ലഖ്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച തന്റെ രണ്ടു പെണ്‍മക്കളെയും അറസ്റ്റു ചെയ്തതില്‍ പ്രതിഷേധവുമായി ഉറുദു കവി മുനവ്വര്‍ റാണ.
അമിത് ഷാ കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ നടത്തിയ റാലിയില്‍ അഭിസംബോധന ചെയ്തു സംസാരിച്ചത് നിരോധനാജ്ഞ ലംഘിച്ചാണെന്നാണ് മുനവ്വര്‍ പറഞ്ഞത്.
നിരോധനാജ്ഞ നിലനില്‍ക്കെ ക്ലോക്ക് ടവറിന് സമീപം നടക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത മുനവ്വറിന്റെ മക്കളായ സുമയ്യയെയും ഫൗസിയയെയും നിരോധനാജ്ഞ ലംഘിച്ചെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതേ നിരോധനാജ്ഞ നിലനില്‍ക്കേ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്ത് അമിത്ഷാ പ്രസംഗിച്ചത്.
‘എന്റെ മക്കളായ സുമയ്യ, ഫൗസിയ എന്നിവരെ നിരോധനാജ്ഞ ലംഘിച്ചതിനാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അമിത് ഷാ എന്താണ് ചെയ്തത്. ലഖ്‌നൗവില്‍ ചൊവ്വാഴ്ച ആയിക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നാലില്‍ കൂടുതല്‍ ആളുകള്‍ ആ റാലിയില്‍ പങ്കെടുത്തിരുന്നു എന്ന കാര്യം ഉറപ്പാണ്. എങ്ങനെയാണ് ഒരേ നിയമം വ്യത്യസ്ത ആളുകള്‍ക്ക് വേണ്ടി രണ്ടു തരത്തില്‍ നടപ്പാക്കാനാകുക,’ മുനവ്വര്‍ റാണ ചോദിച്ചു.
എന്നാല്‍ ആഭ്യന്തരമന്ത്രി പങ്കെടുത്ത പരിപാടിയില്‍ മുന്‍കൂര്‍ അനുവാദം വാങ്ങിയിരുന്നതായി ബി.ജെ.പി വക്താവ് ചന്ദ്ര മോഹന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ഉത്തര്‍ പ്രദേശ് അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു മുനവ്വറിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് 144 അമിത് ഷായ്ക്ക് ബാധകമല്ലാത്തത്. സാധാരണ ജനങ്ങള്‍ നിയങ്ങള്‍ തെറ്റിച്ചെന്ന പേരില്‍ അറസ്റ്റു ചെയ്യുമ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പിക്ക് ഭരണകൂടം സന്തോഷത്തോടെ നിയമം തെറ്റിക്കാന്‍ അനുവാദം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ നടപടി രാജാവ് നഗരത്തിലെത്തുമ്പോള്‍ ഫക്കീറിന്റെ മക്കളെ മാറ്റി പാര്‍പ്പിക്കുന്നതുപോലെയാണെന്നും മുനവ്വര്‍ കുറ്റപ്പെടുത്തി. തന്റെ മക്കളോട് പേടിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും തടവിന് ശിക്ഷിക്കുകയോ മരണമോ ആയിരിക്കും ഏറിവന്നാല്‍ ലഭിക്കുകയെന്നും മുനവ്വര്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആരംഭിക്കുന്നത്. സമരക്കാര്‍ക്ക് പിന്തുണയുമായി നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു.