കൊച്ചി: മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇത് വരെ 93 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനം സാധ്യമായ രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സേന വിഭാഗങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ ജില്ലകളിൽ നിന്നുള്ള എൻ.ഡി.ആർ.എഫിനെ ജില്ലകളിലേക്ക് വ്യപിച്ചിട്ടുണ്ട്. പൊലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തിരുവനന്തപുരത്ത് പ്രത്യേക കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. പൊലീസിന്റെ ഡ്രോൺ സംഘങ്ങൾ വയനാട്ടിലേക്ക് എത്തിച്ചിട്ടുണ്ടെന്നും പരിശീലനം ലഭിച്ച നായ്ക്കളെ ലഭ്യമാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തമേഖലയിലേക്കുള്ള എല്ലാ സഹായവും എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചൂരൽമലയിൽ താത്കാലിക ക്ലിനിക്കുകളും ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെയും അവിടേക്ക് എത്തിച്ചിട്ടുണ്ട്. അവധിയിലുള്ള ആരോഗ്യ പ്രവർത്തകരോട് തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എല്ലാവരും തങ്ങളുടെ സുരക്ഷിതത്വം നോക്കി ഇത്തരം അപകട സാധ്യത ഉള്ള മേഖലകളിൽ നിന്നും മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണെമന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
നിലവിൽ123 പേർ ചികിത്സയിലുണ്ട്. 9 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. ചാലിയാർ പുഴയിൽ നിരവധി മൃതദേഹങ്ങളണ് ഒഴുകി വരുന്നത്. ചൂരല്‍മലയില്‍ തുടക്കം മുതല്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. ചൂരല്‍മലയില്‍ നിന്ന് 100ലധികം ആളുകളെ ഇതുവരെ രക്ഷപ്പെടുത്തി.
രാത്രി ആളുകള്‍ ഉറങ്ങിക്കിടക്കെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടിയത്. ഉരുൾപൊട്ടലിനെ തുടർന്ന് ആളുകൾക്ക് മീതെ മണ്ണും, വെള്ളവും വന്നു വീഴുകയായിരുന്നു. പുലർച്ചെ രണ്ടിനാണ് ആദ്യ ഉരുൾ പൊട്ടൽ ഉണ്ടായത്. ശേഷം 4:10 ന് വീണ്ടും ഉരുൾ പൊട്ടൽ ഉണ്ടാവുകയായിരുന്നു.
Content Highlight: mundakkai-chooralmala landslide;press meet