ്കുമുണ്ടായിരുന്നു. അതിനു പിന്നാലെയാണ് പാലക്കാട് കോങ്ങാട് ജന്മി വധമുണ്ടാകുന്നത്.
1970 ജൂലെ 30 നാണ് ആ സംഭവം നടന്നത്. ക്രൂരതയുടേയും ചൂഷണത്തിന്റേയും പേരില്‍ കുപ്രസിദ്ധി നേടിയിരുന്ന ജന്മി നാരായണന്‍ കുട്ടി നായരുടെ തല വെട്ടി കുളപ്പടവില്‍ വെച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. വയനാട്ടിലെ തിരുനെല്ലിയില്‍ നക്‌സല്‍ നേതാവായിരുന്ന എ. വര്‍ഗീസിനെ പൊലീസ് പിടികൂടി വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് 1970 ഫെബ്രുവരി 18നായിരുന്നു. ഈ സംഭവത്തിന് പ്രതികാരമായാണ് കോങ്ങാട് ജന്മി വധം നക്‌സലൈറ്റുകള്‍ നടപ്പിലാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ സംഭവത്തിന് നേതൃത്വം നല്‍കിയത് മുണ്ടൂര്‍ രാവുണ്ണിയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ 19 അംഗ സംഘം വീട്ടുകാരെ മുഴുവന്‍ കെട്ടിയിട്ടതിന് ശേഷം നാരായണന്‍ കുട്ടി നായരെ പുറത്തേക്ക് കൊണ്ടു പോയി. കൊല ചെയ്യുന്നതിന് മുമ്പ് സംഘാംഗമായ ചാക്കോ കുറ്റപത്രം വായിച്ചു. ആറ് കുറ്റങ്ങളാണ് അക്കമിട്ട് നിരത്തിയിരുന്നത് എന്നു ആര്‍. കെ. ബിജുരാജ് എഴുതിയ ‘നക്‌സല്‍ ദിനങ്ങളില്‍’ പറയുന്നു.
1. നിസാര കൂലിക്കു തൊഴിലാളികളെ കഠിനമായി ജോലി ചെയ്യിക്കുന്നു. 2. കൂലി ചോദിച്ച തൊഴിലാളികളെ ഗുണ്ടകളെ ഉപയോഗിച്ച് ഭീകരമായി പീഡിപ്പിക്കുന്നു. 3. കൂലി കൂടുതല്‍ ചോദിച്ച സ്ത്രീയെ മുലയരിഞ്ഞ് പാതി ജീവനോടെ കുഴിച്ചിട്ടു. 4. പെണ്‍കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുവന്ന് ലൈംഗികമായി ഉപയോഗിക്കുന്നു. 5. മൂന്ന് ഭാര്യമാരില്‍ ഒരാളെ ലൈംഗിക വൈകൃതത്തിന് വഴങ്ങാത്തതിന് ചവിട്ടിക്കൊന്നു. 6.സ്വത്തില്‍ ഭാഗം കൊടുക്കാതിരിക്കാന്‍ സ്വന്തം മകനെ കൊന്നു.
ഇതിനു ശേഷം ഒതുക്കുകല്ലില്‍ വെച്ച് നാരായണ്‍ നായരുടെ തല വെട്ടി. തല്‍ക്ഷണം തന്നെ ജന്മി മരിച്ചു. ജന്മിയുടെ തല ബാഗില്‍ വെച്ച് സമീപത്തുള്ള പാടത്തിലൂടെ നക്‌സലുകള്‍ രക്ഷപ്പെട്ടു. സി. അച്യുത മേനോന്‍ മുഖ്യമന്ത്രിയും സി.എച്ച്. മുഹമ്മദ് കോയ ആഭ്യന്തര മന്ത്രിയുമായിരുന്നു അക്കാലത്ത്.
പ്രതികളെ പിടികൂടി. രാവുണ്ണി ജയില്‍ ചാടിയെങ്കിലും പിടിയിലായി. അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1984ല്‍ അദ്ദേഹം ജയില്‍മോചിതനായി. സി.ആര്‍.സി, സി.പി.ഐ (എം.എല്‍) എന്ന സംഘടനയുടെ കേരള സംസ്ഥാന സെക്രട്ടറിയായി. പിന്നീട് കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര പ്രചരണ സമിതി സെക്രട്ടറിയായി. ഇപ്പോള്‍ പോരാട്ടം എന്ന സംഘടനയുടെ നേതാവാണ് മുണ്ടൂര്‍ രാവുണ്ണി.
Content Highlight: mundoor ravunni who became kannan mundoor in pada movie