'പൊതുസുരക്ഷക്ക്' ഭീഷണിയെന്ന് ചൂണ്ടിക്കാട്ടല്‍; ബി.ജെ.പി പരാതിയില്‍ മുനവര്‍ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്റ്റില്‍ നിന്ന് ഒഴിവാക്കി
national news
'പൊതുസുരക്ഷക്ക്' ഭീഷണിയെന്ന് ചൂണ്ടിക്കാട്ടല്‍; ബി.ജെ.പി പരാതിയില്‍ മുനവര്‍ ഫാറൂഖിയെ ഗുഡ്ഗാവ് കോമഡി ഫെസ്റ്റില്‍ നിന്ന് ഒഴിവാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th December 2021, 9:45 am

ന്യൂദല്‍ഹി: ബി.ജെ.പി നല്‍കിയ പരാതിയെ തുടര്‍ന്ന് ഗുഡ്ഗാവ് കോമഡി ഫെസ്റ്റില്‍ നിന്ന് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ ഒഴിവാക്കി. ‘പൊതുസുരക്ഷ’ പരിഗണിച്ചാണ് നടപടിയെന്ന് സംഘാടകര്‍ അറിയിച്ചു.

ഡിസംബര്‍ 19ന് ഗുരുഗ്രാമിലെ സോഹ്ന റോഡിലുള്ള ആര്യ മാളിലാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഫാറൂഖിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിച്ചതായി സംഘാടകര്‍ വ്യക്തമാക്കി.

പ്രൊമോഷണല്‍ പോസ്റ്ററുകളില്‍ നിന്ന് ഫാറൂഖിയുടെ പേര് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. മുനവര്‍ ഫാറൂഖിയുടെ ഷോ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഗുരുഗ്രാം പൊലീസിലാണ് പരാതി നല്‍കിയിരുന്നത്.

ഫാറൂഖി പങ്കെടുക്കുന്നതിനെതിരെ ബി.ജെ.പി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തിങ്കളാഴ്ചയാണ് പരാതി ലഭിച്ചതെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ അമന്‍ യാദവ് പറഞ്ഞു.

അതേസമയം, മുനവര്‍ ഫാറൂഖിയുടെ പരിപാടികള്‍ തുടര്‍ച്ചയായി റദ്ദാക്കപ്പെട്ട വിഷയത്തില്‍ ശശി തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു ശശി തരൂര്‍ പ്രതികരിച്ചത്.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പല രീതിയിലും തടയുന്നുണ്ട്. സ്റ്റാന്‍ഡ് അപ് കൊമേഡിയന്റെ വേദി തടയുന്നത് അല്‍പത്തരവും ലജ്ജാകരവുമാണെന്നും തരൂര്‍ പറഞ്ഞു.

2021 ജനുവരി മുതലായിരുന്നു മുനവര്‍ ഫാറൂഖിയ്ക്ക് നേരെ സംഘപരിവാറില്‍ നിന്നും പ്രത്യക്ഷമായ ആക്രമണങ്ങള്‍ വന്നുതുടങ്ങിയത്. ഹിന്ദു ദൈവങ്ങളേയും ബി.ജെ.പി നേതാവ് അമിത് ഷായേയും അപമാനിച്ച് സംസാരിച്ചു എന്ന പരാതിയിന്മേല്‍ ഫാറൂഖിയെ അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ഇദ്ദേഹം തുടര്‍ച്ചയായി ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളെ തന്റെ കോമഡി ഷോകളിലൂടെ ചോദ്യം ചെയ്തത് കാരണം സംഘപരിപരിവാറില്‍ നിന്നും ആക്രമണങ്ങളുണ്ടാകുകയും തന്റെ പരിപാടികള്‍ റദ്ദാക്കപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് കരിയര്‍ അവസാനിപ്പിക്കുന്നതായി ഫാറൂഖി പ്രഖ്യാപിച്ചത്.

രണ്ട് മാസത്തിനിടെ ഫാറൂഖിയുടെ 12 ഷോകളാണ് ഇത്തരത്തില്‍ റദ്ദാക്കപ്പെട്ടത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വഴിയായിരുന്നു ഫാറൂഖി കലാജീവിതം അവസാനിപ്പിച്ച കാര്യം അറിയിച്ചത്. എന്നാല്‍ ഫാറൂഖിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Munawar Faruqui dropped from Gurgaon comedy festival