വരും ദിവസങ്ങളില്‍ കേരളം രണ്ടു യാത്രകളാണ് കാണാന്‍ പോകുന്നത്. ഒന്ന് തെക്കോട്ടും. മറ്റൊന്ന് വടക്കോട്ടും. (ആ ദിശകളില്‍ തന്നെയുണ്ട് അവയുടെ സ്വഭാവ സൂചന.)
ഒന്നാമത്തേത്, ശ്രീധരന്‍ പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര. ശബരിമലയിലെ ആചാരങ്ങള്‍ പരിരക്ഷിക്കാനെന്ന വ്യാജേന നടത്തുന്ന ആ യാത്രയുടെ ലക്ഷ്യങ്ങള്‍ വ്യക്തം. 1990 ല്‍ അദ്വാനി വടക്കേ ഇന്ത്യയില്‍ നയിച്ച രഥയാത്രയുടെ ഒരു കേരളപ്പതിപ്പ് തീര്‍ക്കാനും, ശബരിമലയെ കേരളത്തിന്റെ അയോധ്യയാക്കുവാനും ഉദ്ദേശിച്ചുളള ഈ യാത്ര ലക്ഷ്യം വെക്കുന്നത് കൃത്യമായ സാമുദായിക ധ്രുവീകരണവും, അക്രാമകമായ ഒരു ഹിന്ദു പൊളിറ്റിക്കല്‍ കമ്യൂണിറ്റിയുടെ നിര്‍മ്മാണവും, അതിനായി ശബരിമലയില്‍ കഴിയാതെ പോയ രക്തച്ചൊരിച്ചില്‍ കേരളത്തിന്റെ മറ്റിടങ്ങളില്‍ സാദ്ധ്യമാക്കലുമാണ്.
പക്ഷെ അതിനായി വിനിയോഗിക്കപ്പെടുന്ന തന്ത്രങ്ങളാണ് ശ്രദ്ധേയം. രഥത്തിന്റെ ബോര്‍ഡില്‍ അവതരിക്കുന്ന “പടങ്ങള്‍” സവര്‍ക്കറുടെയോ ഗോള്‍വാള്‍ക്കറുടെയോ, എന്തിന് മോദിയുടെയോ, പോലുമല്ല. മറിച്ച്, നാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പിസ്വാമികള്‍, അയ്യാ വൈകുണ്ഠര്‍, പൊയ്കയില്‍ അപ്പച്ചന്‍, മന്നത്ത് പത്മനാഭന്‍ , പണ്ഡിറ്റ് കറുപ്പന്‍ എന്നിവരുടേതാണ്. ഇതൊരു വൈരുദ്ധ്യമല്ലേ? ഇവരൊക്കെ ആചാരങ്ങളെയും പഴഞ്ചന്‍ മാമൂലുകളെയും എതിര്‍ത്തവരല്ലേ? തുല്യനീതിക്കായി യത്‌നിച്ചവരല്ലേ? സവര്‍ണ്ണ “ഹിന്ദു” യാഥാസ്ഥിതികതക്കും ജാതി നിയമങ്ങള്‍ക്കും എതിരെ പട നയിച്ചവരല്ലേ? അവരെയെല്ലാം ഇല്ലാത്ത ആചാരങ്ങള്‍ക്കു വേണ്ടിയും, തുല്യനീതി നിഷേധത്തിനുമായുള്ള ഈ യാത്രയുടെ ചിഹ്നങ്ങളായി ഉപയോഗിക്കുന്നത് ചരിത്ര വിരുദ്ധമല്ലേ? ഇവിടെയാണ് നമുക്കു തെറ്റുന്നത്. ആര്‍ എസ് എസ് എന്നാണ് യഥാര്‍ത്ഥ ചരിത്രങ്ങളെ അംഗീകരിച്ചിട്ടുള്ളത്?
