കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ധനസഹായം അനുവദിക്കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍. കേരളത്തിന് പ്രത്യേക ധനസഹായം അനുവദിച്ചിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കോടതിയില്‍ പറഞ്ഞു.
തീവ്രസ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം ഇറക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യത്തെ കേന്ദ്രം പരിഗണിച്ചില്ലെന്നും സംസ്ഥാനം കോടതിയില്‍ പറഞ്ഞു.
വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ധനസഹായം തേടുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
നേരത്തെ മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് കേരള ഹൈക്കോടതി ചോദ്യമുയര്‍ത്തിയിരുന്നു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട ധനസഹായം എപ്പോള്‍ നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാരിനോട് കോടതി ചോദിച്ചത്.
മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സ്വമേധയാ സ്വീകരിച്ച കേസും പൊതുതാത്പര്യ ഹരജികളും പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനോട് ചോദ്യമുന്നയിച്ചത്.
ദേശീയ ദുരന്തനിവാരണ നിധി (എന്‍.ഡി.ആര്‍.എഫ്)യില്‍ നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എപ്പോള്‍ ഫണ്ട് നല്‍കാനാകുമെന്നാണ് കോടതി ചോദിച്ചത്. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഒക്ടോബര്‍ 15 നുള്ളില്‍ വിവരങ്ങള്‍ ലഭിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരുന്നത്.
വയനാട്ടിലെ ഉരുള്‍പൊട്ടലിന് ശേഷം ദുരന്തങ്ങളുണ്ടായ സിക്കിം, ത്രിപുര, ആന്ധ്രാപ്രദേശ്, അസം, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉടനടി സാമ്പത്തിക സഹായം നല്‍കിയിരുന്നു. 3,448 കോടി രൂപയാണ് ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കുമായി കേന്ദ്രം അനുവദിച്ചത്.
സംസ്ഥാനങ്ങളിലെ മഴക്കെടുതികള്‍ അവലോകനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സഹായം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ കേന്ദ്രത്തില്‍ നിന്നുള്ള രണ്ട് സംഘങ്ങള്‍ നേരിട്ട് സന്ദര്‍ശനം നടത്തിയിട്ടും വയനാടിന് ധനസഹായം പ്രഖ്യാപിച്ചിട്ടില്ല.
Content Highlight: Mundakai-Churalmala Landslide; State again in High Court against Centre