കൊച്ചി: മുണ്ടക്കൈ-ചൂരല്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇത് വരെ 93 പേർ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനം സാധ്യമായ രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സേന വിഭാഗങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ ജില്ലകളിൽ നിന്നുള്ള എൻ.ഡി.ആർ.എഫിനെ ജില്ലകളിലേക്ക് വ്യപിച്ചിട്ടുണ്ട്. പൊലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തിരുവനന്തപുരത്ത് പ്രത്യേക കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. പൊലീസിന്റെ ഡ്രോൺ സംഘങ്ങൾ വയനാട്ടിലേക്ക് എത്തിച്ചിട്ടുണ്ടെന്നും പരിശീലനം ലഭിച്ച നായ്ക്കളെ ലഭ്യമാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തമേഖലയിലേക്കുള്ള എല്ലാ സഹായവും എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചൂരൽമലയിൽ താത്കാലിക ക്ലിനിക്കുകളും ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെയും അവിടേക്ക് എത്തിച്ചിട്ടുണ്ട്. അവധിയിലുള്ള ആരോഗ്യ പ്രവർത്തകരോട് തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.