| Sunday, 29th March 2020, 5:46 pm

'പായിപ്പാട്ടെ തൊഴിലാളികളുടെ അവസ്ഥ അതീവ ഗുരുതരം ആവും'; ദിവസങ്ങള്‍ക്ക് മുമ്പെ മുന്നറിയിപ്പ് നല്‍കി നഗരസഭ കൗണ്‍സിലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചങ്ങനാശ്ശേരി: പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ നാടുകളിലേക്ക് പോവാന്‍ സൗകര്യമൊരുക്കണം എന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ചത് ഇന്ന് വാര്‍ത്തയായി. ദിവസങ്ങള്‍ക്ക് മുമ്പെ പ്രദേശത്തെ അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവുമെന്ന് കാണിച്ച് കോട്ടയം ജില്ലാ കളക്ടര്‍ക്ക് തിരുവല്ല നഗരസഭ കൗണ്‍സിലര്‍ നിസ്സാമുദ്ദീന്‍ എം.കെ തുറന്ന കത്തെഴുതിയിരുന്നു. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കത്ത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.

കര്‍ഫ്യൂ ദിനത്തില്‍ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ എത്തുന്ന സ്ഥിതിയാണ്. അതിന് കാരണം തൊഴിലാളികളല്ല, സ്ഥലത്തെ കെട്ടിട ഉടമകളാണ്. അവര്‍ തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യമൊരുക്കില്ല. അതിന് പകരം ജില്ലാ ഭരണകൂടം തൊഴിലാളികള്‍ക്ക് വേണ്ട ഭക്ഷണവും അവശ്യസാധനങ്ങളും ക്യാമ്പുകളിലെത്തിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒന്നുകില്‍ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകുന്നത് വരെ അവരെ അവരുടെ നാട്ടിലേക്ക് സുരക്ഷിതമായി പറഞ്ഞ് അയക്കണം. അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അവരുടെ ക്യാമ്പുകളില്‍ തങ്ങാന്‍ ഉള്ള അവസ്ഥ ഉണ്ടാക്കണം.ഈ രണ്ടില്‍ ഒന്ന് നടന്നിട്ടില്ല എങ്കില്‍ വരാന്‍ പോകുന്ന അവസ്ഥ അതീവ ഗുരുതരം ആയിരിക്കും എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

കത്തിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട കോട്ടയം ജില്ലാ കളക്ടർക്ക് വിനയപൂർവ്വം ഒരു പായിപ്പാട് നിവാസിയുടെ തുറന്ന കത്ത്
രാജ്യം അതീവ ഗൗരവത്തോടും ജാഗ്രതയോടു കൂടിയും കോവിഡ് 19 എന്ന വൈറസിനെ നേരിട്ടു കൊണ്ടിരിക്കുമ്പോൾ അങ്ങ് ജില്ലയിൽ നടപ്പാക്കുന്ന എല്ലാ നല്ല പ്രവർത്തനങ്ങളെയും നന്ദിയോടെ ഓർക്കുന്നു. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന മുൻകരുതലും ജാഗ്രതയും അതിന്റെ യഥാർത്ഥ ഫലത്തിൽ പായിപ്പാട് നടപ്പാകുന്നുണ്ടോ എന്ന് അങ്ങ് ഒന്ന് പരിശോധിക്കണമെന്നത് ഒരു അഭ്യർത്ഥനയാണ്.കേരളം മുഴുവൻ ജനങ്ങൾ ആവശ്യത്തിനു മാത്രം പുറത്തിറങ്ങുമ്പോൾ ഇവിടെ ആൾക്കൂട്ടങ്ങൾ ഒഴിഞ്ഞ സമയങ്ങളില്ല. രാവിലെയും വൈകുന്നേരങ്ങളിലും നൂറ് കണക്കിന് തൊഴിലാബികളാണ് കവലയിൽ ഒത്തു കൂടുന്നത്.

