|

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; ഹാരിസൺ മലയാളത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം തടസപ്പെടുത്താനുള്ള ഹാരിസൺ മലയാളം ലിമിറ്റഡിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം ജില്ലാ കമ്മിറ്റി. ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗൺഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അപ്പീൽ നൽകിയ ഹാരിസൺ മലയാളത്തിന്റെ നിലപാട്‌ ദുരന്തബാധിതരോടുള്ള ക്രൂരതയാണെന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി പറഞ്ഞു.

ഭൂമി സർക്കാരിന് കൈമാറാൻ നിർദേശിച്ചുളള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹാരിസൺ മലയാളം കോടതിയിൽ ആവശ്യപ്പെടുന്നത്. തങ്ങളുടെ കൈവശമുളള ഭൂമി ദീർഘകാലത്തേക്ക് കൈമാറണമെന്ന ഉത്തരവ് നിയമവിരുദ്ധമെന്നാണ് പ്രധാന വാദം. മാത്രവുമല്ല കോടതി നിർദേശിച്ച നഷ്ടപരിഹാരം നൽകാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും ഹ‍രജിയിലുണ്ട്. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു നേരത്തെയുള്ള കോടതി വിധി. അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും.

ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാനായി ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ ഹരജി തള്ളികൊണ്ടാണ് സുപ്രധാന വിധി ഹൈക്കോടതി പുറത്തിറക്കിയത്. എസ്റ്റേറ്റ് ഭൂമികൾക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ലാൻഡ് അക്വിസിഷൻ നിയമപ്രകാരമായിരിക്കും ഭൂമി ഏറ്റെടുക്കുകയെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഹാരിസൺ മലയാളത്തിന്റെ ഹരജി.

‘ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗൺഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അപ്പീൽ നൽകിയ ഹരിസൺ മലയാളത്തിന്റെ നിലപാട്‌ ദുരന്തബാധിതരോടുള്ള ക്രൂരതയാണ്‌. ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട് നിരാലംബരായ മനുഷ്യരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ തയ്യാറാക്കിയ മാതൃക ടൗൺഷിപ്പിനുള്ള അംഗീകാരമായിരുന്നു എസ്റ്റേറ്റ് മാനേജ്മെന്റ് നേരത്തെ നൽകിയ ഹരജി തള്ളിക്കൊണ്ടുള്ള ഹൈക്കോടതി സംഗിൾബഞ്ച്‌ വിധി.

ഇതിനെതിരെ അപ്പീൽ നൽകിയത്‌ മനുഷ്യത്വമില്ലായ്‌മയാണ്‌. ദുരന്തബാധിതരെ കേരളം ഒരുമിച്ച്‌ ചേർത്തുപിടിക്കുമ്പോൾ അതിൽനിന്നും വ്യത്യസ്‌തമായ നിലപാട്‌ സ്വീകരിക്കുന്ന ഹാരിസൺ കേരളത്തിന്റെ പൊതുസമൂഹത്തെയാണ്‌ വെല്ലുവിളിക്കുന്നത്‌. ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികളുൾപ്പെടെയാണ്‌ ദുരന്തത്തിന്റെ ഇരകളായത്‌. നിരവധി ലയങ്ങൾ തകർന്നു. ഇവരുടെകൂടി പുനരധിവാസത്തിനുള്ള ടൗൺഷിപ്പിനായാണ്‌ സർക്കാർ ഭൂമി ഏറ്റെടുക്കുന്നത്‌. നഷ്ടപരിഹാരം നൽകും.

ഇക്കാര്യം ഹൈക്കോടതിയും അംഗീകരിച്ചതാണ്‌. എന്നിട്ടും ദുരന്തബാധിതരെ ദ്രോഹിച്ച്‌ സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുരങ്കം വെയ്ക്കുകയാണ്. ഒരു ജനതയെ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളിൽ ശത്രുതാപരമായ നിലപാട്‌ സ്വീകരിക്കുന്ന ഹാരിസണിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരും. മനുഷ്യത്വ വിരുദ്ധ നിലപാട് നോക്കിയിരിക്കില്ല, ജനകീയമായി പ്രതിരോധിക്കും,’ സി.പി.ഐ.എം ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.

Content Highlight: Mundakai-Churalmala Rehabilitation; CPI popularly defends the action of Harrison Malayalam.

Video Stories