| Friday, 8th January 2016, 11:40 am

പര്‍ദ്ദക്ക് പിന്നില്‍ മതമല്ല, അറബിവത്കരണം മാത്രം; സ്ത്രീ ലീഡറാണ്, സിനിമ ഹറാമല്ല, ഓണസദ്യ ഉണ്ണാം: മുനവറലി ശിഹാബ് തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

 കോഴിക്കോട്:  പര്‍ദ്ദ വ്യാപകമാകുന്നതിന്റെ പിന്നില്‍ മുസ്‌ലിം സമൂഹം യാഥാസ്ഥികമാകുന്നതിനേക്കാള്‍ ഗള്‍ഫ് സ്വാധീനം കാരണം അറബിവത്കരണത്തിനു വിധേയമാകുന്നതാണെന്ന് മുസ്‌ലിം ലീഗ് നേതാവും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനുമായ മുനവറലി ശിഹാബ് തങ്ങള്‍. അറബ് പ്രതീകമാണ് പര്‍ദ്ദ. വസ്ത്രധാരണരീതിയില്‍ മാത്രമല്ല, ഭക്ഷണത്തിലും ഇത് പ്രകടനമാണ്. “കുഴിമന്തി”യെ ചൂണ്ടിക്കാട്ടി അദ്ദേഹം വിശദീകരിക്കുന്നു.

തന്റെ പിതാവായ മുഹമ്മദലി ശിഹാബ് തങ്ങളും വല്ല്യുപ്പ പൂക്കോയ തങ്ങളും സ്ത്രീ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും വലിയ പ്രാധാന്യം കൊടുത്തിരുന്നു എന്ന് മുനവറലി അവകാശപ്പെടുന്നു. മതസ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയയുടെ കീഴിലുള്ള എം.ഇ.എ എഞ്ചിനിയറിങ് കോളജില്‍ ആണ്‍കുട്ടികള്‍ക്കുമാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്ന് സമസ്ത കേരള ജമീഅത്തുല്‍ ഉലമയിലെ ചിലര്‍ പറഞ്ഞപ്പോള്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അതിനെ എതിര്‍ത്തു. സമുദായത്തിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ അവസരം നല്‍കണമെന്ന് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞതായി മുനവറലി ചൂണ്ടിക്കാട്ടുന്നു.

സമൂഹത്തിലെ ലീഡര്‍ എന്നു പറയുന്നത് സ്ത്രീയാണ്. സ്ത്രീകളുടെ ഇടയില്‍ നിന്നും നല്ല ലീഡര്‍മാര്‍ ഉണ്ടാവണം. സമൂഹത്തിന്റെ ശാക്തീകരണം ഇനിയുള്ളകാലം സ്ത്രീകളിലാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഓണത്തിന് അയല്‍ക്കാരുടെ വീട്ടില്‍ പോയി സദ്യഉണ്ണാന്‍ പാടില്ല, ക്രിസ്തുമസിന് കേക്ക് തിന്നാന്‍ പാടില്ല ഇതെല്ലാം ബഹുദൈവ ആരാധനയാണെന്ന് നവസെലഫികള്‍ പ്രചരിപ്പിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് മുനവറലി ഇങ്ങനെ വിശദീകരിക്കുന്നു- ” ഒരു ബഹുസ്വര സമൂഹത്തിലാണ് നമ്മള്‍ ഉള്ളത്. അപ്പോള്‍ സ്വാഭാവികമായും അയല്‍ക്കാരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടിവരും. കഴിഞ്ഞയാഴ്ച അമ്പലത്തില്‍ പോയി ഞാന്‍ ഭക്ഷണം കഴിച്ചിരുന്നു. വേങ്ങര തളീ ക്ഷേത്രത്തില്‍.”