സർ അതിഥി സംസ്ഥാന തൊഴിലാളികൾ എന്ന് സർക്കാർ ഇവരെ അഭിസംബോധന ചെയ്യുന്നതിന് മുൻപു തന്നെ അവരെ അങ്ങനെ കരുതിയവരാണ് ഞങ്ങൾ പായിപ്പാട്ടുകാർ.ഈ നാട്ടിൽ അവർക്ക് ലഭിച്ച ആതിഥേയത്വവും സുരക്ഷിതത്വവും തന്നെ ആണ് വലിയ വ്യവസായവും വികസനം ഒന്നും കടന്നു വരാത്ത ഈ ചെറിയ നാട്ടിലേക്ക്‌ അവർ ധാരാളമായി കടന്നു വരാനുണ്ടായ കാരണം.പായിപ്പാട് മുസ്ലിം പള്ളിയിൽ ഒക്കെ കടന്നു വന്നവർക്ക് അത് നന്നായി മനസിലാവും. അവരെ ഞങ്ങൾ സഹോദരങ്ങളെ പോലെ തന്നെയാണ് നാളിതുവരെയും കരുതിയത്. ഇനിയും അങ്ങനെ തന്നെ ആവും.

എന്നാൽ ഇപ്പോൾ പ്രശ്നം അതല്ല. കർഫ്യു ദിനത്തിൽ പോലും വൈകുന്നേരങ്ങയിൽ ഇവർ കൂട്ടമായി കവലയിലേക്ക് കടന്നു വന്ന സാഹചര്യമാണുണ്ടായത്. അതാത് ദിവസം സാധനം വാങ്ങി ഭക്ഷണം പാകം ചെയത് കഴിക്കുന്നവരാണ് ഇവർ.ഇവർ താമസിക്കുന്ന തൊഴിൽ ഇടങ്ങൾ അങ്ങ് ഒന്ന് പരിശോധിക്കണം. വളരെ മോശപ്പെട്ട അവസ്ഥയാണ് പല സ്ഥലത്തും. അതിന് കാരണക്കാർ ഈ തൊഴിലാളികളല്ല. സ്ഥല കെട്ടിട ഉടമകളാണ്. ലൈസൻസില്ലാത്ത പഞ്ചായത്ത് നമ്പർ ഇല്ലാത്ത കെട്ടിടങ്ങൾ അനവധി ഉണ്ട് ഈ നാട്ടിൽ. ഇപ്പോൾ ഇവരെ അവരുടെ നാട്ടിലേക്ക് പറഞ്ഞു വിടാൻ പറ്റാത്ത അവസ്ഥയാണ് എന്നറിയാം.എന്നാൽ നമ്മൾ വീടുകളിൽ കഴിയുകയും ഇവർ പുറത്തിറങ്ങി നടക്കുകയും ചെയ്യുനിടത്ത് എന്ത് ജാഗ്രതയും കരുതലും നടപ്പാവും. ഇവർ ക്യാമ്പുകളിൽ നിന്ന് പുറത്ത് ഇറങ്ങാതെ ഇരിക്കണമെങ്കിൽ അവർക്ക് വേണ്ട ഭക്ഷണ സാധനങ്ങളും അവശ്യ സാധനങ്ങളും ക്യാമ്പുകളിൽ എത്തിക്കണം. തലകൾ എണ്ണി ആയിരങ്ങൾ വാങ്ങുന്ന മുതലാളിമാർ ഇത് ചെയ്യും എന്ന് കരുതാൻ ഇവരെ നന്നായി അറിയുന്ന ഞങ്ങൾക്ക് കഴിയില്ല.

അതിഥി സംസ്ഥാന തൊഴിലാകൾക്കും ജീവിക്കാൻ ഭക്ഷണം വേണം. ഒന്നുകിൽ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകുന്നത് വരെ അവരെ അവരുടെ നാട്ടിലേക്ക് സുരക്ഷിതമായി പറഞ്ഞ് അയക്കണം. അല്ലെങ്കിൽ കേരള സർക്കാർ നടപ്പാക്കുന്ന ജാഗ്രത നിർദ്ദേശങ്ങൾ പാലിച്ച് അവരുടെ ക്യാമ്പുകളിൽ തങ്ങാൻ ഉള്ള അവസ്ഥ ഉണ്ടാക്കണം.ഈ രണ്ടിൽ ഒന്ന് നടന്നിട്ടില്ല എങ്കിൽ വരാൻ പോകുന്ന അവസ്ഥ അതീവ ഗുരുതരം ആയിരിക്കും…..

വിശ്വസ്ഥതയോടെ
നിസാം പായിപ്പാട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more