| Tuesday, 30th July 2024, 11:20 am

പൂര്‍ണമായും ഒറ്റപ്പെട്ട് മുണ്ടക്കൈ; പ്രദേശത്ത് ബാക്കിയുണ്ടാവുക 10 വീടുകള്‍ മാത്രമെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും ഒറ്റപ്പെട്ട് മുണ്ടക്കൈയും അട്ടമലയും. മുണ്ടക്കൈയില്‍ ബാക്കിയുണ്ടാവുക 10 വീടുകള്‍ മാത്രമായിരിക്കുമെന്ന് പ്രദേശത്തെ ട്രീവാലി റിസോര്‍ട്ട് ജീവക്കാരന്‍ പറഞ്ഞു. പ്രദേശത്തുണ്ടായിരുന്ന മസ്ജിദ് നിലംപതിച്ചെന്നും ഉസ്താദിനെ ഉള്‍പ്പെടെ നിരവധി ആളുകളെ കാണാനില്ലെന്നും യൂനുസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവില്‍ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നേരിടുകയാണ്. പ്രദേശത്തേക്കുള്ള ഏക പാലം തകര്‍ന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നത്. മുണ്ടക്കൈയില്‍ കുന്നിന്റെ മുകളിലും റിസോര്‍ട്ടിലുമായാണ് ആളുകള്‍ അഭയം തേടിയിരിക്കുന്നത്. ഇതില്‍ 250 ആളുകളുണ്ടെന്നാണ് ജീവനക്കാരന്‍ പറയുന്നത്.

കുന്നിന്റെ മുകളിലായി 150 പേരും റിസോര്‍ട്ടില്‍ 100 ആളുകളുമാണ് ഉള്ളത്. കുത്തിയൊഴുകിയ വെള്ളത്തില്‍ നിന്ന് രക്ഷിച്ച മൂന്ന് പേര്‍ കുന്നിന്റെ മുകളിലാണെന്നും ഇവരുടെ നില ഗുരുതരമാണെന്നുമാണ് പറയുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് സ്ഥലത്തെത്താന്‍ കഴിയാത്തത്ത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുമെന്നാണ് നിഗമനം. താത്കാലിക പാലം നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ മുണ്ടക്കൈയിലെ കുന്നിലും റിസോര്‍ട്ടിലുമുള്ള ആളുകള്‍ സുരക്ഷിതരാണ്.

ചൂരല്‍മല സ്‌കൂളിനോട് ചേര്‍ന്ന് ഒഴുകുന്ന പുഴ കനത്തമഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായതോടെ ഗതിമാറിയൊഴുകിയതാണ് പ്രദേശത്തെ ദുരന്തത്തിലേക്ക് നയിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മൂന്ന് തവണ ഉരുള്‍പൊട്ടിയെന്ന് നാട്ടുകാര്‍ പറയുന്നു.

ചൂരല്‍മല വഴിയാണ് മുണ്ടക്കൈയിലേക്ക് പോകുന്നത്. മുണ്ടക്കൈയില്‍ എന്താണ് സംഭവിച്ചതെന്നുള്ള കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. മാധ്യമങ്ങളുമായി സംസാരിച്ചവര്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് മുണ്ടക്കൈയില്‍ നിന്ന് ലഭിക്കുന്നത്.

ബത്തേരി സെന്റ് മേരീസ്, എസ്.കെ.എം.ജെ സ്‌കൂള്‍ കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. ഇരു ക്യാമ്പുകളിലേക്കും മെഡിക്കല്‍ ടീം, ആംബുലന്‍സ്, ഭക്ഷണം, വസ്ത്രം എന്നിവ എത്തിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ടീമിനെയും കണ്ണൂരില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരെയും ദുരന്ത സ്ഥലത്ത് എത്തിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

Content Highlight: Mundakai and Attamala were completely isolated in the landslide in Wayanad

Latest Stories

We use cookies to give you the best possible experience. Learn more