സിനിമ വലിയൊരു കലയാണ്. ഇനി പഴയപോലെ സിനിമ ഹറാമാണെന്ന് പറഞ്ഞ് ഒഴിവാക്കാന്‍ കഴിയില്ല. “പി.കെ”യും “മൈ നെയിമീസ് ഖാനും” ഒക്കെ ഈ സമൂഹത്തില്‍ ചെലുത്തുന്ന ഒരു സ്വാധീനമുണ്ട്. ഏതു മുസലിയാരോട് ചോദിച്ചാലും മമ്മൂട്ടിയെക്കുറിച്ച് അറിയാതിരിക്കില്ലല്ലോ. തനിക്ക് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വലിയ ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു.

മുസ്‌ലിം യൂത്ത് ലീഗും എം.എസ്.എഫുമൊക്കെ ക്രിയാത്മകമായി കുറേക്കൂടി മുന്നോട്ടുപോകേണ്ടതുണ്ട്. ഇപ്പോഴത്തെ ഒരു സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്ന സംഘടനയായി എം.എസ്.എഫ് മാറണമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മതപ്രഭാഷണത്തിന്റെ പെരുക്കത്തെക്കുറിച്ച് എന്താണ് തോന്നുന്നതെന്ന ചോദ്യത്തിന് തങ്ങള്‍ ഇങ്ങനെ മറുപടി പറയുന്നു- ” ഫണ്ട് റേസിങ് എന്ന ഉദ്ദേശത്തിലേക്ക് പല പ്രഭാഷണങ്ങളും മാറിയിട്ടുണ്ട്. മതത്തിന്റെ നന്മ പ്രചരിപ്പിക്കുന്നതാവണം, അതില്‍ നിലനില്‍ക്കുന്നതാവണം പ്രഭാഷണങ്ങള്‍, ധനസമാഹരണത്തിനായുള്ള പ്രഭാഷണങ്ങളില്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു.

“ഒരു യുവപ്രഭാഷകന്റെ ചില പ്രസംഗങ്ങള്‍ ഈയിടെ ഞാന്‍ കേള്‍ക്കുകയുണ്ടായി. സ്ത്രീവിരുദ്ധമായ പല കാര്യങ്ങളും. ജിന്നുമായി സംസാരിച്ചുവെന്നോ മറ്റോ ഉള്ള രീതിയില്‍ എഴുതപ്പെട്ട ഏതോ പുസ്തക്തെക്കുറിച്ചുള്ള പ്രസംഗം.. നമ്മുടെ പൊതുബോധത്തെയോ മതബോധത്തെയോ മെച്ചപ്പെടുത്തുന്ന ഒന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ല. ” എന്ന വിമര്‍ശനത്തോട് അദ്ദേഹം ഇങ്ങനെ മറുപടി പറയുന്നു- ” മനുഷ്യരെ ആത്മീയമായി നന്നാക്കുകയെന്നതായിരിക്കണം ദീനി പ്രഭാഷണങ്ങളുടെ ഫലമായി വരേണ്ടത്. പ്രസംഗം കേള്‍ക്കാന്‍ വരുന്നവര്‍ സാധാരണക്കാരാണ്. അവരെ തെറ്റുദ്ധരിപ്പിക്കുന്ന പ്രഭാഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സോഷ്യല്‍ മീഡിയയുടെ കാലമാണിതെന്നും ട്വീറ്റിങ്ങും ഫേസ്ബുക്കുമൊക്കെ നിലനില്‍ക്കുന്നിടത്ത് അത്തരം ആവിഷ്‌കാര സ്വാതന്ത്ര്യം മുസ്‌ലീം ലീഗിലും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പച്ചക്കുതിരയ്ക്കു വേണ്ടി താഹ മടായിക്ക് വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് മുനവറലി ശിഹാബ് തങ്ങള്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

സിനിമ ഹറാമല്ലെന്ന് പറഞ്ഞിട്ടില്ല: മുനവറലി ശിഹാബ് തങ്ങള്‍https://www.doolnews.com/munavarali-shihab-thangal-about-parda-practice-in-muslim-551.html

We use cookies to give you the best possible experience. Learn more