| Saturday, 3rd August 2024, 11:46 am

മുണ്ടക്കൈ ദുരന്തം; 2.50 കോടിയിലധികം പുനരധിവാസ ഫണ്ട് ശേഖരിച്ച് മുസ്‌ലിം ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുണ്ടക്കൈ ദുരന്തത്തിലകപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനായി 2.50 ൽ അധികം കോടി രൂപ സമാഹരിച്ച് മുസ്‌ലിം ലീഗ്. ധനസമാഹരണത്തിനായി പുതിയ ആപ്പ് പുറത്തിറക്കി ഒരു ദിവസം പിന്നിടുന്നതിന് മുമ്പാണ് 2.50 കോടി രൂപ സമാഹരിച്ചിരിക്കുന്നത്. വയനാടിന്റെ കണ്ണീരൊപ്പാൻ എന്നപേരിലാണ് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ധനസമാഹരണം നടത്തുന്നത്.

ആദ്യ ഫണ്ടായി 50 ലക്ഷം രൂപയാണ് ലഭിച്ചത്. തിരുനാവായ എടക്കളം സ്വദേശിയായ ബാബുവാണ് 50 ലക്ഷം രൂപ നൽകിയത്. പാണക്കാട്ട് നടന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖ് അലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ചേർന്നാണ് ആപ്പിന്റെ ലോഞ്ചിങ് നിർവഹിച്ചത്.

‘വയനാട്ടിലെ ഉരുൾപൊട്ടൽ മനസ് വേദനിപ്പിക്കുന്നതാണ്. വയനാട്ടിലും വിവിധയിടങ്ങളിലായി ലീഗിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതാണ്. പുനരധിവാസത്തിനായി ലീഗ് അശ്രാന്ത പരിശ്രമം നടത്തും. ഭവനനിർമാണം, വിദ്യാഭ്യാസം, പരിക്കേറ്റവർക്ക് ചികത്സ, തൊഴിൽ അവസരങ്ങൾ നൽകുക എന്നിവയാണ് ലീഗിന്റെ കീഴിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ അതിനായി വലിയൊരു തുക തന്നെ ആവശ്യമായി വരും. അതുകൊണ്ട് നിങ്ങളെല്ലാവരും ഈ പദ്ധതിക്കൊപ്പം നിലകൊള്ളണം,’ സാദിഖ് അലി തങ്ങൾ പറഞ്ഞു.

ഓഗസ്റ്റ് രണ്ട് മുതൽ 15 വരെയാണ് ഫണ്ട് സമാഹാരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഉരുൾ പൊട്ടൽ ഉണ്ടായ ആദ്യ ദിനം തന്നെ യൂത്ത് ലീഗും മുസ്‌ലിം ലീഗും, വൈറ്റ് ഗാർഡും വയനാട്ടിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

Content Highlight: Mundakai tragedy ; muslim league rehabilitation  collection fund crossed 2.50 crores

We use cookies to give you the best possible experience. Learn more