പുറമേ പറയാന്‍ കൊള്ളുന്ന സ്വന്തമായ ഒരു ചരിത്രം ഇല്ലാത്തതു കൊണ്ടും, ഉള്ള ചരിത്രം തന്നെ കൊലയുടെയും ചതിയുടെയും കൂട്ടിക്കൊടുപ്പിന്റേതും ആയതു കൊണ്ടും, ചരിത്രത്തോടുള്ള ആര്‍ എസ് എസിന്റെ സമീപനം എന്നും ഒരു കൊള്ളക്കാരന്റേതായിരുന്നു. മറ്റുള്ളവരുടെ ചരിത്രങ്ങള്‍ കൊള്ളയടിക്കുക, അവരുടെ പ്രവൃത്തികളുടെ ഉടമസ്ഥത പേരു മാറ്റി തട്ടിയെടുക്കുക, അവരുടെ ഭൂതകാല നായകരേയും നേതാക്കളേയും തങ്ങളുടേതാക്കുക, അതുവഴി ഇല്ലാത്ത ഒരു സ്വചരിത്രം നിര്‍മ്മിച്ചെടുക്കുക. അങ്ങനെ, അവര്‍ കൊന്ന ഗാന്ധി ഇന്ന് അവരുടേതാണ്, അവരെ നിരോധിച്ച പട്ടേല്‍ ഇന്നവരുടെ നായകനാണ്, അവരെ അധമരായി കണ്ട നേതാജി ഇന്നവരുടെ സ്മരണയാണ്. പക്ഷെ, ഒന്നുണ്ട്. ഇവരൊക്കെ അവര്‍ക്ക് വെറും ചിഹ്നങ്ങളോ “പടങ്ങളോ” മാത്രമാണ്. ഇവരുടെ യഥാര്‍ത്ഥ വാക്കുകള്‍ക്കോ പ്രവൃത്തികള്‍ക്കോ യാതൊരു വിലയും അവര്‍ കല്‍പിക്കുന്നില്ല. നുണകള്‍ക്കു മേല്‍ നുണകള്‍ കൊണ്ടു നിര്‍മ്മിച്ച അധികാര സൗധത്തിലെ മിന്നുന്ന ചില നുണക്കല്ലുകള്‍ മാത്രം. ഗ്രാമ്യമായി പറഞ്ഞാല്‍, “വെടക്കാക്കി തനിക്കാക്കുന്ന” ഈ തന്ത്രം തന്നെയാണ് ഇവിടെയും അവര്‍ പയറ്റുന്നത്. അതിനെ പ്രതിരോധിക്കാന്‍ യഥാര്‍ത്ഥ ചരിത്രങ്ങള്‍ പറഞ്ഞതു കൊണ്ടു മാത്രമായില്ല. അവ പറയണം, പക്ഷെ അതിനപ്പുറം ആ ചരിത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍ കഴിയണം, അവക്ക് ഇന്നിന്റേതായ തുടര്‍ച്ചകള്‍ തീര്‍ക്കാന്‍ കഴിയണം.
ഇവിടെയാണ് രണ്ടാമത്തെ യാത്ര പ്രധാനമാകുന്നത്. 1898 ല്‍ അയങ്കാളി നടത്തിയ വില്ലുവണ്ടി യാത്രയെ ഓര്‍മ്മിച്ചു കൊണ്ട്, ശബരിമല ക്ഷേത്രത്തില്‍ ആദിവാസികളുടെ ആചാരാവകാശങ്ങള്‍ പുനഃസ്ഥാപിക്കുക, ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക, നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നീ ആശയങ്ങള്‍ ഉന്നയിച്ച്, ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം വെങ്ങാനൂരുള്ള അയ്യന്‍കാളി സ്മൃതി മണ്ഡപത്തില്‍ നിന്നും എരുമേലി വരെ നടക്കുന്ന “വില്ലുവണ്ടി യാത്ര”. അതോടൊപ്പം, അരുവിപ്പുറം, വൈക്കം, പൊയ്കയില്‍ അപ്പച്ചന്‍ സ്മൃതിമണ്ഡപം, വൈപ്പിന്‍ തുടങ്ങിയ നവോത്ഥാന കേന്ദ്രങ്ങളില്‍ നിന്നും വില്ലുവണ്ടികളും പദയാത്രകളും എരുമേലിയില്‍ എത്തുന്നു.
സവര്‍ണര്‍മാത്രം സഞ്ചരിച്ച രാജപാതയില്‍, കുടമണികള്‍ കെട്ടിയ വില്ലുവണ്ടിയില്‍ അയ്യങ്കാളി നടത്തിയ പ്രസിദ്ധമായ യാത്ര കീഴാളര്‍ക്ക് വഴിനടക്കാനുള്ള അവകാശത്തിനായി നടത്തിയ പോരാട്ടങ്ങളിലെ ഒരുജ്ജ്വല അധ്യായം മാത്രമായിരുന്നില്ല. തുല്യനീതി, ഏവര്‍ക്കും ഒരേ നിയമം, പൊതുവിടങ്ങള്‍ ഏവര്‍ക്കും അവകാശപ്പെട്ടത് എന്ന അടിസ്ഥാന ജനാധിപത്യതത്വങ്ങളുടെ പ്രകടനം കൂടിയായിരുന്നു. 1898ലെ ആ യാത്ര 2018ല്‍ ആവര്‍ത്തിക്കുമ്പോള്‍, അത് ഒരു ഓര്‍മ്മ പുതുക്കല്‍ മാത്രമല്ല, ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. കേരള സമൂഹം ഇന്ന് എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍.
നവോത്ഥാനത്തിന്റെ ശ്രമങ്ങളെയും നേട്ടങ്ങളെയും നിരാകരിക്കാതെ തന്നെ, എന്നാല്‍ അവയെ വിമര്‍ശനബുദ്ധ്യാ നോക്കുന്നതായാല്‍, ഒന്നു വ്യക്തമാകും. ഇന്നും കേരളത്തില്‍ സ്ത്രീകള്‍ക്കും, ദളിതര്‍ക്കും ആദിവാസികള്‍ക്കും, കീഴാളര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല എന്നു മാത്രമല്ല, പഴയ മേലാള, ആണത്ത, ജാതി മനോഭാവങ്ങളുടെയും ആഖ്യാനങ്ങളുടെയും വിഷം, എപ്പോള്‍ വേണമെങ്കിലും പൊട്ടിയൊലിക്കാന്‍ പാകത്തില്‍, തൊലിക്കു തൊട്ടുതാഴെ നില്‍ക്കുന്നു എന്നതു കൂടിയാണ്. ഈ വിഷം പൊട്ടിയൊലിക്കലും, അത് തീവ്രദേശീയ വാദികളുടെ പദ്ധതികള്‍ക്ക് ആയുധമാവുന്നതുമാണ്, ശബരിമലയില്‍ നാം കണ്ടത്.
ഇവിടെയാണ്, പുതിയ വില്ലുവണ്ടി യാത്ര പ്രസക്തമാകുന്നത്. “ആപത്തിന്റെ നിമിഷത്തില്‍, മിന്നിമറയുന്ന ഒരോര്‍മ്മയെ കൈയെത്തിപ്പിടിക്കല്‍” ആണത്. സ്വന്തം ഉള്ളറകളിലേക്ക് വെളിച്ചം പായിക്കാനും, കാലാകാലങ്ങളായി പല രൂപത്തിലും ഭാവത്തിലും അവിടെ നില്‍ക്കുന്ന ഇരുട്ടിനെ പ്രതിരോധിക്കാനുമുള്ള അവസരമാണത് നല്‍കുന്നത്. അതില്‍ തന്നെ പൂര്‍ത്തിയാവുന്ന ഒന്നിനപ്പുറം, ഒരു ജനത എന്ന നിലക്ക്, തങ്ങളിലേക്ക് തന്നെ നോക്കുവാനും, സ്വയം വിമര്‍ശിക്കാനും, കാതലായ മാറ്റങ്ങള്‍ വരുത്താനുമുള്ള ഊര്‍ജ്ജമായി അത് വികസിക്കണം. വികസിക്കും.
അതാണ് പ്രതീക്ഷ.